എയർടെൽ ബ്രോഡ്ബാൻഡിൽ നേരത്തേ 30 ജിബി ലഭിച്ചു വന്നിരുന്ന 899 പ്ലാൻ ഇപ്പോൾ 60 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു; മാറ്റം ജിയോ ഫൈബറിനോടു മത്സരിക്കാൻ
റിലയൻസ് ജിയോയുടെ വരവോടെ ടെലികോം മേഖലയിൽ ശക്തമായ മത്സരം ഉണ്ടായിരുന്നെങ്കിലും, ജിയോ ഫൈബറിലൂടെ ബ്രോഡ്ബാൻഡ് വിഭാഗത്തിലേക്ക് കൂടി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ കടക്കുന്നതോടെ മത്സരം ശക്തമാക്കാനൊരുങ്ങുകയാണ് രാജ്യത്തെ മറ്റു ബ്രോഡ്ബാൻഡ് സേവനദാതാക്കൾ.
ഈ മത്സരത്തിന്റെ ആദ്യ ഘട്ടം എന്ന രീതിയിൽ തങ്ങളുടെ ഉപഭോക്താക്കൾക്ക് നിലവിലുള്ളതിനേക്കാൾ 100 ശതമാനം അധിക ഡാറ്റ നൽകുന്ന പ്ലാനുകളുമായി എയർടെൽ ബ്രോഡ്ബാൻഡ് രംഗത്തെത്തിയിരിക്കുകയാണ്. വരിക്കാർക്ക് കൂടുതൽ ഡാറ്റ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ടുള്ള എയർടെല്ലിന് പിന്നാലെ ഈ രംഗത്തെ മറ്റു പ്രമുഖരും മത്സരത്തിൽ പങ്കുചേരാനെത്തുമെന്നു പ്രതീക്ഷിക്കാം.
ഇപ്പോൾ നിലവിലുള്ള ബ്രോഡ്ബാൻഡ് പ്ലാനുകളിൽ നൽകുന്ന അതേ വാടകയിൽ തന്നെ നിലവിലുള്ളതിനേക്കാൾ 100 ശതമാനം കൂടുതൽ ഡാറ്റാ ബെനഫിറ്റ് ആണ് ഭാരതി എയർടെൽ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. എയർടെല്ലിന്റെ പുതിയ പ്ലാൻ അനുസരിച്ച്നേരത്തേ 30 ജിബി ലഭിച്ചു വന്നിരുന്ന 899 പ്ലാൻ ഇപ്പോൾ 60 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട് . 1099 പ്ലാൻ മുൻപുള്ള 50 ജിബി ക്ക് പകരം 90 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. നിലവിലുള്ള എയർടെൽ ഉപഭോക്താക്കളുടെ പ്ലാനുകൾ നിലവിലെ ബിൽ സൈക്കിളിൽ തന്നെ പുതിയ ആനുകൂല്യങ്ങളിലേക്ക് സ്വയം അപ്ഗ്രേഡ് ചെയ്യപ്പെടും.