റീമേക്കുകളിലും മൊഴിമാറ്റ ചിത്രങ്ങളിലും രക്ഷയില്ലാതെ ബോളിവുഡ് വൻ വീഴ്ചയിലേക്ക് പോകുമെന്ന സാഹചര്യത്തിലാണ് കിംഗ് ഖാന്റെ പത്താൻ ഹിന്ദി സിനിമയെ തിരിച്ചുകൊണ്ടു വരുന്നത്. കഥയിൽ വലിയ പുതുമയില്ലെങ്കിലും ഒരു സിനിമാപ്രേമിയ്ക്കാവശ്യമായ എല്ലാ ചേരുവകളും ചേർത്തൊരുക്കിയാണ് സിദ്ധാർഥ് ആനന്ദ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഷാരൂഖ് ഖാന്റെ മാസ്മരിക പ്രകടനത്തിനൊപ്പം ദീപികാ പദുക്കോണിന്റെയും ജോൺ എബ്രഹാമിന്റെയും സാന്നിധ്യവും Pathaanൽ നിർണായകമായി. 2018ൽ പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിന് ശേഷം ബോളിവുഡ് സൂപ്പർതാരത്തിന്റെ ബിഗ്സ്ക്രീനിലേക്കുള്ള തിരിച്ചുവരവ് സാധ്യമാക്കിയ സിനിമയാണ് പത്താൻ.
ഏക് താ ടൈഗർ (2012), ടൈഗർ സിന്ദാ ഹേ (2017), വാർ (2019) എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡിൽ ശ്രദ്ധേയനായ സംവിധായകനാണ് സിദ്ധാർത്ഥ് ആനന്ദ്. സിനിമ ഈ മാസം 25നാണ് തിയേറ്ററുകളിൽ എത്തിയത്. എന്നാൽ Pathaanന്റെ തിയേറ്റർ റിലീസിന് മുമ്പ് തന്നെ OTT വിശേഷങ്ങളും പ്രചരിച്ചിരുന്നു. അതായത്, തിയേറ്ററിൽ ഇറങ്ങി 3 മാസത്തിന് ശേഷം ഹിന്ദി ചിത്രം ഒടിടിയിൽ സ്ട്രീം ചെയ്യുമെന്നായിരുന്നു റിപ്പോർട്ടുകൾ. Amazon Prime Videoയിലൂടെയാണ് സിനിമ പ്രദർശനത്തിന് എത്തുകയെന്നും സൂചനകളുണ്ടായിരുന്നു.
എന്നാൽ ഇപ്പോൾ പുതിയതായി വരുന്ന ചില വാർത്തകൾ ഭീമൻ തുകയ്ക്കാണ് Shah Rukh Khan ചിത്രം ആമസോൺ പ്രൈമിൽ വിറ്റുപോയതെന്നാണ്. ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് പത്താന്റെ OTT റൈറ്റ് ആമസോൺ പ്രൈം വീഡിയോയ്ക്ക് ലഭിച്ചുവെന്നതാണ്. 100 കോടി രൂപയ്ക്കാണ് Amazon Prime Video ബോളിവുഡ് സൂപ്പർഹിറ്റ് ചിത്രത്തെ സ്വന്തമാക്കിയതെന്നും ഫിനാൻഷ്യൽ എക്സ്പ്രസ്, ടൈംസ് നൗ ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങൾ പറയുന്നു. എന്നാൽ Pathaanന്റെ ഡിജിറ്റൽ റിലീസ് തീയതി സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്നിരുന്നാലും, ചില റിപ്പോർട്ടുകൾ പറയുന്നത് തിയേറ്റർ റിലീസ് കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം സിനിമയുടെ ഡിജിറ്റൽ പ്രീമിയർ ആരംഭിക്കുമെന്നതാണ്. അതായത് ഏപ്രിലിൽ Pathaan ഒടിടിയിൽ പ്രദർശനത്തിന് എത്തുമെന്നതാണ്.
തിയേറ്ററുകളെ ആവേശമാക്കിയ ഷാരൂഖ്- ദീപികാ ചിത്രം പത്താൻ ഹിന്ദിയ്ക്ക് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദർശിപ്പിക്കുന്നുണ്ട്.