പുതുമയാർന്ന ഫീച്ചറുകളുമായി നിക്കോൺ Z8 മിറർലെസ് ക്യാമറ ഇന്ത്യയിലെത്തി

Updated on 26-May-2023
HIGHLIGHTS

പുതിയ ഡിഎസ്എൽആർ മിറർലെസ് ക്യാമറ നിക്കോൺ Z8 ഇന്ത്യയിൽ അവതരിപ്പിച്ചു

3,43,995 രൂപയാണ് നിക്കോൺ Z8 ക്യാമറ ബോഡിയ്ക്ക് കമ്പനി നൽകിയിരിക്കുന്നത്

മെയ് 25 മുതൽ രാജ്യത്ത് നിക്കോൺ ഔട്ട്‌ലെറ്റുകളിൽ നിക്കോൺ Z8 ലഭ്യമാകും

നിക്കോൺ ഏറ്റവും പുതിയ ഡിഎസ്എൽആർ മിറർലെസ് ക്യാമറ നിക്കോൺ Z8 (Nikon Z8) ഇന്ത്യയിൽ അവതരിപ്പിച്ചു. പെർഫോമൻസിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലാത്ത പ്രൊഫഷണൽസിനെയാണ് ഈ പുതിയ ക്യാമറയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ലാൻഡ്‌സ്‌കേപ്സും പോർട്രെയ്‌റ്റുകളും മുതൽ സ്‌പോർട്‌സും വൈൽഡ്ലൈഫും വരെയുള്ള ഷൂട്ടിങ് സാഹചര്യങ്ങൾക്കനുയോജ്യമായ വിധത്തിലാണ് ക്യാമറ സജ്ജീകരിച്ചിരിക്കുന്നത്. 45.7 എംപിയുടെ ഫുൾ ഫ്രെയിം സെൻസറും എക്സ്പീഡ് 7 (EXPEED 7) ഇമേജ് പ്രോസസറുമാണ് ക്യാമറയിൽ നൽകിയിരിക്കുന്നത്. വിവിധ സാഹചര്യങ്ങളിൽ ഉയർന്ന ഇമേജ് ക്വാളിറ്റിയും ഈ സെറ്റപ്പ് ഉറപ്പ് നൽകുന്നു. സെക്കൻഡിൽ 120 ഫ്രെയിമുകൾ വരെയാണ് ഷൂട്ട് ചെയ്യാൻ സാധിക്കുന്നത്. സെക്കൻഡിൽ 30 ഫ്രെയിമുകൾ എന്ന കണക്കിൽ 8കെ വീഡിയോ റെക്കോർഡ് ചെയ്യാനും ക്യാമറയ്ക്ക് കഴിയും.

5.5 സ്റ്റോപ്സ് ഉള്ള ഇൻ ബോഡി ഇമേജ് സ്റ്റെബിലൈസേഷൻ, സബ്ജക്ട് ട്രാക്കിങ് സപ്പോർട്ടുള്ള 49 പോയിന്റ് ഓട്ടോഫോക്കസ് സിസ്റ്റം, 3.69 മില്യൺ ഡോട്ട് ഇലക്ട്രോണിക് വ്യൂഫൈൻഡർ, 3.2 ഇഞ്ച് ടിൽറ്റിങ് എൽസിഡി ടച്ച്‌ സ്‌ക്രീൻ, 12 ബിറ്റ് ഇന്റേണൽ 8കെ വീഡിയോ റെക്കോർഡിങ് എന്നിങ്ങനെയുള്ള എണ്ണം പറഞ്ഞ ഫീച്ചറുകളും നിക്കോൺ Z8 ഡിഎസ്എൽആർ മിറർലെസ് ക്യാമറ പായ്ക്ക് ചെയ്യുന്നുണ്ട്.

നിക്കോൺ Z8 വിലയും ലഭ്യതയും (Nikon Z8 Price)

3,43,995 രൂപയാണ് നിക്കോൺ Z8 ക്യാമറ ബോഡിയ്ക്ക് കമ്പനി നൽകിയിരിക്കുന്നത് പ്രൈസ് ടാഗ്. 2023 മെയ് 25 മുതൽ രാജ്യത്ത് ഉടനീളമുള്ള നിക്കോൺ ഔട്ട്‌ലെറ്റുകളിൽ നിക്കോൺ Z8 ലഭ്യമാകും. പ്രോഗ്രേഡ് ഡിജിറ്റലിന്റെ 128GB സിഎഫ്എക്സ്പ്രസ് കാർഡും റീചാർജ് ചെയ്യുന്ന അഡീഷണൽ ലി-അയോൺ ബാറ്ററിയും ക്യാമറയ്ക്ക് ഒപ്പം സൗജന്യമായി ലഭിക്കും. ഇത് ലിമിറ്റഡ് ടൈം ഓഫറാണെന്നത് മറന്ന് പോകരുത്.

നിക്കോൺ Z8 ഫീച്ചറുകൾ

HLG(HEIF) ഫോർമാറ്റിൽ 10 ബിറ്റ് സ്റ്റിൽ ഇമേജുകൾ, ഹൈ റെസ് സൂം, സ്കിൻ സോഫ്റ്റനിങ്, പോർട്രെയിറ്റ് ഇംപ്രഷൻ ബാലൻസ്, മെച്ചപ്പെടുത്തിയ എഐ ഓട്ടോ ഫോക്കസ് അൽഗോരിതം എന്നിവയെല്ലാമാണ് പ്രധാന ഫീച്ചറുകൾ. 10 ബിറ്റ് സ്റ്റിൽ ഇമേജുകൾക്കായുള്ള HLG(HEIF) ഫോർമാറ്റ്, കൂടുതൽ കളറുകളിലും ടോണുകളിലും ചിത്രങ്ങൾ പകർത്താൻ യൂസറിനെ സഹായിക്കും.

ഹൈ റെസ് സൂം.

ഈ ഫീച്ചർ നിങ്ങൾ പക‍ർത്തുന്ന ഫ്രെയിമിലേക്ക് പരമാവധി സൂം ചെയ്യുമ്പോൾ പോലും ഡീറ്റെയ്ൽസ് ഒന്നും തന്നെ നഷ്ടപ്പെടാതിരിക്കാൻ സഹായിക്കുന്നു. സ്കിൻ ടോണുകൾ നഷ്ടപ്പെടാതിരിക്കാൻ സഹായിക്കുന്ന നിക്കോൺ Z8 ക്യാമറയിലെ ഫീച്ചറാണ് സ്കിൻ സോഫ്റ്റനിങ് സൗകര്യം. ഈ ഫീച്ചർ ഉപയോഗിച്ച് സബ്ജക്റ്റിന്റെ സ്കിന്നിലെ "പോരായ്മകൾ" പരിഹരിക്കാമെന്നും ഏറ്റവും മികച്ച "ലുക്ക്സ്" നൽകാൻ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഇനിയുമുണ്ട് നിക്കോൺ Z8 ക്യാമറയിൽ എണ്ണം പറഞ്ഞ നിരവധി ഫീച്ചറുകൾ. പോർട്രെയിറ്റുകൾ മെച്ചപ്പെടുത്താനുള്ള സൗകര്യമാണ് അ‌‌ടുത്തതായി വിശദീകരിക്കുന്നത്. പോർട്രെയിറ്റ് ഇംപ്രഷൻ ബാലൻസ് എന്ന് കമ്പനി വിശേഷിപ്പിക്കുന്ന ഫീച്ച‍ർ ഉപയോഗിച്ച് ബ്രൈറ്റ്നസ്, കോൺട്രാസ്റ്റ്, വാംത്, സാച്ചുറേഷൻ എന്നിവയൊക്കെ നിയന്ത്രിക്കാൻ കഴിയും. എഐ അൽഗോരിതത്തിന്റെ സഹായത്തോടെ മെച്ചപ്പെടുത്തിയ ഓട്ടോഫോക്കസിങ് സംവിധാനം മോശം ലൈറ്റിങ് സാഹചര്യങ്ങളിൽ പോലും നിക്കോൺ Z8 ക്യാമറയിൽ അതിവേഗ ഫോക്കസിങ് ഉറപ്പ് നൽകുന്നു.

Connect On :