ഷവോമി പുറത്തിറക്കിയ വില കുറഞ്ഞ വൈഫൈ സ്മാർട്ട് റൂട്ടർ ശ്രദ്ധേയമാകുന്നു
ഷവോമിയിൽ നിന്നുള്ള പുതിയ റെഡ്മി 4 ഫോൺ രാജ്യത്തെ വിപണിയിലെത്തിയ ശേഷം മറ്റൊരു വ്യത്യസ്ത ഉത്പന്നം കൂടി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.'എംഐ റൂട്ടർ 3 സി' എന്ന ഷവോമിയുടെ വൈഫൈ റൂട്ടറാണ് വിപണിയിലെത്തിയിരിക്കുന്നത്.1,199 എന്ന വളരെ കുറഞ്ഞ വിലയിൽ മികച്ച ഒരു റൂട്ടർ വിപണിയിൽ എത്തിക്കാൻ കഴിഞ്ഞത് നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയിൽ പുറത്തിറക്കിയ ഷവോമിയിൽ നിന്നുള്ള ആദ്യത്തെ സ്മാർട്ട് റൂട്ടറാണ് .'എംഐ റൂട്ടർ 3 സി'.300 എംബിപിഎസ് സപ്പോർട്ടോടുകൂടിയ ഈ 802.11 വൈഫൈ റൂട്ടറിൽ വീടുകളിലേക്കുള്ള ഉപയോഗം മുൻനിർത്തി നിർമ്മിച്ച നാല് മികച്ച ആന്റിനകൾ ഈ ഉത്പന്നത്തെ കൂടുതൽ ആകർഷകമാക്കുന്നു.
നിങ്ങളുടെ ഫോണിൽ നിന്നും സ്മാർട്ട് എംഐ വൈഫൈ അപ്ലിക്കേഷൻ ഉപയോഗിച്ച് ഈ റൂട്ടർ ആക്സസ് ചെയ്യാൻ കഴിയും.ഒന്നിലധികം ഉപകരണങ്ങൾ കണക്റ്റുചെയ്തിട്ടുണ്ടെങ്കിലും സിഗ്നൽ തടസ്സങ്ങൾ ഒഴിവാക്കുന്നതിന് ഈ നാല് ആന്റിനകൾ ചേർന്നുള്ള രൂപകൽപ്പന സഹായകമാണ്.
രണ്ടു ആന്റിനകൾ സിഗ്നലുകൾ ട്രാൻസ്മിറ്റ് ചെയ്യുന്ന ആവശ്യത്തിലേക്കും രണ്ടെണ്ണം സിഗ്നലുകൾ സ്വീകരിക്കുന്ന രീതിയിലുമാണ് ഇതിലെ സർക്യൂട്ട് തയാറാക്കിയിരിക്കുന്നത്. ഇതിൽ രണ്ട് ലാൻ പോർട്ടുകളും , ഒരു വാൻ പോർട്ടും ഉണ്ട്. 20 കമ്പ്യൂട്ടിംഗ് ഉപകരണങ്ങളും 44 ഐ.ഒ.ടി ഉപകരണങ്ങളും ഉൾപ്പെടെ 64 ഉപകരണങ്ങളെ ഈ റൂട്ടർ ഉപയോഗിച്ച് പ്രധാന നെറ്റ്വർക്കിലേക്ക് ബന്ധിപ്പിക്കാൻ കഴിയും.