PAN Card ഇന്ന് എല്ലാവർക്കും അത്യാവശ്യമുള്ള രേഖയായി മാറിക്കഴിഞ്ഞു. ബാങ്ക് ഓപ്പൺ ചെയ്യുന്നത് മുതൽ നികുതി അടയ്ക്കുന്നതിന് വരെ പാൻ കാർഡ് വേണം. Permanent Account Number എന്നാണ് PAN കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ പാൻ കാർഡ് ശരിക്കും സുരക്ഷിതമാണോ? അതിലൂടെ വേഗത്തിൽ സേവനം ലഭ്യമാകുമോ? ഇതിനെല്ലാം ഉത്തരവുമായാണ് കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതി എത്തിയിട്ടുള്ളത്.
PAN 2.0 Project എന്ന പുതിയ പദ്ധതിയാണ് സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi)യുടെ നേതൃത്വത്തിലുള്ള സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി (CCEA)പദ്ധതിയ്ക്കുള്ള അനുമതി നൽകി. 1,435 കോടി രൂപ ബജറ്റാണ് പാൻ 2.0യ്ക്കായി കേന്ദ്രം അനുവദിച്ചിരിക്കുന്നു. ഇപ്പോഴുള്ള പാൻ കാർഡിൽ നിന്ന് പാൻ 2.0 എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? പരിശോധിക്കാം.
നികുതിയുമായി ബന്ധപ്പെട്ട സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള ചുവടുവയ്പ്പാണിത്. QR code ഉൾപ്പെടുത്തിയുള്ള പാൻ കാർഡായാരിക്കും ഇതിലുണ്ടാകുക. സർക്കാർ സ്ഥാപനങ്ങളുടെ എല്ലാ ഡിജിറ്റൽ സംവിധാനങ്ങളിലും പാൻ ഒരു പൊതു തിരിച്ചറിയൽ രേഖയാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സേവനങ്ങൾ വേഗത്തിലാക്കാൻ ക്യുആർ കോഡ് സ്കാനിങ് മതി. ഇനി പാൻ കാർഡ് കോപ്പിയെടുത്തും മറ്റും മെനക്കെടേണ്ട.
ഇപ്പോഴുള്ള പാൻ സംവിധാനത്തിന്റെ വിപുലമായ ആവർത്തനമായിരിക്കും ഇത്. പുതിയ പദ്ധതിയിലൂടെ ബിസിനസ്സും പൗര കേന്ദ്രീകൃത പ്രവർത്തനങ്ങളും കാര്യക്ഷമമാക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. രജിസ്ട്രേഷൻ സേവനങ്ങൾ വേഗത്തിലാക്കാനും , കടലാസ് പ്രവർത്തനങ്ങൾ പരിമിതപ്പെടുത്താനും ഇത് സഹായിക്കും.
പാൻ 2.0 കൊണ്ടുവരുന്നതിലൂടെയുള്ള നേട്ടങ്ങൾ തന്നെ ആദ്യം പരിചയപ്പെടാം. പാൻ 2.0 പ്രോജക്റ്റ് നികുതി ദായകർക്ക് നിരവധി ആനുകൂല്യങ്ങൾ ഓഫർ ചെയ്യുന്നു. ഇത് ഒരു അഡ്നാൻസ് ടെക്നോളജി മാത്രമല്ല, ഡിജിറ്റൽ ഇന്ത്യയുടെ സുപ്രധാന ചുവടുവയ്പ്പ് കൂടിയാകുന്നു.
നികുതിദായകരുടെ രജിസ്ട്രേഷൻ സേവനങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു ഇ-ഗവേണൻസ് സംരംഭമാണിത്. ഈ പ്രോജക്റ്റ് നിലവിലുള്ള പാൻ/ടാൻ 1.0 ഇക്കോസിസ്റ്റത്തിൽ നിന്നുള്ള അപ്ഡേഷനാണെന്ന് പറയാം. ഇങ്ങനെ യൂസേഴ്സിന് മെച്ചപ്പെട്ട ഡിജിറ്റൽ അനുഭവം നൽകുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സൗജന്യമായി നിങ്ങൾക്ക് പാൻ അപ്‌ഗ്രേഡ് ചെയ്യാമെന്നതാണ് അറിയിപ്പ്. പൊതുജനങ്ങളിൽ നിന്ന് ഇതിനായി യാതൊരു പണവും ഈടാക്കുന്നില്ല. അതുപോലെ നിങ്ങളുടെ നിലവിലെ പാൻ നമ്പറിൽ വ്യത്യാസം വരുന്നില്ല. പുതിയ കാർഡിൽ ക്യുആർ കോഡ് കൂടി ഉൾപ്പെടുത്തി ലഭിക്കുന്നു എന്നതാണ് വ്യത്യാസം.