ആപ്പിൾ (Apple) ഉത്പന്നങ്ങൾ നിർമിക്കുന്നതിലുള്ള ഇന്ത്യയിലെ സൗകര്യങ്ങൾ കൂടുതൽ വിപുലമാകുന്നു. ആപ്പിളി (Apple) ന്റെ കരാർ കമ്പനികളിലൊന്നായ പെഗാട്രോൺ (Pegatron) ചെന്നൈയിൽ ഫാക്ടറി തുടങ്ങാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. തായ്വാൻ ആസ്ഥാനമായുള്ള പെഗാട്രോൺ (Pegatron) ഇതിനോടകം ചെന്നൈയിൽ ഒരു ഐഫോൺ ഫാക്ടറിയുണ്ട്. ഇതിന് പുറമെ രണ്ടാമത്തെ കമ്പനിയാണ് ഇപ്പോൾ ആരംഭിക്കാൻ പോകുന്നത്.
പുതിയ ഐഫോണുകൾ അസംബിൾ ചെയ്യുന്നതിനുള്ള ഫാക്ടറിയാണ് പെഗാട്രോൺ (Pegatron) ചെന്നൈയിൽ രണ്ടാമതായി തുറക്കുന്നത് എന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. ആപ്പിളി (Apple) ന് ഉത്പന്നങ്ങൾ നിർമിച്ച് നൽകുന്ന കരാർ കമ്പനിയായ പെഗാട്രോൺ (Pegatron) ആറുമാസം മുമ്പ് ചെന്നൈയിൽ തങ്ങളുടെ ആദ്യ ഫാക്ടറി തുറക്കുകയും 150 മില്യൺ ഡോളർ നിക്ഷേപം നടത്തുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് രണ്ടാമത്തെ ഐഫോൺ ഫാക്ടറിയും ഇന്ത്യയിൽ ആരംഭിക്കാൻ പെഗാട്രോൺ (Pegatron) തയാറെടുക്കുന്നത്. ചെന്നൈയ്ക്ക് സമീപമുള്ള മഹീന്ദ്ര വേൾഡ് സിറ്റിയിലാണ് കമ്പനി 2022 സെപ്റ്റംബറിൽ ആദ്യത്തെ പ്ലാന്റ് ആരംഭിച്ചത്.
ഐപാഡ് ടാബ്‌ലെറ്റുകളും എയർപോഡുകളും ഉൾപ്പെടെയുള്ളവ ഇന്ത്യയിൽ നിർമിക്കാൻ ആപ്പിളി (Apple) ന്റെ കരാർ കമ്പനികൾ മുന്നോട്ടുവരുന്നുണ്ട്. പെഗാട്രോണിന് പുറമേ ആപ്പിളി (Apple) ന്റെ കരാർ കമ്പനികളിൽ പ്രമുഖരായ ഫോക്സ്കോൺ, വിസ്‌ട്രോൺ, എന്നിവരും ഇന്ത്യയിൽ ഫാക്ടറികൾ പ്രവർത്തിപ്പിക്കുകയും ആപ്പിളിനായി ഉത്പന്നങ്ങൾ നിർമിക്കുകയും ചെയ്തുവരുന്നുണ്ട്. ബംഗളുരുവിലാണ് വിസ്‌ട്രോൺ പ്ലാന്റ് പ്രവർത്തിക്കുന്നത്. തമിഴ്നാട്ടിലാണ് ഫോക്‌സ്‌കോണിന്റെ ഐഫോൺ ഫാക്ടറികൾ പ്രവർത്തിക്കുന്നത്.
തെലങ്കാനയിലാകും ഫോക്സ്കോണി (Foxconn) ന്റെ എയർപോഡ് ഫാക്ടറി ആരംഭിക്കുക എന്നാണ് സൂചന. ആപ്പിളി (Apple) ന്റെ ഐഫോണ്‍ നിര്‍മാണത്തിന്റെ 70 ശതമാനവും നിർവഹിക്കുന്നത് ഫോക്സ്കോണാ (Foxconn) ണ്. അടുത്തവർഷത്തോടെയാകും ഇന്ത്യയിലെ ഫാക്ടറിയിൽ നിന്ന് എയർപോഡുകൾ നിർമിച്ച് തുടങ്ങുക. പുതിയ ഫാക്ടറി ചൈനയിൽ വേണ്ട ഇന്ത്യയിൽ സ്ഥാപിച്ചാൽ മതിയെന്ന നിർദ്ദേശം ഫോക്സ്കോണി (Foxconn) ന് മുന്നിൽ വച്ചത് ആപ്പിൾ (Apple) തന്നെയാണെന്നും റിപ്പോർട്ടുകളുണ്ട്. സ്മാർട് ഫോൺ നിർമാണത്തിന് പുറമെ ഫോക്‌സ്‌കോൺ (Foxconn) ഇലക്ട്രിക് വാഹനങ്ങളുടെ പാർട്സുകൾ ഇന്ത്യയിൽ നിർമിക്കാനും പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്. ഐഫോൺ എസ്ഇ, ഐഫോൺ 12, ഐഫോൺ 13, ഐഫോൺ 14 എന്നീ മോഡലുകളാണ് നിലവിൽ ആപ്പിൾ (Apple) കരാർ കമ്പനികൾ ഇന്ത്യയിൽ നിർമ്മിക്കുന്നത്. ഇന്ത്യയിൽ വിൽക്കുന്ന പ്രോ മോഡലുകളെല്ലാം ഇറക്കുമതി ചെയ്തവയാണ്.