സാൻസുയി ഹൊറൈസൺ 2 നൗഗട്ട് 4 ജി ഫോൺ 4999 രൂപയ്ക്ക് വിപണിയിൽ
രണ്ടു ജിബി റാമും 16 ജിബി ആന്തരിക സംഭരണ ശേഷിയുമുള്ള പുതിയ സാൻസുയി ഫോണിന് VoLTE പിന്തുണയും പാനിക്ക് ബട്ടനുമുണ്ട്
സാൻസുയിയിൽ നിന്നുമുള്ള പുതിയ സ്മാർട്ട്ഫോൺ 'സാൻസുയി ഹൊറൈസൺ 2' (Sansui Horizon 2) ഇന്ത്യയിലെത്തി. അടിയന്തിര സന്ദർഭങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന പാനിക്ക് ബട്ടൺ ഉൾപ്പെടുത്തിയെത്തുന്ന ഫോണിന് രണ്ടു ജിബി റാമും 16 ജിബി ആന്തരിക സംഭരണ ശേഷിയുമാണുള്ളത്. 1280 x 720 പിക്സൽ റെസലൂഷൻ നൽകുന്ന 5 ഇഞ്ച് ഐ.പി.എസ് ഡിസ്പ്ളേയോട് കൂടിയ ഫോണിൽ 4 ജി കണക്റ്റിവിറ്റിയും VoLTE പിന്തുണയുമുണ്ട്.
ഡ്യുവൽ ടോൺ എൽ.ഇ.ഡി ഫ്‌ളാഷോടു കൂടിയ 8 മെഗാപിക്സൽ പിൻക്യാമറയും 5 മെഗാപിക്സൽ സെൽഫി ഷൂട്ടറുമുള്ള ഫോൺ ഏറ്റവും പുതിയ ആൻഡ്രോയിഡ് വെർഷനായ നൗഗട്ടിലാണ് പ്രവർത്തിക്കുന്നത്.1.25 ജിഗാ ഹെർട്സ് വേഗതയിൽ പ്രവർത്തിക്കുന്ന ക്വാഡ് കോർ മീഡിയാടെക് MT6737V പ്രോസസറാണ് സാൻസുയി ഹൊറൈസൺ 2 സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്.
രണ്ടു സിമ്മുകൾ ഉപയോഗിക്കാവുന്ന ഫോണിൽ 2450 എം.എ.എച്ച് ശേഷിയുള്ള ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്.4999 രൂപ വില വരുന്ന ഫോൺ ഫ്ലിപ്കാർട്ട് വഴി വാങ്ങാൻ കഴിയും. വിലകുറഞ്ഞ 4 ജി ഫോൺ വാങ്ങാൻ ലക്ഷ്യമിടുന്നവർക്കു പറ്റിയ മികച്ച ഒരു ചോയ്‌സ് ആയിരിക്കും സാൻസുയി ഹൊറൈസൺ 2.