സ്മാർട്ട്ഫോൺ വിപണിയെ ഞെട്ടിക്കാൻ നോക്കിയ 9 എത്തുന്നു
സ്നാപ്ഡ്രാഗൺ 835 പ്രോസസർ കരുത്തേകുന്ന നോക്കിയ 9 വരുന്നത് 13 എംപി ഇരട്ടക്യാമറയോടെ
തിരിച്ചു വരവിന്റെ പാതയിൽ മറ്റുള്ള ഫോൺ നിർമ്മാതാക്കളെ ഞെട്ടിക്കാൻ ഒരുങ്ങുകയാണ് നോക്കിയ. നോകിയ 9 ന്റെ ഔദ്യോഗിക അവതരണത്തിന് മുമ്പുതന്നെ ടെക് ലോകം ഏറെ ഉറ്റു നോക്കുന്ന ഈ നോക്കിയ ഫോണിനെക്കുറിച്ചുള്ള നിരവധി സൂചനകളും കിംവദന്തികളും ഓൺലൈനിൽ പരക്കുകയാണ് . നോകിയ 9 ന്റെ പ്രോട്ടോടൈപ്പ് ചിത്രങ്ങൾ ചോർന്നതോടെ നോക്കിയയും അതിന്റെ ഫ്‌ളാഗ്‌ഷിപ്പ് സ്മാർട്ട്ഫോണുമാണ് എവിടെയും ചർച്ച.
നോക്കിയ 9 എന്ന് വിപണിയിലെത്തുമെന്നു ഔദ്യോഗികമായ പ്രഖ്യാപനം കമ്പനി നടത്തിയിട്ടില്ലെങ്കിലും ഈ ഫോണിന്റെ വിശേഷങ്ങൾ ആരായാൻ ധൃതി കൂട്ടൂകയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നോക്കിയ പ്രേമികൾ. ഈ ഫോണിന്റെ ചോർന്ന ചിത്രങ്ങൾ പ്രകാരം നോക്കിയ 9 ൽ ഡ്യുവൽ ക്യാമറ ദൃശ്യമാണ്. രണ്ടു 13 എംപി കാൾസീസ് ലെൻസ് ഉൾപ്പെടുത്തിയെത്തുന്ന സെൻസർ, ഡ്യുവൽ എൽഇഡി ഫ്ളാഷ് എന്നിവയാണ് ഈ ഫോണിലെ ക്യാമറയുടെ പ്രത്യേകതകൾ
ആൻഡ്രോയിഡ് 7.1.1 നൗഗട്ട് ഓഎസിൽ ഏറ്റവും പുതിയ സുരക്ഷാ അപ്ഡേറ്റുകളുമായെത്തുന്ന നോക്കിയ 9 ഫോണിൽ 2560 X 1440 പിക്സൽ റെസല്യൂഷനുള്ള 5.3 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്പ്ലേയാണ് പ്രതീക്ഷിക്കുന്നത്. ക്വാൾകോം സ്നാപ്ഡ്രാഗൺ 835 പ്രോസസർ കരുത്തേകുന്ന ഫോണിൽ , 4 ജിബി എൽപിഡിആർ 4 റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയുണ്ടാകും. ഈ ഫോണിന്റെ തന്നെ 6 ജിബി റാം128 ജിബി വേരിയന്റും ഇതോടൊപ്പം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.