ഫോണുകളുടെ ഉപയോഗം വർധിക്കുന്നത് പോലെ തന്നെ ഓൺലൈൻ തട്ടിപ്പുകളും ഇന്ത്യയിൽ പെരുകുകയാണ്. പല പല വഴികളിലൂടെയാണ് ആളുകളെ കബളിപ്പിച്ച് വ്യാജന്മാർ പണം തട്ടിയെടുക്കുന്നത്. ഫോൺ കോളുകളിലൂടെയും ചില വ്യാജ ലിങ്കുകളിലൂടെയും സമൂഹമാധ്യമങ്ങൾ വഴിയെല്ലാമാണ് തട്ടിപ്പുകൾ വർധിക്കുന്നത്. ഇതിനായി തട്ടിപ്പുകാരുടെ പക്കൽ പല നൂതന ടെക്നിക്കുകളും ടെക്നോളജിയും ഉണ്ടെന്ന് തന്നെ പറയാം. അതുപോലെ, AI സാങ്കേതിക വിദ്യ ഉപയോഗിച്ചും തട്ടിപ്പുകൾ നടത്തുന്നുണ്ട്. വ്യാജ കോളാണോ എന്ന് തിരിച്ചറിയാൻ സാധിക്കാത്ത പല ഫോൺ കോളുകളും AI- ജനറേറ്റഡ് ആണോ അല്ലയോ എന്നും മനസിലാക്കാൻ സാധിക്കുന്നില്ല എന്ന് തട്ടിപ്പിന് ഇരയായവർ വ്യക്തമാക്കുന്നു.
അടുത്തിടെ നടത്തിയ ഒരു റിപ്പോർട്ടിൽ പറയുന്നത് 69 ശതമാനം ആളുകൾക്കും അത് യഥാർഥ ഫോൺ കോളാണോ അതോ AI കോളാണോ എന്ന് തിരിച്ചറിയാൻ സാധിച്ചില്ലെന്നും, അതുപോലെ 47 ശതമാനം ഇന്ത്യൻ പൌരന്മാർ ഇതുപോലെ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും പറയുന്നു. ഇതിൽ തന്നെ ഇവർക്കുണ്ടായ സാമ്പത്തിക നഷ്ടവും വലുതാണ്. അതായത്, 48 ശതമാനം ഇന്ത്യക്കാർക്കും 50,000 രൂപയിലധികമാണ് നഷ്ടമായത്. അതിനാൽ തന്നെ ഈ തട്ടിപ്പുകളൊന്നും ചില്ലറക്കെണിയല്ലെന്ന് തന്നെ പറയാം.
ഇത്തരം കോൾ ചെയ്യുന്നവർ നിങ്ങൾക്ക് അറിയാവുന്ന ആരുടെയെങ്കിലും സമാനമായ രീതിയിൽ AI ഉപയോഗിച്ച് സൃഷ്ടിച്ച് ബന്ധപ്പെടുകയും പണം ആവശ്യപ്പെട്ട് കബളിപ്പിക്കുകയും ചെയ്യുന്നു. ഇതിന് പ്രതിവിധിയായി ഫോൺ കോൾ തട്ടിപ്പിൽ നിന്ന് എങ്ങനെ സുരക്ഷിതരാകാമെന്ന് നോക്കാം. ഇതിനായി വിളിക്കുന്നവർ ഒറിജിനലാണോ എന്ന് സ്ഥിരീകരിക്കുക. ഇതിനായി നിങ്ങളെ വിളിക്കുന്നയാളോട് നിങ്ങൾക്ക് അറിയാവുന്ന എന്തെങ്കിലും കോഡോ മറ്റോ ഉപയോഗിക്കുക. അല്ലെങ്കിൽ അവർക്ക് മാത്രം അറിയാവുന്ന ചോദ്യം ചോദിക്കാം.
മാത്രമല്ല, അജ്ഞാത കോളുകൾ എടുക്കരുത്. നിങ്ങൾക്ക് അറിയാത്ത ഫോൺ നമ്പരാണെങ്കിൽ അത് വ്യാജമല്ലെന്ന് സ്ഥിരീകരിച്ച ശേഷം മാത്രം തിരിച്ച് വിളിക്കുക. അതുപോലെ ടെക്‌സ്‌റ്റ് മെസേജുകളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതും ഒഴിവാക്കുക. ഇത് നിങ്ങളുടെ ഫോണിൽ മാൽവെയർ ഉണ്ടാകുന്നതിന് കാരണമാക്കും. അല്ലെങ്കിൽ ഇത്തരം ലിങ്കുകൾ മറ്റ് ചില വ്യാജ വെബ്‌സൈറ്റുകളിലേക്ക് നയിച്ചേക്കാം.
കൂടാതെ, ഫോൺ വഴിയോ മെസേജ് വഴിയോ കോണ്ടാക്റ്റ് ചെയ്യുന്ന ആർക്കും OTP പറഞ്ഞുകൊടുക്കരുത്.
ഇനി അഥവാ സ്പാം കോളുകൾ അഥവാ സ്‌കാം കോളുകൾ വന്നാൽ അത് അധികാരികൾക്ക് റിപ്പോർട്ട് ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇതിനായി കേന്ദ്ര സർക്കാരിന്റെ ദേശീയ ഹെൽപ്പ്‌ലൈൻ 155260-ലേക്ക് വിളിക്കാം. cybercrime.gov.in എന്ന ഓൺലൈൻ പോർട്ടൽ വഴിയും പരാതി നൽകാം. ഇത്തരം പരാതികൾ നൽകുന്നതിന് ഏജൻസികളും ലഭ്യമാണ്. ഇങ്ങനെയും സ്പാം കോളുകളിൽ നിന്ന് രക്ഷ നേടാം.