New Scam: വിവാഹ സീസണിൽ പുതിയ രീതിയിൽ ഓൺലൈൻ കെണികൾ ഒരുക്കി തട്ടിപ്പുകാർ. വാട്സ്ആപ്പ് വഴി Wedding Invitation Scam ആണ് പുതിയതായി നടക്കുന്ന കെണി. വിവാഹം ക്ഷണിക്കുന്ന രീതിയിൽ വാട്സ്ആപ്പ് മെസേജ് അയച്ചാണ് New Scam പ്രചരിക്കുന്നത്.
വിവാഹ ക്ഷണക്കത്തുകളേക്കാൾ ഇന്ന് കൂടുതലും വാട്സ്ആപ്പിലൂടെയാണ് വിവാഹം ക്ഷണിക്കുന്നത്. ദൂരെയുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും പ്രത്യേകിച്ച് വാട്സ്ആപ്പ് വഴിയായിരിക്കും ക്ഷണം. അതുപോലെ ഏറെനാളായി തമ്മിൽ ബന്ധമില്ലാത്ത പഴയ സുഹൃത്തുക്കളെയും ഇങ്ങനെയായിരിക്കും ക്ഷണിക്കുക. ഈ സാഹചര്യം തന്നെയാണ് ഓൺലൈൻ തട്ടിപ്പുകാരും നോക്കുന്നത്.
വാട്സ്ആപ്പിലൂടെ അവസരം മുതലാക്കി ചില കെണികളും പതിയിരിക്കുന്നു. കല്യാണം ക്ഷണിക്കുന്നതായി നടിച്ച് സൈബർ കുറ്റവാളികൾ തട്ടിപ്പ് നടത്തുന്നതായി കേസുകൾ രജിസ്റ്റർ ചെയ്യുന്നു. ഹിമാചൽ പ്രദേശ് പോലീസാണ് പുതിയ രീതിയിലുള്ള തട്ടിപ്പിന് മുന്നറിയിപ്പ് നൽകിയത്. ഇത് വാട്സ്ആപ്പ് വഴി നടക്കുന്ന ഓൺലൈൻ തട്ടിപ്പായതിനാൽ ജാഗ്രത പാലിക്കുക.
നിങ്ങളുടെ ഫോണും വ്യക്തിഗത ഡാറ്റയും അപഹരിക്കാവുന്ന തട്ടിപ്പാണിവ. വാട്സ്ആപ്പിൽ APK ഫയലുകളുടെ രൂപത്തിലാണ് കല്യാണ ക്ഷണം വരുന്നത്. ഇത് തുറന്നാൽ നിങ്ങളുടെ ഡാറ്റയാണ് അപഹരിക്കപ്പെടുക.
നിങ്ങളുടെ ഫോൺ, മെയിൽ ഐഡിയിലേക്ക് ഹാക്കർമാർ കൈ കടത്താൻ ഇത് കാരണമാകും. വ്യക്തിഗത ഡാറ്റ മോഷ്ടിക്കാനും ഉടമയുടെ അറിവില്ലാതെ പണം തട്ടിയെടുക്കാനും Wedding Card Scam കാരണമാകും.
വിവാഹ ക്ഷണക്കത്തെന്ന് പറഞ്ഞാണ് വാട്സ്ആപ്പിൽ മെസേജ് വരുന്നത്. നിങ്ങൾക്കറിയാത്ത നമ്പറുകളിൽ നിന്നായിരിക്കും മെസേജ് വരുന്നത്. പഴയ സുഹൃത്തുക്കളോ പരിചയക്കാരോ എന്ന് വിചാരിച്ച് ഈ മെസേജുകളോ അറ്റാച്ച്മെന്റോ തുറക്കരുത്. ഇവ ശരിക്കും ഹാക്കിങ് ലിങ്കുകളാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു.
ഹാനികരമായ ഈ APK ഫയലുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ഫോണിൽ ഒരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യപ്പെടും. ഈ മാൽവെയർ ആപ്പിന് സെൻസിറ്റീവ് ഡാറ്റ ആക്‌സസ് ചെയ്യാനാകും. നിങ്ങളുടെ പാസ് വേർഡുകളോ, ബാങ്ക് വിവരങ്ങളോ ഇങ്ങനെ അവർക്ക് ലഭിക്കും.
Also Read: സൈബർ പൊലീസിനെ വെർച്വൽ അറസ്റ്റ് ചെയ്ത് തട്ടിപ്പുകാർ! സിനിമാസ്റ്റൈലിൽ തിരിച്ച് പണി| Watch Video
നിങ്ങളുടെ ഫോണിൽ നിന്ന് കോൺടാക്‌റ്റുകളിലേക്ക് ആക്സസും നേടാൻ ഇതിലൂടെ കുറ്റവാളികൾക്ക് സാധിക്കും. അവർ ലഭിക്കുന്ന കോണ്ടാക്റ്റുകളിലേക്ക് മെസേജുകളും കോളുകളും ചെയ്തേക്കും. അതുപോലെ സോഷ്യൽ മീഡിയ ആക്കൌണ്ടുകളിലേക്കും ഇവർക്ക് ആക്സസ് ലഭിച്ചേക്കാം. ഇവരോടെല്ലാം നിങ്ങളാണെന്ന വ്യാജേന പണം അഭ്യർഥന നടത്താനും സാധ്യതയുണ്ട്.
ഇത്തരം തട്ടിപ്പുകൾ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ അത് ബന്ധപ്പെട്ടവരെ അറിയിക്കണം. ഉടനടി സൈബർ സെല്ലിന് വിവരം കൈമാറുക. 1930 എന്ന നമ്പരിൽ വിളിച്ചും ഇത്തരം കാര്യങ്ങൾ അറിയിക്കാം. സൈബർ ക്രൈമിന്റെ https://cybercrime.gov.in എന്ന ഒഫിഷ്യൽ സൈറ്റിലും പരാതിപ്പെടാം.