IRCTC ആപ്പ് പണി മുടക്കി, തത്ക്കാൽ ടിക്കറ്റുകൾക്ക് പണി കിട്ടി
ട്രെയിൻ യാത്രക്കാർക്ക് തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനിടെ തടസ്സം നേരിട്ടു
പെട്ടെന്ന് യാത്രയ്ക്കൊരുങ്ങുന്നവർക്ക് തുണയാകുന്ന സംവിധാനമാണ് തത്കാൽ
ഭൂരിഭാഗം ട്രെയിനുകളിലും തത്കാൽ ടിക്കറ്റുകൾക്കായി സീറ്റുകൾ ഒഴിച്ചിട്ടിട്ടുണ്ടാകും
IRCTC ഓൺലൈൻ സേവനങ്ങൾ മുടങ്ങിയതിനാൽ ട്രെയിൻ യാത്രക്കാർക്ക് തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനിടെ തടസ്സം നേരിട്ടു. ഐആർസിടിസി ആപ്പിലെയും ഔദ്യോഗിക വെബ്‌സൈറ്റിലെയും ഓൺലൈൻ സേവനങ്ങൾ മുടങ്ങിയതിനു പിന്നാലെ നിരവധി യാത്രക്കാരാണ് ട്വിറ്ററിലേക്കും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കും തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. മെയ് 7നാണ് ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിൽ സാങ്കേതിക തടസ്സം വന്നത്. ലോഗിൻ ചെയ്യാനും ടിക്കറ്റ് ബുക്ക് ചെയ്യാനും ശ്രമിച്ചിരുന്നുവെങ്കിലും അപ്രതീക്ഷിതമായ തടസ്സം നേരിടുകയും തുടർന്ന് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിഞ്ഞില്ല എന്ന് യാത്രക്കാർ ട്വിറ്ററിൽ എടുത്തുപറഞ്ഞു. സോഷ്യൽ മീഡിയയിൽ നിരവധി പരാതികൾക്ക് ശേഷം #Tatkal ഉം #irctc ഉം ട്വിറ്ററിൽ ട്രെൻഡിംഗ് ആരംഭിച്ചു.
തത്കാൽ ടിക്കറ്റുകൾ എന്നാലെന്ത്?
അത്യാവശ്യ ട്രെയിൻ യാത്രയ്ക്കൊരുങ്ങുമ്പോൾ ടിക്കറ്റ് കിട്ടാതെ വലയുന്നവരെ സഹായിക്കാൻ റെയിൽവേതന്നെ മാർഗം ഒരുക്കിയിട്ടുണ്ട്, അതാണ് തത്കാൽ റിസർവേഷൻ. വളരെപ്പെട്ടെന്ന് യാത്രയ്ക്കൊരുങ്ങുന്ന നിരവധി പേർക്ക് തുണയാകുന്ന സംവിധാനമാണ് തത്കാൽ. ഭൂരിഭാഗം ട്രെയിനുകളിലും റിസർവേഷൻ കൂടാതെ തത്കാൽ ടിക്കറ്റുകൾക്കായും സീറ്റുകൾ ഒഴിച്ചിട്ടിട്ടുണ്ടാകും.
തത്കാൽ എന്നാൽ തൽക്ഷണം എന്നാണ് അർഥമാക്കുന്നത്. നമുക്ക് സഞ്ചരിക്കേണ്ട ട്രെയിൽ യാത്രതുടങ്ങുന്നതിന് ഒരു ദിവസം മുമ്പാണ് തത്കാൽ റിസർവേഷൻ സാധ്യമാകുക. എസി ക്ലാസുകളുടെ തത്കാൽ ബുക്കിങ് ദിവസവും രാവിലെ 10 ന് ആണ് ആരംഭിക്കുക. നോൺ എസി ക്ലാസുകളിലേക്കുള്ള ബുക്കിങ് രാവിലെ 11 നും ആരംഭിക്കും. ഓൺലൈനിൽ സ്വന്തമായും റെയിൽവേ സ്റ്റേഷനിലെത്തി കൗണ്ടറുകൾ വഴിയും തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും.
അതിവേഗമാണ് തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്തുപോകുന്നത്. രണ്ടിലേറെ പേർക്കായാണ് നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എങ്കിൽ ഓരോ യാത്രക്കാരന്റെയും പേര്, വയസ്, ലിംഗഭേദം, ബെർത്ത് മുൻഗണന തുടങ്ങിയ വിശദാംശങ്ങൾ നൽകിയാൽ മാത്രമേ തത്കാൽ ക്വാട്ടയിൽ ടിക്കറ്റ് ലഭിക്കൂ. മാനുവലായി ഇതു ചെയ്തു വരുമ്പോഴേക്കും ആകെയുള്ള കുറച്ച് ടിക്കറ്റും തീർന്നിട്ടുണ്ടാകും. അതിനാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സമയം ലാഭിക്കാൻ യാത്രക്കാരുടെ വിവരങ്ങൾ മുൻകൂട്ടി സേവ് ചെയ്ത മാസ്റ്റർ ലിസ്റ്റ് സഹായിക്കും.