സൗദിയിൽ ഫോൺ കോളുകളിൽ പുതിയ നടപടിയുമായി ഭരണകൂടം. അജ്ഞാത കോളുകൾക്കും തട്ടിപ്പുകൾക്കും പൂട്ടിടുന്ന പുതിയ നീക്കമാണ് സൗദി ഡിജിറ്റൽ റെഗുലേറ്ററായ കമ്മ്യൂണിക്കേഷൻസ്, സ്‌പേസ് ആൻഡ് ടെക്‌നോളജി കമ്മീഷൻ (സിഎസ്‌ടി) കൊണ്ടുവന്നിരിക്കുന്നത്. ഇതനുസരിച്ച് phone call ചെയ്യുന്ന ആളുടെ പേരും വ്യക്തി വിവരങ്ങളും അറിയാൻ സാധിക്കും. പുതിയ നിയമത്തെ കുറിച്ച് കൂടുതലറിയാം…
മൊബൈൽ ഫോൺ വിളിക്കുന്നയാളുടെ പേരും ഐഡന്റിറ്റിയും ഇനിമുതൽ ദ്യശ്യമാകണമെന്നതാണ് നിയമം. 2023 ഒക്‌ടോബർ 1ന്, ഞായറാഴ്‌ച മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വരുന്നത്. അതായത്, നിങ്ങളുടെ ഫോണിലേക്ക് വിളിക്കുന്നയാളുടെ പേരും നമ്പറും കോൾ ലോഗിൽ പ്രദർശിപ്പിക്കണമെന്നതാണ് നിബന്ധന.
2Gയോ 3Gയോ 4Gയോ 5Gയോ ആയാലും, വിളിക്കുന്നയാളുടെ പേരും നമ്പറും സ്ക്രീനിൽ പ്രദർശിപ്പിക്കാൻ കഴിയണമെന്ന് നിർദേശത്തിൽ പറയുന്നുണ്ട്. സൗദി ഗസറ്റ് എന്ന മാധ്യമം പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് പുതിയ നിയമത്തെ കുറിച്ച് വിവരിക്കുന്നത്.
വിളിക്കുന്നയാളെ ഇനി അറിയാം…
എന്നാൽ, നിയമപരമായ സ്ഥാപനങ്ങളിൽ നിന്നുള്ള കോളുകളുടെ വിശ്വാസ്യത വർധിപ്പിക്കാനാണ് ഈ പുതിയ സേവനം ലക്ഷ്യമിടുന്നതെന്ന് സിഎസ്ടി വ്യക്തമാക്കിയിട്ടുണ്ട്. സ്‌പൂഫിങ് കോളുകൾ കുറയ്ക്കുന്നതിന് ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ആധുനിക സാങ്കേതികവിദ്യകൾ വഴി കൂടുതൽ സുരക്ഷ ഒരുക്കുകയെന്നതാണ് ലക്ഷ്യം.
എന്നാൽ വരുന്ന കോളുകൾ ഏതെങ്കിലും നിയമപരമായ സ്ഥാപനത്തിന്റെയോ വ്യക്തികളുടെയോ ആണെങ്കിൽ മാത്രമാണ് കോൾ സ്വീകരിക്കുന്ന കോൾ ലോഗിൽ അത് ദൃശ്യമാകുകയുള്ളൂ.
വിളിക്കുന്നയാളുടെ ഐഡന്റിറ്റി അറിയാൻ കോൾ സ്വീകരിക്കുന്നയാളെ പ്രാപ്തമാക്കുന്ന ഈ ഫീച്ചർ എന്തായാലും ഉപയോക്താക്കൾക്ക് വളരെ ഉപകാരം ചെയ്യും. എന്നാൽ ഈ സേവനം ലഭിക്കണമെങ്കിൽ ഉപയോക്താക്കൾ പുതിയതായി ഒന്നും ചെയ്യേണ്ടതില്ല.