സൈബർ ലോകത്ത് മാൽവെയറുകൾ പുതിയ സംഭവമല്ല. തട്ടിപ്പുകൾക്കും വിവരങ്ങൾ ചോർത്തി ഭീഷണിപ്പെടുത്തുന്നതിനുമെല്ലാം ഹാക്കർമാർ മാൽവെയറുകൾ ഉപയോഗിക്കുന്നു. ഇപ്പോഴിതാ, പുതിയതായി ഒരു മാൽവെയർ ഏകദേശം 90 ലക്ഷം ആൻഡ്രോയിഡ് ഉപകരണങ്ങളെ ആക്രമിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ആൻഡ്രോയിഡ് ഉൾപ്പെടുത്തിയിട്ടുള്ള സ്‌മാർട്ട്‌ഫോണുകൾ, സ്മാർട് വാച്ചുകൾ, ടിവികൾ, ടിവി ബോക്‌സുകൾ എന്നിവയെ എല്ലാം Guerilla എന്ന് വിളിക്കപ്പെടുന്ന മാൽവെയർ ബാധിച്ചതായാണ് ലഭിക്കുന്ന വിവരം.
ആൻഡ്രോയിഡ് ഉപയോക്താക്കളുടെ അക്കൗണ്ടുകളെയും വ്യക്തിഗത ഡാറ്റയെയും ഗറില്ല മാൽവെയർ ചോർത്തി എടുത്തതായി ജാപ്പനീസ് മൾട്ടിനാഷണൽ സൈബർ സുരക്ഷാ സോഫ്റ്റ്വെയർ കമ്പനിയായ ട്രെൻഡ് മൈക്രോ വ്യക്തമാക്കുന്നു.
180 ലധികം രാജ്യങ്ങളിലുള്ള Android ഉപകരണങ്ങളിലാണ് മാൽവെയർ ആക്രമണം നേരിട്ടത്. അതും ഇന്ത്യയിലും അമേരിക്ക, റഷ്യ, ദക്ഷിണാഫ്രിക്ക, അംഗോള, ഇന്തോനേഷ്യ, തായ്‌ലൻഡ്, ഫിലിപ്പീൻസ്, അർജന്റീന, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലും Malware ആക്രമണം ഉണ്ടായതായി പറയപ്പെടുന്നു.കൃത്യമായി പറഞ്ഞാൽ 8.9 ദശലക്ഷം Android ഉപകരണങ്ങളെ ഈ സൈബർ ആക്രമണം ബാധിക്കപ്പെട്ടു.
ഈ മാൽവെയറുകൾ വാട്സ്ആപ്പുകൾ ഹാക്ക് ചെയ്തതായും, മെസേജുകളിലൂടെ OTP ആക്സസ് ചെയ്തതായും, റിവേഴ്സ് പ്രോക്സി സെറ്റ് ചെയ്തതായും, ഉപയോക്താക്കൾ അറിയാതെ ഫയലുകൾ ലോഡുചെയ്തതായും റിപ്പോർട്ടുകൾ വിവരിക്കുന്നു.
ഒരു കമ്പ്യൂട്ടറിനെയോ നെറ്റ്‌വർക്കിനെയോ സെർവറിനെയോ ദോഷകരമായി ബാധിക്കുന്ന പ്രോഗ്രാം അല്ലെങ്കിൽ കോഡിനെ മാൽവെയർ എന്ന് പറയാം. വിവരങ്ങൾ ചോർത്തുക എന്ന ലക്ഷ്യത്തോടെ സൈബർ കുറ്റവാളികളാണ് ഇവ സൃഷ്ടിക്കുന്നത്. ഭീഷണിപ്പെടുത്തി പണമുണ്ടാക്കുക, രഹസ്യ ഡാറ്റ മോഷ്ടിക്കുക, അട്ടിമറി എന്നിവയൊക്കെയാണ് മാൽവെയർ സൃഷ്ടിക്കുന്നതിലൂടെ ഹാക്കർമാർ ഉദ്ദേശ്യം വയ്ക്കുന്നത്. പല തരത്തിലുള്ള മാൽവെയറുകളുണ്ട്. Adware, Spyware, Fileless Malware, Trojan, Rootkits തുടങ്ങിയവയാണ് പ്രധാനപ്പെട്ട മാൽവെയറുകൾ.
നിങ്ങളുടെ ഫോണോ കമ്പ്യൂട്ടറോ മറ്റ് ഉപകരണങ്ങളോ ഇത്തരത്തിൽ മാൽവെയറുകളുടെ ആക്രമണത്തിൽ ബാധിക്കപ്പെട്ടോ എന്നും മനസിലാക്കാനാകും. ഇതിനായി ഉപകരണങ്ങളിൽ ചില സൂചനകൾ കാണാം.
അതായത്, ഫോണിന്റെ/കമ്പ്യൂട്ടറിന്റെ വേഗത കുറഞ്ഞാൽ, ഇടയ്ക്കിടെ വരുന്ന അസാധാരണമായ പരസ്യങ്ങളും പോപ്പ്- അപ്പുകളും, ബാറ്ററി ലൈഫ് കുറയുന്നത്, ബ്രൗസർ സെറ്റിങ്സ് ഓട്ടോമാറ്റിക്കായി മാറുന്നത്, മൊബൈലിൽ നിങ്ങൾക്ക് പരിചിതമല്ലാത്ത ആപ്പുകൾ വരുന്നത്, ഫോണിലെ ഇന്റർനെറ്റ് അമികമായി ഉപയോഗിക്കപ്പെടുന്നത്, ഫയലുകളിലേക്കോ കമ്പ്യൂട്ടറിലേക്കോ ആക്സസ് നഷ്ടപ്പെടുന്നത്, കോണ്ടാക്റ്റിലുള്ള നമ്പരുകളിൽ നിന്ന് വരം അസാധാരണമായ ചില മെസേജുകൾ വരുന്നത് എന്നിവയെല്ലാം നിങ്ങളുടെ ഉപകരണത്തിൽ മാൽവെയർ ആക്രമിച്ച് ഉണ്ടായെന്നുള്ള സൂചനകൾ നൽകുന്നു.