യുപിഐ പേയ്മെന്റെ നടത്താനുള്ള പുത്തൻ സംവിധാനം അവതരിപ്പിച്ച് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI). ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിൽ പുതിയ ഫീച്ചർ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) അറിയിച്ചു. ഹലോ യുപിഐ എന്നായിരിക്കും പുതിയ ഫീച്ചർ അറിയപ്പെടുക. പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതോടെ പ്രതിമാസം 100 ബില്യൺ ഇടപാടുകൾ എന്ന ലക്ഷ്യം കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് എൻപിസിഐ പറഞ്ഞു.
നിലവിൽ ഹിന്ദിയിലും ഇംഗ്ലീഷിലും ആയിരിക്കും ഹലോ യുപിഐയുടെ സേവനം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക. ആപ്പുകൾ, ടെലികോം കോളുകൾ, ഐഒടി ഉപകരണങ്ങൾ എന്നിവ വഴി വോയ്‌സ് നൽകി യുപിഐ പേയ്‌മെന്റുകൾ നടത്താൻ ഉപയോക്താക്കളെ സഹായിക്കുന്നതായിരിക്കും പുതിയ ഫീച്ചർ.
എഐ സഹായത്തോടെയായിരിക്കും ഹലോ യുപിഐ പ്രവർത്തിക്കുന്നത്. ബിൽപേ കണക്ട്, ഭാരത് ബിൽപേ എന്നിങ്ങനെ രണ്ട് പേരുകളിലായാണ് സേവനം ഒരുക്കിയിരിക്കുന്നത്. ഇതിനായി പ്രത്യേകം നമ്പറും അവതരിപ്പിച്ചിട്ടുണ്ട്.
എന്നാൽ സ്മാർട്ട് ഫോണോ മൊബൈൽ ഡാറ്റാ ഇല്ലാത്തവർക്കോ ആയി മറ്റൊരു സേവനവും എൻപിസിഐ അവതരിപ്പിച്ചിട്ടുണ്ട്. ഇവർക്ക് നൽകിയിരിക്കുന്ന നമ്പറിൽ മിസ് കോൾ നൽകിയാൽ ബില്ലുകൾ അടയ്‌ക്കാനുള്ള ഓപ്ഷൻ ലഭിക്കുന്നതാണ്. ഇത്തരക്കാർക്ക് സ്ഥിരീകരണത്തിനും പേയ്‌മെന്റ് അംഗീകാരത്തിനുമായി തിരിച്ച് ഒരു കോൾ വരുന്നതാണ്. ഈ കോൾ വഴി ഉപഭോക്താക്കൾക്ക് സംസാരിച്ച് പണം അടയ്ക്കാൻ സാധിക്കും. ബിൽപേ കണക്ടും ഇത്തരത്തിൽ വോയ്‌സ് അസിസ്റ്റഡ് ബിൽ പേയ്‌മെന്റ് സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്.
യുപിഐയിൽ പുതിയ ക്രെഡിറ്റ് ലൈൻ അവതരിപ്പിക്കാനും എൻപിസിഐ ശ്രമിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ യുപിഐ ഇടപാട് അനുസരിച്ച് ബാങ്കുകൾ ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് ലൈൻ നിശ്ചയിക്കുന്നു. ബാങ്കും മൂന്നാം കക്ഷിയും ഉൾപ്പെടെ എല്ലാ യുപിഐ ആപ്പുകളും യുപിഐയിൽ ക്രെഡിറ്റ് ലൈനുകൾ നൽകാനാണ് എൻപിസിഐ പദ്ധതിയിടുന്നത്. ഓഫ്ലൈൻ പേയ്മെന്റുകൾക്കായി യുപിഐ ലൈറ്റ് എക്സ് എന്ന് ഒരു ഓപ്ഷനും ആരംഭിച്ചിരുന്നു. ഇതിന് പുറമെ യുപിഐ ടാപ്പ് ആൻഡ് പേ എന്ന ഒരു ഓപ്ഷനും പുറത്തിറക്കിയിരുന്നു. പരമ്പരാഗത സ്കാൻ ആൻഡ് പേ രീതിക്ക് പുറമേ, എൻഎഫ്‌സി ടാപ്പുചെയ്യാനുള്ള ഓപ്ഷൻ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ നൽകുന്നുണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത.