RBI വിലക്ക് ഏർപ്പെടുത്തിയതിനാൽ Paytm പ്രവർത്തനം നിർത്തലാകുമെന്ന് വാർത്തകളുണ്ടായിരുന്നു. മാർച്ച് 15ന് ശേഷം UPI ഇടപാടുകൾക്ക് പ്രശ്നമാകുമോ എന്നാണ് ഉയരുന്ന സംശയം. ഇതിൽ വ്യക്തമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ് Paytm അധികൃതർ.
തങ്ങളുടെ വെബ്സൈറ്റിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയും പേടിഎം ഇക്കാര്യം വ്യക്തമാക്കി. കൂടാതെ ഹിന്ദുസ്ഥാൻ ടൈംസ് ഉൾപ്പെടെയുള്ള മാധ്യമങ്ങളും പേടിഎം നിർത്തലാക്കുന്നില്ല എന്ന വാർത്ത റിപ്പോർട്ട് ചെയ്യുന്നുണ്ട്. ‘പേടിഎം പ്രവർത്തനം തുടരും, ഇന്നും നാളെയും എല്ലായ്പ്പോഴും,’ എന്നാണ് കമ്പനി പറയുന്നത്. ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളെ വിശ്വസിക്കരുതെന്നും പേടിഎം സിഇഒ വിജയ്ശേഖർ നിർദേശിച്ചു.
അങ്ങനെയെങ്കിൽ ആർബിഐ വിലക്ക് എങ്ങനെയാണ് പേടിഎമ്മിനെ ബാധിക്കുന്നതെന്ന് നോക്കാം. മാർച്ച് 15 ന് ശേഷം പേടിഎമ്മിൽ എന്തെല്ലാം സേവനങ്ങളായിരിക്കും ആക്ടീവായി ഉണ്ടാകുക എന്നും പരിശോധിക്കാം.
പേടിഎം ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് യുപിഐ ഇടപാടുകൾക്കാണ്. മൊബൈൽ റീചാർജിങ്ങിനും ബിൽ പേയ്മെന്റിനും പേടിഎമ്മിനെ ആശ്രയിക്കുന്ന ഇന്ത്യക്കാർ ധാരാളമാണ്.
ഇവ രണ്ടും തടസ്സമില്ലാതെ ലഭ്യമാകുമെന്ന് പേടിഎം ആപ്പ് പറഞ്ഞു. നിലവിൽ ആർബിഐ Paytm പേയ്‌മെന്റ് ബാങ്കിനാണ് നിരോധനം ഏർപ്പെടുത്തിയത്. ഇതിൽ അക്കൗണ്ട് തുറന്ന ഉപയോക്താക്കളെ മാത്രമേ സേവനം ലഭിക്കുന്നതിൽ പ്രശ്നം വരികയുള്ളൂ. എന്നാൽ ICICI, HDFC തുടങ്ങിയ ഏതെങ്കിലും അംഗീകൃത ബാങ്കുകളുമായി പേടിഎം ലിങ്ക് ചെയ്‌തിരിക്കുന്നവരെ ബാധിക്കില്ല. അവർക്ക് എല്ലാ സേവനങ്ങളും തടസ്സമില്ലാതെ തുടരാം.
പേടിഎം QR കോഡ്, പേടിഎം കാർഡ് മെഷീൻ എന്നിവയ്ക്ക് ഇത് ബാധകമല്ല. പേടിഎം സൗണ്ട്ബോക്സ് സേവനങ്ങളും തടസ്സമില്ലാതെ ലഭിക്കും. മാർച്ച് 15ന് ശേഷവും ഇവയുടെ പ്രവർത്തനം തുടരും.
പേടിഎം പേയ്‌മെന്റ് ബാങ്ക് നൽകുന്ന ഫാസ്ടാഗ് / എൻസിഎംസി കാർഡ് എന്നിവ ഉപയോഗിക്കുന്നത് തുടരാം. എന്നാൽ മാർച്ച് 15-ന് ശേഷം ഇതിലേക്ക് റീചാർജ് ചെയ്യാനോ പണം ആഡ് ചെയ്യാനോ സാധിക്കുന്നതല്ല. ഇതിലുള്ള തുക ഉപയോഗിക്കുകയോ റീഫണ്ട് റിക്വസ്റ്റ് നൽകുകയോ ചെയ്യാം.
READ MORE: Best Deal Today: Snapdragon 695 പ്രോസസറുള്ള OnePlus 5G ഫോണിന് ഇപ്പോൾ വില 20000 രൂപയ്ക്ക് താഴെ!
പേയ്മെന്റ് ബാലൻസ് വാലറ്റിൽ ലഭ്യമാകുന്നത് ഉപയോഗിക്കുന്നത് തുടരാം. എന്നാൽ മാർച്ച് 15ന് ശേഷം ഇതിൽ നിക്ഷേപം അനുവദിക്കുന്നതല്ല. ഇതിലെ പണം വിത്ത്ഡ്രോ ചെയ്യാവുന്നതാണ്. അല്ലെങ്കിൽ മറ്റൊരു വാലറ്റിലേക്കോ ബാങ്ക് അക്കൗണ്ടിലേക്കോ ട്രാൻസ്ഫർ ചെയ്യാനുമാകും. കൂടാതെ വാലറ്റിൽ റീഫണ്ടുകളും ക്യാഷ്ബാക്കും ക്രെഡിറ്റ് ആകുന്നതാണ്.