KSRTC ബസുകളിൽ PhonePe വൈകും

KSRTC ബസുകളിൽ PhonePe വൈകും
HIGHLIGHTS

ഫോൺപേ ആപ് വഴി ബസിനുള്ളിൽ പണം കൈമാറി ടിക്കറ്റെടുക്കാനുള്ള സംവിധാനമാണ് ഒരുക്കിയത്

സാങ്കേതികപ്പിഴവ് പരിഹരിക്കാൻ കഴിയാത്തതിനെ തുടർന്ന് ഉദ്ഘാടനം മാറ്റിവച്ചു

സ്റ്റാർട്ടപ്പ്‌ സംരംഭത്തിന്റെ ഭാഗമായാണ് ഓൺലൈൻ സംവിധാനം നടപ്പാക്കാൻ തീരുമാനിച്ചത്

കെ.എസ്.ആർ.ടി.സി (KSRTC) ബസിനുള്ളിൽ മൊബൈൽഫോൺ വഴി ടിക്കറ്റെടുക്കാനുള്ള സംവിധാനം ഉടൻ ആരംഭിക്കുകയില്ല. ഫോൺപേ(PhonePe) ആപ് വഴി ബസിനുള്ളിൽ പണം കൈമാറി ടിക്കറ്റെടുക്കാനുള്ള സംവിധാനമാണ് ഒരുക്കിയത് . സാങ്കേതികപ്പിഴവ് പരിഹരിക്കാൻ കഴിയാത്തതിനെത്തുടർന്ന് കഴിഞ്ഞമാസം 28-ന് നിശ്ചയിച്ചിരുന്ന ഉദ്ഘാടനം മാറ്റിവെച്ചിരുന്നു. 

സ്റ്റാർട്ടപ്പ്‌ സംരംഭത്തിന്റെ ഭാഗമായാണ് ഓൺലൈൻ സംവിധാനം ഏർപ്പാടാക്കിയത്. ഓടുന്ന ബസുകളിലെ ഓൺലൈൻ പണമിടപാടിലെ പരിമിതികളും കെ.എസ്.ആർ.ടി.സി(KSRTC) അക്കൗണ്ടിങ് സംവിധാനവുമായുള്ള പൊരുത്തക്കേടുകളുമാണ് പദ്ധതിക്ക് തിരിച്ചടിയായത്. 

ബസിനുള്ളിൽ പതിച്ചിരിക്കുന്ന ക്യൂ ആർ കോഡ് സ്കാൻചെയ്ത് ടിക്കറ്റിന്റെ പണം സ്വീകരിക്കാനായിരുന്നു തീരുമാനം. ഓരോ ബസുകളിലെയും വരുമാനം ഡ്യൂട്ടി കഴിയുമ്പോൾ കണ്ടക്ടർ ഡിപ്പോകളിൽ അടയ്ക്കുന്നതാണ് ഇപ്പോഴത്തെ രീതി. ഓൺലൈനിൽ പണം സ്വീകരിക്കുമ്പോൾ കണ്ടക്ടറുടെ കണക്കിൽ അത് കാണിക്കേണ്ടി വരും. ഇതിനായി ഒരു കേന്ദ്രീകൃത അക്കൗണ്ടിലേക്ക് പണം സ്വീകരിക്കുകയും തുക ലഭിക്കുന്നവിവരം കണ്ടക്ടറെ അറിയിക്കാനും തീരുമാനിച്ചു. 

എന്നാൽ, എങ്ങനെ വിവരം കൈമാറും എന്നുള്ളത് മറ്റൊരു വെല്ലുവിളിയായി. ടിക്കറ്റ് മെഷീനിലേക്ക് സന്ദേശം അയക്കാനും കഴിയില്ല. കണ്ടക്ടറുടെ മൊബൈൽ ഫോണിലേക്ക് എസ്.എം.എസ് അയക്കുകയാണ് മറ്റൊരുവഴി. ഇതിന് ഓരോ ബസുകളിലെയും കണ്ടക്ടർമാരുടെ വിവരങ്ങൾ ഓൺലൈനിൽ ഉൾക്കൊള്ളിക്കേണ്ടിവരും.

ബസ് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് കണ്ടക്ടറെ മാറ്റേണ്ടിവന്നാൽ ഓൺലൈനിൽ നൽകിയ മൊബൈൽ നമ്പറും മാറ്റേണ്ടിവരും. സാങ്കേതികപ്രശ്‌നം കാരണം എസ്.എം.എസ്. വൈകിയാൽ കണ്ടക്ടറും യാത്രക്കാരും തമ്മിൽ തർക്കത്തിന് ഇടയാക്കും. കടകളിലേതുപോലെ പണമിടപാട് വിവരം അറിയിക്കാൻ ബസിൽ ബസിൽ സ്പീക്കർ പിടിപ്പിക്കുന്നതും പ്രായോഗികമല്ല. 3800-ലധികം ബസുകൾ നിരത്തിലുണ്ട്. ഏത് ബസിൽനിന്നുള്ള പണമിടപാടാണെന്നും തിരിച്ചറിയാൻ കഴിയില്ല. ക്യൂ ആർ കോഡിൽ ക്രമക്കേട് കാണിച്ച് പണം തട്ടിയ സംഭവങ്ങളുമുണ്ട്. ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ചാലേ ഫോൺപേ സംവിധാനം സജ്ജമാകുകയുള്ളൂ.

കൈയിൽ നോട്ടുകൾ കൊണ്ടുപോകുന്നവർ ഇപ്പോൾ വളരെ വിരളമാണ്. എന്തെങ്കിലും അത്യാവശ്യത്തിന് കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യേണ്ടിവന്നാൽ കൈയിൽ പണമില്ലെന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. നിരവധി പദ്ധതികൾ കെഎസ്ആർടിസി നടപ്പിലാക്കുന്നുണ്ട്. സിറ്റി റൈഡ്, ​ഗ്രാമവണ്ടി, ബഡ്ജറ്റ് ടൂറിസം, സിറ്റി സർക്കുലർ സർവ്വീസ്, യാത്രാ ഫ്യൂവൽസ്, സ്വിഫ്റ്റ് ​ഗജരാജ് സ്ലീപ്പർ,  സ്ലീപ്പർ ബസുകൾ, ഷോപ്പ് ഓൺ വീൽസ്, ആധുനിക ബസ് ടെർമിനലുകൾ, ബസ് ബ്രാൻഡിം​ഗ്, ബൈപ്പാസ് റൈഡർ, ട്രാവൽ കാർഡ് എന്നിങ്ങനെ നിരവധി നൂതന സംരഭങ്ങൾ കെഎസ്ആർടിസി കൊണ്ടുവരുന്നുണ്ട്.

 

Nisana Nazeer
Digit.in
Logo
Digit.in
Logo