ഫോൺ പൊട്ടിത്തെറിച്ച് 8 വയസുകാരി മരിച്ച ദാരുണ സംഭവത്തിന് ഒരു മാസം ആകുന്നതിന് മുന്നേ സംസ്ഥാനത്ത് വീണ്ടും അപകടം. തൃശൂർ സ്വദേശിയായ 76 വയസുകാരന്റെ പോക്കറ്റിലിരുന്ന മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്. കീശയിലേക്ക് പെട്ടെന്ന് തീ പിടിക്കുകയും ഷർട്ടിന്റെ ഒരു ഭാഗത്തേക്ക് കത്തിപ്പടരുകയുമായിരുന്നു. ഫോൺ പോക്കറ്റിൽ നിന്ന് പെട്ടെന്ന് പുറത്തെടുക്കാൻ സാധിച്ചതിനാൽ വലിയ അപകടം ഒഴിവാക്കാനായി. ഫോൺ നിലത്തിട്ടത് മാത്രമല്ല, ഷർട്ടിൽ ആളിപ്പടർന്ന തീ കെടുത്താനായതും രക്ഷയായി.
ഹോട്ടലിൽ ചായ കുടിയ്ക്കാൻ ഇരിക്കുന്നതിനിടെയാണ് സംഭവം. ഷർട്ടിന് തീ പിടിച്ചപ്പോൾ ചാടി എഴുന്നേൽക്കുകയും കടക്കാരൻ കൂടി ഇടപെടുകയും ചെയ്തതിനാൽ തൃശൂർ സ്വദേശി ഏലിയാസ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് ഫോൺ പൊട്ടിത്തെറിച്ചത്. മൊബൈൽ ചൂടായി പൊട്ടിത്തെറിച്ചിരിക്കാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ പറയുന്നു. 1000 രൂപയിൽ താഴെ വില വരുന്ന ഐ ടെല്ലിന്റെ ഫോണാണ് അപകടമുണ്ടാക്കിയതെന്നും പറയുന്നുണ്ട്. ഇതൊരു ഫീച്ചർ ഫോണാണെന്നും ഏലിയാസ് മാധ്യമങ്ങളെ അറിയിച്ചു. ഫോണിൽ നിന്ന് പോക്കറ്റിലേക്ക് ആളിപ്പടരുന്നതെന്നും, ഏലിയാസ് അപകടത്തോട് പ്രതികരിക്കുന്നതെല്ലാം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഈ വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി.
ഒരു മാസത്തിനിടെ Phone explode ആകുന്ന മൂന്നാമത്തെ സംഭവമാണിത്. മുമ്പ് കോഴിക്കോട് റെയിൽവേ ജീവനക്കാരന്റെ പാന്റിലെ പോക്കറ്റിലിരുന്ന ഫോൺ പൊട്ടിത്തെറിച്ചിരുന്നു. അന്ന് ജീവനക്കാരന്റെ കാലിലും മറ്റ് പരിക്കുണ്ടായി. ശേഷം ഏപ്രിൽ 24ന് തൃശൂരിൽ തന്നെ 8 വയസ്സുകാരി ഫോൺ പൊട്ടിത്തെറിച്ച് ദാരുണമായി മരണപ്പെട്ടിരുന്നു. ഫോണിൽ വീഡിയോ കാണുന്നതിനിടെ ആയിരുന്നു അപകടം സംഭവിച്ചത്. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലും വീഡിയോ പങ്കുവച്ച് കൊണ്ട് മുന്നറിയിപ്പുകളും നിർദേശങ്ങളും നൽകിയിട്ടുണ്ട്.
മിക്കപ്പോഴും ഫോൺ ചാർജിങ്ങിലിരിക്കുമ്പോഴാണ് പൊട്ടിത്തെറി നടക്കുന്നത്. ബാറ്ററി ഉൾപ്പെടെയുള്ള പല ഘടകങ്ങളും ഫോൺ explode ആകുന്നതിലേക്ക് നയിക്കും. അമിതമായി ഫോൺ ചൂടാകുന്നതും പ്രശ്നമാണ്. അതിനാൽ, ചാർജ് ചെയ്യുമ്പോഴോ ഫോൺ അമിതമായി ഉപയോഗിച്ച ശേഷമോ ബാറ്ററി പെട്ടെന്ന് ചൂടാകുന്നതിന് സാധ്യത കൂടുതലാണ്. ഈ സമയങ്ങളിൽ ഫോൺ ഉപയോഗം നിയന്ത്രിക്കുക.
മിക്കപ്പോഴും ഫോൺ explode സംഭവിക്കുന്നതിന് മുമ്പ് ചില മുന്നറിയിപ്പുകൾ നൽകാറുണ്ട്. അതായത്, ചില ശബ്ദങ്ങളും പ്ലാസ്റ്റിക്കോ രാസവസ്തുക്കളും കത്തുന്ന മണവും ഉണ്ടാകാറുണ്ട്. ഇങ്ങനെ മുന്നറിയിപ്പുകൾ ലഭിക്കുമ്പോൾ തന്നെ ഫോൺ പെട്ടെന്ന് ഓഫ് ചെയ്യുകയും സർവ്വീസ് സെന്ററുകളെ സമീപിക്കുകയും വേണം.