ഈ അടുത്തായിട്ടാണ് വരുമാനവും ഉപയോക്താക്കളുടെ എണ്ണവും വർധിപ്പിക്കുന്നതിന്റെ ഭാഗമായി നെറ്റ്ഫ്ലിക്‌സ് (Netflix) പരസ്യത്തോട് കൂടിയ പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ വിവിധ രാജ്യങ്ങളിൽ അവതരിപ്പിച്ചത്. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ചില വിപണികളിൽ പാസ്‌വേഡ് ഷെയറിംഗും അവസാനിപ്പിച്ചിരുന്നു. ഇതിന് മുന്നോടിയായി പാസ്‌വേഡ് ഷെയറിംഗ് ഓപ്ഷൻ ഘട്ടം ഘട്ടമായി എല്ലാവർക്കും അവസാനിക്കുമെന്ന് മുൻ നെറ്റ്ഫ്ലിക്‌സ് (Netflix) സിഇഒ റീഡ് ഹേസ്റ്റിംഗ്‌സ് കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ നെറ്റ്ഫ്ലിക്‌സ് (Netflix) പാസ്‌വേഡ് ഷെയറിംഗ് എല്ലാ ഉപയോക്താക്കൾക്കും ഉടൻ അവസാനിക്കുമെന്ന് പുതിയ കോ-ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാരായ (സിഇഒ) ഗ്രെഗ് പീറ്റേഴ്‌സും ടെഡ് സരണ്ടോസും ബ്ലൂംബർഗിന് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു. നെറ്റ്ഫ്ലിക്സ് (Netflix) ഉപയോഗിക്കുന്നതിന് സുഹൃത്തുക്കളെയും മറ്റുള്ളവരെയും ആശ്രയിക്കുന്ന ഇന്ത്യക്കാർക്ക് ഇനി മുതൽ പ്ലാറ്റ്‌ഫോമിൽ ആക്‌സസ് ലഭിക്കാൻ പണം നൽകേണ്ടിവരുമെന്ന് ഇത് സൂചിപ്പിക്കുന്നു.
റിപ്പോർട്ട് അനുസരിച്ച് നെറ്റ്ഫ്ലിക്‌സിനായി പണമടയ്ക്കാത്ത എന്നാൽ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ഭൂരിഭാഗം ഉപയോക്താക്കളും ഉടൻ തന്നെ നെറ്റ്ഫ്ലിസ് (Netflix)കാണുന്നതിന് പണം നൽകേണ്ടിവരുമെന്ന് പീറ്റേഴ്‌സ് പറഞ്ഞു. എന്നിരുന്നാലും, നിയന്ത്രിത പാസ്‌വേഡ് പങ്കിടൽ പുറത്തിറക്കിയതിന് ശേഷവും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ഉപഭോക്തൃ അനുഭവം നഷ്‌ടപ്പെടുത്തില്ലെന്ന് പീറ്റേഴ്‌സ് വെളിപ്പെടുത്തി.അതേസമയം, ആഗോളതലത്തിൽ പാസ്‌വേഡ് പങ്കിടൽ പരിമിതപ്പെടുത്തിയാൽ അസന്തുഷ്‌ടരായ നിരവധി ഉപഭോക്താക്കൾ ഉണ്ടാകുമെന്നും അദ്ദേഹം അംഗീകരിച്ചു. എന്നാൽ ഇന്ത്യ പോലുള്ള വലിയ രാജ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വരിക്കാരുടെ എണ്ണം 15-20 ദശലക്ഷം വർദ്ധിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നു. നെറ്റ്ഫ്ലിക്‌സ് ഉപയോഗിക്കുന്നതിന് നിലവിൽ പണം നൽകാത്ത എല്ലാ ഉപയോക്താക്കളും പണം നൽകേണ്ടി വരുമെന്ന് പീറ്റേഴ്‌സ് കൂട്ടിച്ചേർത്തു.
ഒരു കുടുംബത്തിൽ അല്ലാത്തവർ തമ്മിൽ പാസ്‌വേഡുകൾ പങ്കിടാനുള്ള ഓപ്ഷൻ നെറ്റ്ഫ്ലിക്സ് ഉടൻ പ്രവർത്തനരഹിതമാക്കും. സൗജന്യ പാസ്‌വേഡ് ഷെയറിങ് തടയുക എന്ന ലക്ഷ്യത്തോടെ നെറ്റ്ഫ്ലിക്സ് ഓരോ ഉപയോക്താക്കൾക്കും നിരക്ക് ഈടാക്കാൻ തുടങ്ങിയേക്കാം. നിങ്ങളുടെ വീടിന് പുറത്തുള്ള ആരുമായും നിങ്ങളുടെ നെറ്റ്ഫ്ലിക്സ് പാസ്‌വേഡ് പങ്കിടുകയാണെങ്കിൽ ആ വ്യക്തി പ്രൊഫൈൽ ഉപയോഗിക്കുന്നതിന് ഒരു ഫീസ് നൽകേണ്ടിവരും. പണം നൽകാതെ ആർക്കും ഇനിമുതൽ അവരുടെ സുഹൃത്തിന്റെ നെറ്റ്ഫ്ലിക്സ് പ്രൊഫൈൽ ഉപയോഗിക്കാൻ കഴിയില്ല.
കോസ്റ്റാറിക്ക, ചിലി, പെറു എന്നിവയുൾപ്പെടെ ചില ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സ് പുതിയ പാസ്‌വേഡ് പങ്കിടൽ ഓപ്ഷൻ പരീക്ഷിക്കുന്നുണ്ട്. ഈ മാർക്കറ്റുകളിൽ, സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലൂടെ സുഹൃത്തിന്റെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് (Netflix account) ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് 3 ഡോളർ (ഏകദേശം 250 രൂപ) ഈടാക്കുന്നുണ്ട്. ഇന്ത്യയിൽ ഒരു ഉപയോക്താവിന് എത്ര തുക ഈടാക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ തുക ആഗോള വിലയ്ക്ക് ഏതാണ്ട് തുല്യമായിരിക്കുമെന്ന് കരുതുന്നു. ഐപി അഡ്രസ്, ഡിവൈസ് ഐഡികൾ, അക്കൗണ്ട് ആക്റ്റിവിറ്റി എന്നിവയിലൂടെ നെറ്റ്ഫ്ലിക്സ് പുതിയ പാസ്‌വേഡ് പങ്കിടൽ നിയമം നടപ്പിലാക്കും. നെറ്റ്ഫ്ലിക്സ് അതിന്റെ വരിക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിന് പുതിയ വഴികൾ പരീക്ഷിക്കുന്നുണ്ട്. ചെറിയ ഫീസോടെയുള്ള പാസ്‌വേഡ് പങ്കിടൽ അവയിലൊന്നാണ്.
നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷൻ (Netflix subscription) ലഭിക്കുന്നതിന് കൂടുതൽ പണം നൽകാൻ ആഗ്രഹിക്കാത്ത ഉപയോക്താക്കളെ ആകർഷിക്കുമെന്ന പ്രതീക്ഷയോടെ കമ്പനി അടുത്തിടെ യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ 6.99 ഡോളറിന് താങ്ങാനാവുന്ന ആഡ് സപ്പോർട്ടഡ് പ്ലാൻ അവതരിപ്പിച്ചിരുന്നു. നെറ്റ്ഫ്ലിക്സ് നാല് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. മൊബൈൽ-ഓൺലി പ്ലാൻ, ബേസിക് പ്ലാൻ, സ്റ്റാൻഡേർഡ് പ്ലാൻ, പ്രീമിയം പ്ലാൻ. മൊബൈൽ-ഓൺലി പ്ലാനിന് പ്രതിമാസം 149 രൂപയാണ് ഈടാക്കുന്നത്. അതേസമയം ബേസിക്, സ്റ്റാൻഡേർഡ്, പ്രീമിയം പ്ലാനുകൾക്ക് യഥാക്രമം 199 രൂപ, 499 രൂപ, 649 രൂപ എന്നിങ്ങനെയാണ് സബ്‌സ്‌ക്രിപ്‌ഷൻ ചാർജുകൾ.