വൺപ്ലസ് lOnePlus) അടുത്തിടെയായി ഫോണുകളിൽ മാത്രമല്ല പരീക്ഷണം നടത്തുന്നത്. ബ്രാൻഡ് അതിന്റെ ഖ്യാതി വർധിപ്പിക്കുന്നതിനായി സ്മാർട്ട്‌ഫോണുകൾ കൂടാതെ വേറെയും ഒട്ടനവധി ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നു. അടുത്തിടെ വൺപ്ലസ് അതിന്റെ TWS ഇയർബഡുകൾ, പുതിയ മോണിറ്ററുകൾ, കൂടാതെ ടിവികൾ വരെ പുറത്തിറക്കി. ഇപ്പോൾ, കമ്പനി പുതിയ 100W ഡ്യുവൽ പോർട്ട് ഫാസ്റ്റ് ചാർജർ (fast charger) അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ചൈനയിലെ ഈ ഉൽപ്പന്നത്തിന്റെ ലോഞ്ച് ബ്രാൻഡ് ഇതിനകം സ്ഥിരീകരിച്ചുകഴിഞ്ഞു. എന്നിരുന്നാലും, ഇത് ആഗോള വിപണിയിൽ എത്തുമോ എന്നതിനെ കുറിച്ച് സൂചനകളൊന്നുമില്ല.
OnePlusൽ നിന്നുള്ള പുതിയ 100W ചാർജർ, കമ്പനിയുടെ ആദ്യ ചാർജർ ഉൽപ്പന്നമാണെന്ന് പറയാം. ഇതിന്റെ എടുത്തുപറയേണ്ട പ്രത്യേകത ഡ്യുവൽ പോർട്ട് സൂപ്പർ ഫ്ലാഷ് ഫീച്ചറാണ്. ചാർജറിന് USB-A + Type-C ഡിസൈൻ ഉണ്ടെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. അതായത് നിങ്ങൾക്ക് രണ്ട് പോർട്ടുകളും ഒരേ സമയം ഉപയോഗിക്കാം. ചാർജർ 65W വരെ PD ഫാസ്റ്റ് ചാർജിങ് വാഗ്ദാനം ചെയ്യുന്നുവെന്നാണ് പ്രതീക്ഷ.
സ്മാർട്ട്‌ഫോണുകൾ, ടിഡബ്ല്യുഎസ്, ലാപ്‌ടോപ്പുകൾ തുടങ്ങി വിവിധ തരം ഉപകരണങ്ങൾ ചാർജ് ചെയ്യാൻ ഇത് ഉപയോഗിക്കാമെന്നതാണ് ചാർജറിനെ വിപണിയിലെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. വരാനിരിക്കുന്ന OnePlus 11 സ്മാർട്ട്‌ഫോണുകളുടെ ബാറ്ററി വലുപ്പവും വലിയ ബാറ്ററി ശേഷിയുടെ സുരക്ഷാ ആവശ്യകതകളും കണക്കിലെടുത്താണ് OnePlus ചാർജർ ഡിസൈൻ ചെയ്‌തിരിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. ചാർജറിന് 25 മിനിറ്റിനുള്ളിൽ 100% ചാർജും 10 മിനിറ്റിനുള്ളിൽ 50% വരെയും ചാർജ് ചെയ്യാനാകുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകളും പറയുന്നു.
വൺപ്ലസ് 11, ദീർഘകാല ചാർജിങ് പരിരക്ഷയെ പിന്തുണയ്ക്കുന്ന ആദ്യത്തെ ഉൽപ്പന്നമായാണ് വിപണിയിൽ എത്തിക്കുന്നത്. സ്‌മാർട്ട്‌ഫോണുകളിൽ ഒരു പ്രത്യേക ബാറ്ററി മാനേജ്‌മെന്റ് ചിപ്പും 13 സെൻസറുകളും തത്സമയ ബാറ്ററി സ്‌റ്റേറ്റ് ഡിറ്റക്ഷൻ വാഗ്ദാനം ചെയ്യുന്നതായി റിപ്പോർട്ടുണ്ട്.