സ്മാർട്ട് ഫോണുകൾക്ക് മികച്ച ഫോട്ടോഗ്രാഫി സൗകര്യം ,വേറിട്ട ഗെയിമിങ് അനുഭവം, അതിവേഗ ചാർജിംഗ് എന്നീ സവിശേഷതകൾ സമ്മാനിക്കുന്ന രണ്ടു പുത്തൻ പ്രോസസറുകളുമായി ക്വാൾകോം
ക്വാൾകോമിൽ നിന്നും ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന രണ്ടു പ്രോസസറുകൾ അവതരിപ്പിക്കപ്പെട്ടു.സ്നാപ്ഡ്രാഗൺ പ്രോസസറുകളുടെ ശേഷിയിൽ പുത്തൻ വിശേഷണങ്ങൾ എഴുതിച്ചേർക്കാൻ തക്ക രീതിയിൽ കരുത്തുറ്റവയാണ് പുതിയതായെത്തുന്ന രണ്ടു മൊബൈൽ പ്രോസസറുകൾ. സ്നാപ്ഡ്രാഗൺ 630, സ്നാപ്ഡ്രാഗൺ 660 എന്നിവയാണ് മൊബൈൽ ഫോണുകളിൽ വിസ്മയം സൃഷ്ടിക്കാനെത്തുന്ന ക്വാൾകോമിന്റെ പുതിയ തുറുപ്പുചീട്ടുകൾ.
ഫോട്ടോഗ്രാഫിയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള സ്മാർട്ട് ഫോൺ ഉപയോഗം മുന്നിൽ കണ്ടുകൊണ്ട് മികച്ച ചിത്രങ്ങൾ സമ്മാനിക്കുന്ന രീതിയിൽ പ്രോസസറുകളെ ചിട്ടപ്പെടുത്താൻ ക്വാൾകോം പുതിയ പ്രോസസറുകളിലൂടെ ശ്രമിച്ചിട്ടുണ്ട്. ഗെയിമിങ്ങിനായി ഫോണുകളെ ആശ്രയിക്കുന്നവരെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന രീതിയിൽ പ്രോസസിംഗ് ചേരുവകൾ ഉൾപ്പെടുത്തിയെത്തുന്ന ഈ പുതിയ ഉത്പന്നങ്ങൾ അതിവേഗ എൽ.ടി.ഇ കണക്റ്റിവിറ്റിയും, അതിവേഗത്തിലുള്ള ചാർജിംഗും വാഗ്‌ദാനം ചെയ്യുന്നു.
ലോകത്തെമ്പാടുമുള്ള മൊബൈൽ നിർമ്മാതാക്കൾക്ക് ലഭ്യമാകുന്ന വിധത്തിൽ മെയ് 9 നു സിംഗപ്പൂരിൽ വച്ച് നടന്ന ചടങ്ങിൽ പുറത്തിറക്കപ്പെട്ട ഈ രണ്ടു പുത്തൻ പ്രോസസറുകൾ സ്മാർട്ഫോൺ വിപണിയെ സ്വാധീനിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.സ്നാപ്ഡ്രാഗൺ 625 പ്രോസസറിന്റെ മികച്ച അപ്ഗ്രേഡ് ആയി കരുതുന്ന സ്നാപ്ഡ്രാഗൺ 630 കുറഞ്ഞ ഊർജ്ജ ഉപഭോഗത്തിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുമെന്നാണ് വിലയിരുത്തൽ. സ്നാപ്ഡ്രാഗൺ 653 ന്റെ പരിഷ്കരിച്ച രൂപമായാണ് സ്നാപ്ഡ്രാഗൺ 660 എത്തുന്നത്.