തിയേറ്റർ റിലീസുകളുടെയും സിനിമകളുടെയും വില്ലനാണ് പൈറസി വെബ്‌സൈറ്റായ Tamil Rockers. കുപ്രസിദ്ധ പൈറസി സൈറ്റിലൂടെ തിയേറ്ററിലെത്തുന്ന സിനിമകൾ മണിക്കൂറുകൾക്കകം ഓൺലൈനിൽ ചോരുന്നു. സിനിമയ്ക്ക് വേണ്ടി അധ്വാനിച്ചവർക്ക് അവരുടെ വിയർപ്പിന്റെ വില കിട്ടാതാകുന്നതിന് തമിഴ് റോക്കേഴ്സ് കാരണമാകുന്നു.
റിലീസ് ചിത്രങ്ങൾ ആദ്യ മണിക്കൂറുകളിൽ തന്നെ തമിൽ റോക്കേഴ്സിന് കിട്ടും. വേറെയും പല കുപ്രസിദ്ധ പൈറസി സൈറ്റുകളുണ്ടെങ്കിലും, കാലങ്ങളായി തമിഴ് റോക്കേഴ്സാണ് ഇതിൽ മുന്നിൽ. നിയമവിരുദ്ധമായി സിനിമകളുടെ കോപ്പി ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്നതിൽ പലപ്പോഴും ഇവർക്കെതിരെ നടപടി ഉണ്ടായിട്ടുണ്ട്.
എങ്ങനെയാണ് Tamil Rockers-ന് പുത്തൻ ചിത്രങ്ങളുടെ വ്യാജ പതിപ്പ് കിട്ടുന്നത്. ഇത് പലർക്കും പിടികിട്ടാത്ത കാര്യമാണ്. എന്നാൽ തമിഴ് റോക്കേഴ്‌സിന്റെ അഡ്‌മിനിസ്‌ട്രേറ്റർമാരിൽ ഒരാൾ തന്നെ ഇത് വ്യക്തമാക്കിയിരിക്കുന്നു.
മുഖ്യ കണ്ണിയായ ജെബ് സ്റ്റീഫൻ രാജ് എങ്ങനെയാണ് സിനിമ പതിപ്പ് ഉണ്ടാക്കുന്നതെന്ന് തുറന്നുപറഞ്ഞു. വർഷങ്ങളായി പലരും ആശങ്കപ്പെട്ടിരുന്ന ഒരു സൈബർ കുറ്റകൃത്യ തന്ത്രമാണ് ഇയാൾ വിവരിച്ചത്.
ധനുഷിന്റെ രായൻ ചിത്രം റെക്കോഡ് ചെയ്തതിന് ജൂലൈയിൽ പൊലീസ് രാജിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്നുണ്ടായ പോലീസ് അന്വേഷണത്തിലാണ് ജെബ് സ്റ്റീഫൻ രാജ് കാര്യങ്ങൾ വെളിപ്പെടുത്തിയത്.
പൈറേറ്റഡ് സിനിമകൾ പിടിച്ചെടുക്കാനും വിതരണം ചെയ്യാനും താനും സംഘവും ഉപയോഗിച്ച തന്ത്രങ്ങൾ അയാൾ വെളിപ്പെടുത്തി. തിയേറ്ററുകളിൽ നിന്ന് സിനിമ പകർത്താനായി തിയേറ്ററിലെ സീറ്റ് കപ്പിനുള്ളിൽ മൊബൈൽ ഫോൺ ഒളിപ്പിക്കുന്നു. ഇവ ഉപയോഗിച്ചാണ് സിനിമ പതിപ്പ് ഉണ്ടാക്കുന്നത്. ഇങ്ങനെ സിനിമ റെക്കോഡ് ചെയ്യുന്നതിനിടെയാണ് രാജ് തിരുവനന്തപുരത്ത് പിടിയിലായത്.
ഇയാൾ വർഷങ്ങളായി തിയറ്ററുകളിൽ പുതിയ സിനിമകൾ റെക്കോഡ് ചെയ്യുന്നുണ്ട്. ഇങ്ങനെ ഒരു സിനിമ ഫുൾ റെക്കോഡ് ചെയ്ത് കൊടുത്താൽ 5000 രൂപ ലഭിക്കും. റിലീസിന്റെ ആദ്യ ദിവസം തന്നെ ഇവരുടെ ടീം അഞ്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യും. തന്ത്രത്തിൽ മധ്യ സീറ്റിൽ സ്ഥാനം പിടിക്കാനും ശ്രമിക്കും.
ശേഷം തുണിയോ പുതപ്പോ കൊണ്ട് മറച്ച് റെക്കോഡിങ് നടത്തും. ഈ ഒളിക്യാമറ ഉപയോഗിച്ച് ഫിലിം റെക്കോർഡ് ചെയ്യുമ്പോഴാണ് രാജ് പിടിയിലായതും. തമിഴ്നാട്, കേരളം, കർണാടക എന്നിവിടങ്ങളിലെ തിയേറ്ററുകളിലാണ് ഇവർ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.
എന്തായാലും മുമ്പത്തേക്കാൾ പൈറസിക്കെതിരായ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. സിനിമകൾ തിയേറ്ററുകൾ ഏറ്റെടുത്താലും പൈറസി കോപ്പികൾ പ്രചരിക്കുന്നത് വലിയ നാശ നഷ്ടമുണ്ടാക്കുന്നു. അടുത്തിടെ വേട്ടയ്യൻ, അജയന്റെ രണ്ടാം മോഷണം ചിത്രങ്ങൾക്കും പൈറസി കോപ്പികൾ വന്നു.
വർഷങ്ങളായി സിനിമാ വ്യവസായത്തെ നശിപ്പിക്കുന്ന കുപ്രസിദ്ധ പൈറസി വെബ്‌സൈറ്റാണ് തമിൽ റോക്കേഴ്‌സ്. പ്രധാന അഡ്മിനിസ്ട്രേറ്റർമാരിൽ ഒരാളായ രാജിനെ ജൂലൈയിലാണ് അറസ്റ്റ് ചെയ്തത്. ഇനിയും കൂടുതൽ ആളുകളെ പിടികൂടാനുള്ള ശ്രമത്തിലാണ് അധികൃതർ. കഴിഞ്ഞ ദിവസം എത്തിയ അമരൻ സിനിമയ്ക്കും പൈറസി കോപ്പി പ്രചരിക്കുന്നു.
Read More: Big OTT Release: നേർക്കുനേർ ടൊവിനോയുടെ ARM, തലൈവയുടെ Vettaiyan, ഒരേ ദിവസം സ്ട്രീമിങ്