വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി Paytm-നെ RBI വിലക്കിയിരുന്നു. ഇപ്പോഴിതാ പേയ്മെന്റ് ബാങ്ക് ലിസ്റ്റിൽ നിന്ന് പേടിഎമ്മിനെ ഒഴിവാക്കി. FASTag സേവനങ്ങളുടെ 30 അംഗീകൃത ബാങ്കുകളുടെ ലിസ്റ്റിൽ നിന്നാണ് പേടിഎമ്മിനെ നീക്കം ചെയ്തത്.
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അഥവാ NHAI ആണ് നടപടി എടുത്തത്. എന്നാൽ മറുവശത്ത് പേടിഎം കസ്റ്റമേഴ്സിന് അനുകൂലമായ ചെറിയൊരു നീക്കം ആർബിഐ എടുത്തു. എന്താണെന്നോ?
മാർച്ച് 1 മുതൽ പേടിഎം സേവനങ്ങൾ അവസാനിക്കുമെന്നായിരുന്നു ആർബിഐ അറിയിച്ചത്. പേടിഎം ഫാസ്ടാഗിനെയും പേയ്മെന്റ് വാലറ്റിനെയും ഇത് ബാധിക്കും. എന്നാൽ ഇതിനുള്ള കാലാവധി ആർബിഐ നീട്ടി നൽകി. മാർച്ച് 15 വരെയാണ് പുതുക്കിയ കാലാവധി. ഈ തീയതിയ്ക്ക് ശേഷം പേടിഎം ഫാസ്ടാഗ് പ്രവർത്തനക്ഷമമല്ല.
15 ദശലക്ഷത്തിലധികം ഉപയോക്താക്കളെ ഈ നീക്കം ബാധിച്ചേക്കും. ഫെബ്രുവരി 29 വരെ എന്ന കാലാവധി മാർച്ച് 15 വരെയാക്കിയത് എന്തുകൊണ്ടും അനുകൂലമാണ്. ഇടപാടുകാരുടെയും വ്യാപാരികളുടെയും താൽപ്പര്യങ്ങൾ കണക്കിലെടുത്താണ് പുതിയ തീരുമാനം. അതിനാൽ ഇടപാടുകൾ അവസാനിപ്പിക്കാൻ പേടിഎം പേയ്‌മെന്റ് ബാങ്കിലൂടെ അടുത്ത മാസം 15 വരെ സമയപരിധിയുണ്ട്.
പേടിഎം ഉപയോഗിച്ചുള്ള ഫാസ്ടാഗ് പേയ്മെന്റ് ഇനി ദേശീയ ഹൈവേ അധികൃതർ അംഗീകരിക്കില്ല. പേടിഎം പേയ്‌മെന്റ് ബാങ്ക് ഒഴികെയുള്ള 32 അംഗീകൃത ബാങ്കുകളുടെ ലിസ്റ്റിൽ നിന്ന് ഫാസ്‌ടാഗുകൾ വാങ്ങാനാകും. ഇതിനായി റോഡ് ടോൾ അതോറിറ്റി ഇന്ത്യൻ ഹൈവേ മാനേജ്‌മെന്റ് കമ്പനി ഉപയോക്താക്കൾക്ക് നിർദേശം നൽകി.
നിലവിൽ പേടിഎം ഫാസ്ടാഗ് ഉപയോഗിക്കുന്നവർ മറ്റേതെങ്കിലും ബാങ്കുകളിലേക്ക് മാറാൻ അറിയിപ്പുണ്ട്. എക്കണോമിക് ടൈംസാണ് ഇക്കാര്യം അറിയിച്ചത്. NHAI-യുടെ ഫാസ്ടാഗ് ലിസ്റ്റിലുള്ള ബാങ്കുകൾ ഏതെല്ലാമെന്ന് നോക്കാം…
എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നീ ജനപ്രിയ ബാങ്കുകൾ ഇതിലുണ്ട്. ഫിനോ പേയ്‌മെന്റ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്നിവയിലൂടെയും ഫാസ്ടാഗ് സേവനം ഉപയോഗിക്കാം. ഇന്ത്യൻ ബാങ്കിലും ഫാസ്ടാഗ് വാങ്ങുന്നതിനുള്ള പേയ്മെന്റ് സംവിധാനമുണ്ട്.
READ MORE: ആമസോണും ഹോട്ട്സ്റ്റാറും സോണിലിവും… Reliance Jio-യിൽ Free! 14 OTTകളും, എക്സ്ട്രാ 18GBയും
മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തൃശൂർ ജില്ലാ സഹകരണ ബാങ്ക് എന്നിവയും ഫാസ്ടാഗിനുള്ള സൌകര്യം നൽകുന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ജെ ആൻഡ് കെ ബാങ്ക് തുടങ്ങിയവയും ഇതിലുണ്ട്. കൂടാതെ ഇൻഡസ്‌ലൻഡ് ബാങ്ക്, കർണാടക ബാങ്ക്, കരൂർ വൈശ്യ ബാങ്ക്, നാഗ്പൂർ നാഗരിക സഹകാരി ബാങ്ക്, എൻഎച്ച്എഐ ലിസ്റ്റിൽ ഉൾപ്പെടുന്നു. ഇതിന് പുറമെ സാർസ്വത് ബാങ്ക്, യുകോ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക് എന്നിവയുമുണ്ട്.