ഫോണുകളുടെ രാജാവായി വിപണി കീഴടക്കിയ നോക്കിയ വീണ്ടും തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ആറ് പതിറ്റാണ്ടുകൾക്ക് ശേഷം ലോഗോ മാറ്റിയത് ഇതിന്റെ ഭാഗമാണെന്ന് വിലയിരുത്താം. ഇപ്പോഴിതാ, ഏറ്റവും കിടിലൻ ഫീച്ചറുകളോടെ ഒരു പുതിയ ബജറ്റ് സ്മാർട്ഫോണാണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്. Nokia C12 Pro എന്ന സ്മാർട്ഫോൺ ഇതാ ഇന്ത്യൻ വിപണിയിലും ഇന്ന് മുതൽ ജൈത്രയാത്ര ആരംഭിച്ചു.
സ്മാർട്ഫോൺ വേണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു സാധാരണക്കാരനും താങ്ങാനാവുന്ന വിലയിലാണ് നോക്കിയ സി12 പ്രോ വന്നിരിക്കുന്നത്. അപ്പോൾ പിന്നെ ഫോണിന്റെ വില എത്രയാണെന്നും, ഫീച്ചറുകൾ എന്തൊക്കെയാണെന്നും പരിശോധിക്കാം.
നോക്കിയ രണ്ട് വേരിയന്റുകളാണ് പുറത്തിറക്കിയിരിക്കുന്നത്. 64 GB സ്റ്റോറേജ്, 2 GB റാമുമുള്ള ഫോണിന് വെറും 6,999 രൂപയാണ് വിലയെന്ന് കേട്ടാൽ നിങ്ങളും ഞെട്ടുമല്ലേ? Nokia C12 Pro യുടെ ഈ മോഡൽ നിങ്ങൾക്ക് നോക്കിയയുടെ ഔദ്യോഗിക സൈറ്റിൽ നിന്നും പർച്ചേസ് ചെയ്യാം.
അതുപോലെ 3 GB റാമും 64 GB സ്റ്റോറേജും വരുന്ന Nokia C12 Pro നിങ്ങൾക്ക് 7,499 രൂപയ്ക്ക് വാങ്ങാവുന്നതാണ്. സിയാൻ, ലൈറ്റ് മിന്റ്, ഗ്രേ നിറങ്ങളിൽ ഫോണുകൾ ലഭ്യമാണ്.
Display: Nokia C12 Pro 60 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള 6.3 ഇഞ്ച് എച്ച്ഡി പ്ലസ് റെസല്യൂഷൻ ഐപിഎസ് എൽസിഡി ഡിസ്പ്ലേയുമായാണ് വരുന്നത്.
Chipset: വേഗതയ്ക്കും മൾട്ടിടാസ്‌ക്കിങ്ങിനുമായി ഈ നോക്കിയ സ്മാർട്ട്‌ഫോണിൽ ഒക്ട കോർ പ്രോസസറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഫോണിലെ ചിപ്‌സെറ്റ് ഏതാണെന്ന് കമ്പനി ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.
Camera: ഫോണിന്റെ പിൻ പാനലിൽ ഒരൊറ്റ പിൻ ക്യാമറയുണ്ട്. എൽഇഡി ഫ്ലാഷോടുകൂടിയ 8 MP ക്യാമറ സെൻസറും ഫോണിൽ വരുന്നു. സെൽഫിക്കും വീഡിയോ കോളിങ്ങിനുമായി 5 മെഗാപിക്സലിന്റെ മുൻ ക്യാമറയുണ്ട്.
Software: ഈ ഏറ്റവും പുതിയ നോക്കിയ സ്മാർട്ട്‌ഫോൺ Android 12 (Go Edition)ൽ പ്രവർത്തിക്കുന്നു. ഈ സ്മാർട്ട്‌ഫോണിന് രണ്ട് വർഷത്തേക്ക് സുരക്ഷാ അപ്‌ഡേറ്റുകൾ തുടർന്നും ലഭിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഒപ്പം ഈ ഫോണും 12 മാസത്തെ റീപ്ലേസ്‌മെന്റ് ഗ്യാരന്റിയോടെയാണ് പുറത്തിറക്കിരിക്കുന്നത്.