റെയിൽവേ സ്റ്റേഷനിലെ ആ നീണ്ട ക്യൂ ഒഴിവാക്കാൻ ഏറ്റവും മികച്ച മാർഗമാണ് Southern Railway അവതരിപ്പിക്കുന്നത്. അതായത്, യാത്രക്കാർക്ക് റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ അഥവാ ജനറൽ ടിക്കറ്റുകൾ എളുപ്പത്തിൽ ബുക്ക് ചെയ്യാനും ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനുമുള്ള ATVMകളാണ് ദക്ഷിണ റെയിൽവേ വിപുലീകരിക്കുന്നത്.
എട്ട് വർഷം മുമ്പ് ഇന്ത്യൻ റെയിൽവേ എടിവിഎമ്മുകൾ പല സ്റ്റേഷനുകളിലും സ്ഥാപിച്ചിരുന്നതാണ്. ട്രെയിൻ സേവനം ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിൽ ഇനിയും 254 ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനു(ATVM)കൾ സ്ഥാപിക്കാനാണ് Indian Railwayയുടെ തീരുമാനം.
പാലക്കാട് ഡിവിഷനിൽ വരുന്ന തീരദേശ കർണാടകയിലെ മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ മൂന്ന് മെഷീനുകൾ ഉൾപ്പെടെ ആറ് ഡിവിഷനുകളിലായി 254 എടിവിഎമ്മുകൾ സ്ഥാപിക്കും. ചെന്നൈ ഡിവിഷന് 96 എടിവിഎമ്മുകൾ അനുവദിച്ചിട്ടുണ്ട്. തിരുച്ചിറപ്പള്ളിക്ക് 12, മധുരൈ 46, തിരുവനന്തപുരം 50, പാലക്കാട് 38, സേലം ഡിവിഷന് 12 എന്നിങ്ങനെയും സ്ഥാപിക്കും.
ചെന്നൈ (തമിഴ്നാട്) ഡിവിഷനിൽ 34, മധുരയിൽ (തമിഴ്നാട്) 16, പാലക്കാട് (കേരളം) 15, തിരുവനന്തപുരത്ത് (കേരളം) 13 എന്നിങ്ങനെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്ന 99 എടിവിഎമ്മുകൾക്ക് പുറമെയാണ് പുതിയ മെഷീനുകൾ വരുന്നത്.
ടച്ച് സ്‌ക്രീൻ അധിഷ്‌ഠിത മെഷീനുകളാണ് ഈ ATVMകൾ. QR-കോഡും UPI-അധിഷ്‌ഠിത പേയ്‌മെന്റ് സൗകര്യവും ഇതിൽ ലഭിക്കുന്നതാണ്. സബർബൻ, നോൺ-സബർബൻ റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ, പ്രതിമാസ, ത്രൈമാസ സീസൺ പാസ് ടിക്കറ്റുകൾ എന്നിവ വേഗത്തിൽ ബുക്കുചെയ്യാൻ ഇത് സഹായിക്കുന്നു. റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ വാങ്ങാൻ ക്യൂ നിൽക്കുന്നത് ഒഴിവാക്കാൻ ഈ സംവിധാനം യാത്രക്കാരെ സഹായിക്കുന്നു. പ്രാദേശിക ഭാഷകളിലും, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ATVMകൾ കൈകാര്യം ചെയ്യാം.