Aadhaar Number ഉപയോഗിച്ചും പല രീതിയിൽ Scam നടക്കുന്നുണ്ട്. കേരളത്തിലും അനുദിനം സൈബർ കുറ്റകൃത്യങ്ങൾ പെരുകുകയാണ്. ഇതുവരെ നമ്മളെ കബളിപ്പിച്ച് ആധാർ നമ്പർ കൈക്കലാക്കുന്ന സൈബർ തട്ടിപ്പുകളാണ് കണ്ടിട്ടുള്ളത്.
എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി തട്ടിപ്പുകാർ ഇങ്ങോട്ട് ആധാർ നമ്പരും ബാങ്ക് വിവരങ്ങളും പറഞ്ഞുതരും. എന്നാലും ഇവർ യഥാർഥ ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിച്ച് കെണിയിലാകരുതെന്നാണ് പൊലീസ് അറിയിപ്പ്.
കേരള പൊലീസീന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ സ്കാമിനെ കുറിച്ച് വ്യക്തമാക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ് ഇവർ തട്ടിപ്പ് നടത്തുന്നത്. നിങ്ങളുടെ ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇങ്ങോട്ട് പറഞ്ഞു തരുന്നു. ശേഷം നിങ്ങളെ വിദഗ്ധമായി കബളിപ്പിച്ച് പണം കൈക്കലാക്കുന്നു.
ഫെഡെക്സ് കൊറിയർ സർവീസിൽ നിന്ന് എന്നുപറഞ്ഞ് തട്ടിപ്പുകാർ വിളിക്കുന്നു. നിങ്ങളുടെ പേരിൽ ഒരു കൊറിയർ ഉണ്ടെന്ന് അവർ പറയുന്നു. അതിൽ പണം, സിം എന്നിവ അടങ്ങിയിട്ടുണ്ടെന്നും കബളിപ്പിക്കാൻ പറയും. നിങ്ങളുടെ പേരിൽ നിങ്ങളുടെ ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയർ ബുക്ക് ചെയ്തിട്ടുണ്ട്. ഇങ്ങനെ പറഞ്ഞും ഇവർ തട്ടിപ്പ് നടത്തുമെന്ന് പൊലീസ് അറിയിക്കുന്നു.
“നിങ്ങളുടെ ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും തട്ടിപ്പുകാരൻ പറഞ്ഞു തരുന്നു. ഇത് കേൾക്കുമ്പോൾ പലരും വിളിക്കുന്നവരെ കുറച്ച് വിശ്വസ്തതയിൽ എടുത്തേക്കാം. പാഴ്സലിലെ സാധനങ്ങൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിക്കുന്നു.
കൂടുതൽ വിവരങ്ങൾ അറിയിക്കാൻ ഫോൺ CBI-യിലെയോ സൈബർ പോലീസിലെയോ മുതിർന്ന ഓഫീസർക്ക് കൈമാറുന്നു.” എന്നാൽ ഇങ്ങനെ വിളിക്കുന്നവർ ശരിക്കുള്ള ഉദ്യോഗസ്ഥരായിരിക്കില്ല.
പാഴ്സലിനുള്ളിൽ എം.ഡി.എം.എയും പാസ്പോർട്ടും നിരവധി ആധാർ കാർഡുകളുമുണ്ടെന്ന് അവർ വാദിക്കും. ഇത് നിങ്ങൾ തീവ്രവാദികളെ സഹായിക്കുന്നതിന് ഉപയോഗിക്കുകയാണന്നും ആരോപിക്കും.
പോലീസ് ഓഫീസർ എന്നു തെളിയിക്കുന്നതിനായി ഇവർ വ്യാജ ഐഡി കാർഡ് കാണിക്കുന്നു. വീഡിയോ കോളുകളിലൂടെയും മറ്റുമായിരിക്കും തട്ടിപ്പുകാർ നിങ്ങളെ ബന്ധപ്പെടുക. പരാതിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വ്യാജ രേഖകൾ ഇവർ അയച്ചു തരും. ഐഡി കാർഡ് വിവരങ്ങൾ വെബ് സൈറ്റ് മുഖേന പരിശോധിച്ച് ഉറപ്പുവരുത്താനും ആവശ്യപ്പെടുന്നു.
ഇവർ നിങ്ങളോടെ സമ്പാദ്യവിവരങ്ങൾ നല്കാൻ ആവശ്യപ്പെടും. നിങ്ങളുടെ സമ്പാദ്യം മുഴുവൻ ഫിനാൻസ് വകുപ്പിന്റെ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പരിശോധിക്കേണ്ടതുണ്ട്. ഇതിനായി പണം തട്ടിപ്പുകാർ പറയുന്ന അക്കൌണ്ടിലേക്ക് അയക്കാൻ നിർദേശിക്കും. പിന്നീട് ഇത് റീഫണ്ട് ചെയ്യപ്പെടുമെന്ന ഉറപ്പും വ്യാജ ഓഫീസർമാർ നൽകുന്നു. കൂടാതെ, നിങ്ങളെ വെർച്വൽ അറസ്റ്റ് ചെയ്തതിനാൽ എങ്ങോട്ടും പോകരുതെന്നും ഇവർ നിർദേശിക്കും.
ഇപ്പോൾ നടക്കുന്ന സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് വ്യക്തമായി അറിവില്ലാത്തവർ കെണിയിൽ വീഴും. ഭീഷണി വിശ്വസിച്ച് പരിഭ്രാന്തരായി ആളുകൾ ബാങ്ക് അക്കൗണ്ടിലേക്ക് സമ്പാദ്യം മുഴുവൻ അയക്കുന്നു. എന്നാൽ പിന്നീട് ഇവരിൽ നിന്ന് മെസേജുകളൊന്നും കിട്ടാതെ ആകുമ്പോഴാണ് അബദ്ധം പറ്റിയതായി മനസിലാകുക. ഇവർ ബന്ധപ്പെട്ടിരുന്ന നമ്പറുകളും പിന്നീട് ബ്ലോക്ക് ചെയ്യുന്നു.
തട്ടിപ്പിന് ഇരയായാലുള്ള ഏറ്റവും നിർണായക നിമിഷമാണിത്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് സംഭവിച്ചാൽ ഒരുമണിക്കൂറിനകം നിങ്ങൾ സൈബർ സെല്ലിനെ വിളിക്കണം. ഈ ഒരു മണിക്കൂറാണ് Golden Hour.
Read More: ബാങ്കിൽ നിന്ന് വിളിച്ചു, “ATM കാർഡ് ബ്ലോക്കായി”, 72 ലക്ഷം കവർന്നു! സംഭവം തിരുവനന്തപുരത്ത്
1930 എന്ന നമ്പരിലാണ് പ്രശ്നം വിളിച്ച് അറിയിക്കേണ്ടത്. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാൻ സാധ്യതയുണ്ട്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാമെന്ന് പൊലീസ് അറിയിക്കുന്നു.