ആധാർ-പാൻ ലിങ്കിംഗ്, ആധാർ പുതുക്കൽ; അവസാന തീയതി

ആധാർ-പാൻ ലിങ്കിംഗ്, ആധാർ പുതുക്കൽ; അവസാന തീയതി
HIGHLIGHTS

ജൂൺ മാസത്തിൽ ധനകാര്യവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ വരുന്നുണ്ട്

പാൻ ആധാർ ലിങ്കിങ്, ഇപിഎസ് പെൻഷൻ, ആധാർ പുതുക്കൽ തുടങ്ങിയവ

ജൂൺ 30ന് മുൻപ് ചെയ്തു തീർക്കേണ്ട കാര്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം

ജൂൺ മാസത്തിൽ  വ്യക്തിഗത ധനകാര്യവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്. പാൻ ആധാർ ലിങ്കിങ്, ഇപിഎസ് പെൻഷൻ സമയപരിധി ,ആധാർ പുതുക്കൽ  അങ്ങനെ പ്രധാനപ്പെട്ട നിരവധി കാര്യങ്ങളുടെ സമയപരിധി ജൂൺ 30 ന് അവസാനിക്കും. അതിന് മുൻപ് ചെയ്ത് തീർക്കേണ്ട പ്രധാന കാര്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം

ആധാർ- പാൻ കാർഡ് ലിങ്കിംഗ് (PAN- Aadhaar linking deadline)

ജൂൺ 30 ആണ് ആധാർ പാൻകാർഡ് ലിങ്ക് ചെയ്യാനുള്ള അവസാനതിയ്യതി. ജൂൺ മാസത്തിനകം ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ  പ്രവർത്തനരഹിതമാകും. പാൻകാർഡ് അസാധുവായാൽ നിങ്ങൾക്ക് ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ കഴിയുകയുമില്ല. പലതവണ സമയപരിധി നീട്ടി നൽകിയതിനാൽ, വീണ്ടും ജൂണിന് ശേഷവും സമയപരിധി നീട്ടി നൽകാൻ സാധ്യത കുറവാണ്. നിലവിൽ ആയിരം രൂപ പിഴയടച്ച് പാൻ ആധാറുമായി ലിങ്ക് ചെയ്യാവുന്നതാണ്. സമയപരിധിക്കുള്ളിൽ ചെയ്തില്ലെങ്കിൽ പാൻകാർഡ് അസാധുവാകുമെന്ന് മാത്രമല്ല, ഉയർന്ന പിഴയും നൽകേണ്ടിവരും. പാൻ – ആധാർ രേഖകൾ ജൂൺമാസത്തിനകം ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, പാൻ കാർഡ് അസാധുവായി പ്രഖ്യാപിക്കും. ബാങ്ക് ഇടപാടുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകളും തകരാറിലാവും.

ഉയർന്ന ഇപിഎസ് പെൻഷന് അപേക്ഷിക്കാം (Deadline for applying for a higher EPS pension)

എംപ്ലോയീസ് പെൻഷൻ സ്‌കീമിന് (ഇപിഎസ്) കീഴിൽ ഉയർന്ന പെൻഷൻ അപേക്ഷിക്കാനുള്ള സമയപരിധി അടുത്ത മാസം അവസാനിക്കും. രണ്ടാം തവണയും ഇപിഎസിൽ നിന്ന് ഉയർന്ന പെൻഷനായി അപേക്ഷിക്കുന്നതിനുള്ള സമയപരിധി ഇപിഎഫ്ഒ  നീട്ടിനൽകിയിരുന്നു. 2022 നവംബർ 4-ന് നൽകിയ ഉത്തരവിലാണ് സുപ്രീംകോടതി ആദ്യം മാർച്ച് 3 വരെ സമയപരിധി നിശ്ചയിച്ചത്. താൽപ്പര്യമുള്ള വരിക്കാർക്ക് ഉയർന്ന പെൻഷൻ തിരഞ്ഞെടുക്കാൻ അനുവദിക്കുന്നതിനായി ഇപിഎഫ്ഒ പിന്നീട് മെയ് 3 വരെ സമയപരിധി നീട്ടി. നിലവിൽ 26 ജൂൺ 2023 വരെയാണ് സമയപരിധി. സുപ്രീംകോടതി വിധിയിൽ സമയപരിധി നിശ്ചയിച്ചതിന് ശേഷം യോഗ്യരായ ജീവനക്കാർക്കുള്ള ഓൺലൈൻ അപേക്ഷാ സൗകര്യം പുനഃസ്ഥാപിക്കാൻ ഇപിഎഫ്ഒ ഏറെ സമയമെടുത്തതാണ് സമയപരിധി നീട്ടിയതിന് കാരണം.

ആധാർ കാർഡ് പുതുക്കൽ (Deadline for free Aadhaar update)

പത്ത്  വർഷം കഴിഞ്ഞ ആധാർ കാർഡുകൾ ഉപയോക്താക്കൾ പുതുക്കണമെന്നു സർക്കാരും യുഐഡിഎഐയും അടുത്തിടെ വ്യക്തമാക്കിയിരുന്നു. 2023 മാർച്ച് 15 മുതൽ ജൂൺ 14 വരെ ആധാർ കാർഡ് സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം. ജൂൺ 14 കഴിഞ്ഞാൽ  ആധാർ കാർഡ് പുതുക്കാൻ പണം നൽകണം. myAadhaar പോർട്ടലിലൂടെ ഉപയോക്താക്കൾക്കു സൗജന്യ സേവനം ഉപയോഗിക്കാം. ആധാർ കേന്ദ്രങ്ങൾ വഴി വിവരങ്ങൾ പുതുക്കന്നതിനുള്ള 50 രൂപ നിരക്ക് ഇക്കാലയളവിലും തുടരും. പേര്, ജനനത്തീയതി, വിലാസം മുതലായ ജനസംഖ്യാപരമായ വിശദാംശങ്ങൾ മാറ്റേണ്ട ആവശ്യമുണ്ടെങ്കിൽ, തീർച്ചയായും ഓൺലൈൻ അപ്ഡേറ്റ് സേവനം ഉപയോഗിക്കാം. അല്ലെങ്കിൽ അടുത്തുള്ള ആധാർ കേന്ദ്രം സന്ദർശിക്കാം. ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ചില സേവനങ്ങളെ ബാധിക്കാനുമിടയാകും.

ബാങ്ക് ലോക്കർ കരാർ സമയപരിധി (Bank locker agreement deadline)

ബാങ്കുകളിലെ ലോക്കർ കരാർ പുതുക്കുന്നതിനുള്ള സമയപരിധിയുടെ പ്രധാനഘട്ടം പൂർത്തിയാകേ, ജൂൺ മുതലുള്ള മാസങ്ങൾ നിർണായകമാണ്. ജൂൺ 30 നുള്ളിൽ ആവശ്യമായ നടപടിക്രമങ്ങളുടെ 50 ശതമാനവും സെപ്റ്റംബർ 30 നകം 75 ശതമാനം നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടതുണ്ട്.

എസ്ബിഐ അമൃത് കലശ് (SBI Amrit Kalash Special FD)

400 ദിവസത്തെ ഹ്രസ്വകാല സ്ഥിര നിക്ഷേപത്തിന്  ഉയർന്ന പലിശനിരക്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. എസ്ബിഐയുടെ പുതിയ സ്ഥിര നിക്ഷേപ പദ്ധതിയായ അമൃത് കലശ്  ഫെബ്രുവരി 15 മുതലാണ് പ്രാബല്യത്തിൽ വന്നത്.പൊതു നിക്ഷേപകർക്ക് 7.10 ശതമാനം നിരക്കിലാണ് പലിശ നൽകുക. എന്നാൽ മുതിർന്ന പൗരൻമാർക്ക് 7.60 ശതമാനം നിരക്കിൽ പലിശ നൽകുന്നുണ്ട് അമൃത് കലശ് സ്ഥിര നിക്ഷേപപദ്ധതി. പൊതുവെ കാലാവധി കുറഞ്ഞ സഥിര നിക്ഷേപങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കാണ് നൽകാറുള്ളത്. 2023 ജൂൺ 30 വരെയാണ് ഈ പദ്ധതിയിൽ ചേരാനുള്ള കാലാവധി.

Nisana Nazeer
Digit.in
Logo
Digit.in
Logo