സോഷ്യൽ മീഡിയ സൈറ്റായ വെയ്‌ബോയിൽ വൺ പ്ലസിന്റേതായി പോസ്റ്റ് ചെയ്യപ്പെട്ട ഒരു ചിത്രം നൽകുന്ന സൂചന വൺ പ്ലസിൽ നിന്നുള്ള അടുത്ത ഫോണിനെക്കുറിച്ചോ ?
സ്മാർട്ട്ഫോൺ വിപണിയിൽ കരുത്തുറ്റ സാന്നിധ്യമറിയിച്ച ചൈനയിൽ നിന്നുള്ള വൺപ്ലസിന്റെ അടുത്ത ഫ്ലാഗ്ഷിപ് സ്മാർട്ട് ഫോൺ 'വൺ പ്ലസ് 5' ആയിരിക്കുമെന്ന് ചില സൂചനകൾ. സോഷ്യൽ മീഡിയ സൈറ്റായ വെയ്‌ബോയിൽ വൺ പ്ലസിന്റേതായി ചൈനീസ് ഭാഷയിൽ പോസ്റ്റ് ചെയ്യപ്പെട്ട ഒരു പരസ്യമാണ് വൺ പ്ലസ് 5 ന്റെ വരവിനു അടിവരയിടുന്നത്. 'ഹലോ 5' എന്ന് രേഖപ്പെടുത്തിയ ഒരു ഫോട്ടോയാണ് വൺ പ്ലസ് ലോഗോയ്‌ക്കൊപ്പം വെയ്‌ബോ അക്കൗണ്ടിൽ ഷെയർ ചെയ്തിരിക്കുന്നത്.
ഈ വേനല്‍ക്കാലത്ത് തന്നെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന മോഡലിന് സ്നാപ്ഡ്രാഗൺ 835 പ്രോസസറാകും കരുത്തുപകരുന്നതെന്നു പ്രതീക്ഷിക്കുന്നു. ഇരട്ട പിൻക്യാമറകളുമായെത്തുന്ന 'വൺ പ്ലസ് 5' ഫോട്ടോഗ്രാഫി പ്രേമികളെ കയ്യിലെടുക്കുമെന്നു കരുതാം. വൺ പ്ലസിൽ നിന്നും പ്രതീക്ഷിക്കുന്ന മറ്റൊരു മികച്ച ഫോണായ വൺ പ്ലസ് 5 യുടെ റാം 6 ജിബിയോ അല്ലെങ്കിൽ 8 ജിബിയോ ആയിരിക്കുമെന്നാണ് സൂചനകൾ.
മികച്ച ബാക്കപ്പുള്ള ബാറ്ററി പ്രതീക്ഷിക്കുന്ന പുതിയ ഫോണിന്റെ മറ്റു സ്പെസിഫിക്കേഷനുകളൊന്നും ലഭ്യമായിട്ടില്ലെങ്കിലും വെയ്‌ബോയിലൂടെ വൺ പ്ലസ് പുറത്ത് വിട്ട ഈ സൂചനകൾ പുതിയ ഫ്‌ളാഗ്‌ഷിപ് ഫോണിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നതെന്നു ഒരു വിഭാഗം കമന്റുകളായി അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും; ജൂൺ 5 നു വൺ പ്ലസ് ഒരു പ്രധാന പ്രഖ്യാപനം നടത്താനുള്ള സാധ്യതയുമാകാമെന്നാണ് മറ്റൊരു കൂട്ടർ അഭിപ്രായപ്പെടുന്നത്. എന്തായാലും വൺ പ്ലസിൽ നിന്നുള്ള അടുത്ത ഫോണിനായി നമുക്ക് കാത്തിരിക്കാം