10 ഇഞ്ച് ടാബാണ് മോട്ടോയിൽ നിന്നും ഉടൻ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്
സ്മാർട്ട് ഫോണിലെ വൈവിധ്യമാർന്ന ശ്രേണിക്ക് പിന്നാലെ ടാബ്‌ലെറ്റ് പിസിയിലും ഒരു കൈനോക്കാനുള്ള ശ്രമത്തിലാണ് മോട്ടോറോളയിപ്പോൾ. ഇന്ത്യയിലും വിദേശത്തും മോട്ടോ ബ്രാൻഡിനുള്ള ജനസമ്മതി മുതലെടുക്കാനുള്ള മറ്റൊരു ശ്രമമാണ് ടാബ് പുറത്തിറക്കുന്നതിലൂടെ ഇവർ നടത്തുന്നത്. ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന 10 ഇഞ്ച് ടാബാണ് മോട്ടോയിൽ നിന്നും ഉടൻ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്.
മോട്ടോറോള നിരവധി സവിശേഷതകളുള്ള ഒരു ടാബിന്റെ പണിപ്പുരയിലാണെന്നുള്ള വിവരമല്ലാതെ ടാബിന്റെ മറ്റു സ്പെസിഫിക്കേഷനുകൾ സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. നിലവിൽ ലഭ്യമാകുന്ന സൂചനകൾ പ്രകാരം ആൻഡ്രോയിഡിലെ മൾട്ടിടാസ്‌ക് യൂസർ ഇന്റർഫേസിന്റെ സഹായമില്ലാതെ തന്നെ ആപ്പുകൾ സ്വിച്ച് ചെയ്ത ഉപയോഗിക്കാൻ കഴിയുന്ന 'പ്രൊഡക്റ്റിവിറ്റി മോഡ്' ആണ് ഈ ഉല്പന്നത്തിന്റെ ഒരു പ്രധാന സവിശേഷതയായി ചൂണ്ടിക്കാട്ടുന്നത്.
ഇപ്പോൾ ലെനോവോയുടെ സാരഥ്യത്തിൽ വിപണിയിൽ മുന്നേറുന്ന മോട്ടോ ബ്രാൻഡിൽ നിന്നുള്ള പുതിയ ടാബിന് ലെനോവോ യോഗ ടാബുകളിലെ ചില സവിശേഷതകളും കാണുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. നിലവിലെ ലെനോവോ യോഗ പരമ്പരയിലെ ടാബുകളിൽ കാണപ്പെടുന്ന ''നാവിഗേഷൻ ബാറിലെ പ്രത്യേക ആപ്പ് ഡ്രോയർ ബട്ടൺ'' ഇത്തരത്തിൽ പുതിയ മോട്ടോ ടാബിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് .