കേരളത്തിൽ Online Scam കെണിയിലകപ്പെട്ട് 72 ലക്ഷം രൂപ നഷ്ടമായി. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശിയായ 72കാരിയാണ് തട്ടിപ്പിന് ഇരയായത്. ക്രെഡിറ്റ് കാർഡ് ബ്ലോക്ക് ചെയ്തുവെന്ന് അറിയിച്ചുകൊണ്ടുള്ള വ്യാജ സന്ദേശത്തിലൂടെയാണ് പണം തട്ടിയത്.
RBI ഉദ്യോഗസ്ഥനാണെന്ന് ചമഞ്ഞാണ് തട്ടിപ്പുകാർ ഇവരെ ഫോൺ ചെയ്തത്. കാർഡ് ബ്ലോക്ക് മാറ്റുന്നതിന് ഇടയിലുള്ള ശ്രമത്തിലാണ് വയോധികയുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായത്.
ആഗസ്റ്റ് 23 നാണ് ഈ ഓൺലൈൻ തട്ടിപ്പ് നടക്കുന്നത്. കുടപ്പനക്കുന്ന് സ്വദേശിയെ ആർബിഐ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് തട്ടിപ്പുകാർ ഫോൺ ചെയ്തു. താങ്കളുടെ ക്രെഡിറ്റ് കാർഡ് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും അടിയന്തരമായി അത് മാറ്റണമെന്നും അവർ പറഞ്ഞു.
വിഷയത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാനെന്ന വ്യാജേന മറ്റൊരു കോൾ കൂടി ഇവർക്ക് ലഭിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് അടുത്ത കോൾ വന്നത്. ഇവർക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇയാൾ ആരോപിച്ചു. ഡിജിറ്റൽ അറസ്റ്റ് ഉണ്ടാകുമെന്നും ഭയപ്പെടുത്തിയാണ് പണം കവർന്നത്. ഇങ്ങനെ ആശങ്കയിലായ വയോധിക തന്റെ ബാങ്ക് വിവരങ്ങൾ വെളിപ്പെടുത്തി. ഇന്ത്യ ടുഡേ റിപ്പോർട്ടിലാണ് ഇക്കാര്യം വിവരിക്കുന്നത്.
അറസ്റ്റ് ഒഴിവാക്കാനുള്ള മാർഗങ്ങളും തട്ടിപ്പുകാർ വയോധികയോട് വിശദീകരിച്ചു. വീഡിയോ കോൾ ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ ഇവർ വയോധികയുമായി സംസാരിച്ചു. വ്യാജ എഫ്ഐആർ വരെ കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. കാർഡ് അൺബ്ലോക്ക് ചെയ്യാനാണെന്ന് കരുതിയാണ് ഇവർ വിവരങ്ങൾ കൈമാറിയത്. എന്നാൽ ഇങ്ങനെ തട്ടിപ്പുകാർ 72 ലക്ഷം വയോധികയിൽ നിന്ന് തട്ടിയെടുത്തു.
അക്കൗണ്ടിൽ നിന്ന് ഡെബിറ്റായ പണം തിരികെ നൽകുമെന്നും അവർ ഉറപ്പുനൽകി. എന്നാൽ താമസിയാതെ തട്ടിപ്പുകാർ അവർ ബന്ധപ്പെട്ട നമ്പറുകൾ ബ്ലോക്ക് ചെയ്തു. ഇങ്ങനെ എല്ലാ ആശയവിനിമയങ്ങളും വിച്ഛേദിച്ചതോടെയാണ് വയോധികയ്ക്ക് പണം നഷ്ടമായതാണെന്ന് മനസിലായത്.
Read More: New Rule: സെപ്തംബർ മുതൽ OTP SMS കിട്ടാൻ സമയമെടുക്കും, എന്തുകൊണ്ട്?
ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് സുരക്ഷിതമായിരിക്കുന്നതിൽ ജാഗ്രത പാലിക്കുക. പ്രത്യേകിച്ചും വീട്ടിലുള്ള മുതിർന്നവരോട് ഇക്കാര്യം വ്യക്തമായി പറഞ്ഞു മനസിലാക്കുക. ഓൺലൈനിൽ സെൻസിറ്റീവ് വിവരങ്ങളും ആധാർ വിവരങ്ങളും ചോദിക്കുന്നുവെങ്കിൽ അവ പങ്കിടരുത്.
വിളിക്കുന്നയാളുടെ ഐഡന്റിറ്റി എപ്പോഴും പരിശോധിച്ചുറപ്പിക്കുക. ബാങ്കുകളോ ആർബിഐയോ സിബിഐയോ പോലുള്ള സ്ഥാപനങ്ങൾ ഒരിക്കലും ഫോണിലൂടെ ബന്ധപ്പെടില്ല. ഇങ്ങനെ ഫോൺ കോളുകൾ ലഭിച്ചാൽ ഉടൻ ഫോൺ കട്ട് ചെയ്യണം. നിയമനടപടി, അറസ്റ്റ് പോലുള്ള കാര്യങ്ങൾ പറഞ്ഞ് അവർ ഭയപ്പെടുത്തിയേക്കും. എന്നാൽ വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്ന് മാത്രം ഇവയെ കുറിച്ച് അന്വേഷിക്കാൻ ശ്രമിക്കണം.