വരാനിരിക്കുന്ന ഗാലക്‌സി സി-10 ഫോണിന്റെ ചിത്രങ്ങൾ പുറത്ത്
ഇരട്ട ക്യാമറകളോടെയാകും ഗാലക്‌സി സി -10 ഫോണിന്റെ വരവ്
സാംസങ്ങിൽ നിന്നും ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മികച്ച ഫോട്ടോഗ്രാഫി സവിശേഷതകളോടെയുള്ള ഫോൺ ഗാലക്‌സി സി-10 ന്റെ ചിത്രങ്ങൾ പുറത്ത് വന്നു. ഈ ചിത്രങ്ങൾ സൂചിപ്പിക്കുന്നതനുസരിച്ച് ഇരട്ട ക്യാമറകളോടെയാകും ഗാലക്‌സി സി- 10 ഫോണിന്റെ വരവ്.
ഗാലക്‌സി ജെ 7 (2017) ന്റെ ചൈനീസ് വേർഷനിലും, ഗാലക്‌സി നോട്ട് 8 നിലും സമാനമായ ഒരു ക്യാമറയാണ് പ്രതീക്ഷിക്കുന്നത് എങ്കിലും ഇവയിൽ ഏതായിരിക്കും ആദ്യം വിപണിയിലെത്തുക എന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം. കൂടുതൽ ക്യാമറാ മികവ് പുലർത്തുന്ന രൂപകൽപ്പന സാംസങ്ങ് പിന്തുടരുന്നു എന്നതിന്റെ സൂചനകളാണ് ഈ മോഡലുകളെ സംബന്ധിച്ച സൂചനകൾ വ്യക്തമാക്കുന്നത്.
ചൈനീസ് ഭാഷയിലുള്ള സാംസങ്ങ് ഫാൻസ് എന്ന ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യപ്പെട്ട സന്ദേശത്തോടൊപ്പമാണ് വരാനിരിക്കുന്ന ഗാലക്‌സി സി -10 ഫോണിന്റെ ചിത്രങ്ങൾ പ്രചരിക്കുന്നത്. നേരത്തെ പുറത്ത് വന്ന ചിത്രങ്ങളേക്കാൾ മികച്ചത് എന്ന വിശേഷണത്തോടെ പോസ്റ്റ് ചെയ്തിരിക്കുന്ന പടത്തിൽ ഇരട്ട ക്യാമറകൾ വളരെ വ്യക്തമായി കാണാം.