MPSC യുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; വിദ്യാർത്ഥി അറസ്റ്റിൽ
മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷൻ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു
94,195 ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്ത കേസിൽ പത്തൊൻപതുകാരൻ അറസ്റ്റിൽ
ഗ്രൂപ്പ് ബി, സി നോൺ ഗസറ്റഡ് പേഴ്‌സണൽ പരീക്ഷയുടെ ഹാൾ ടിക്കറ്റുകളാണ് ചോർത്തിയത്
മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷൻ (MPSC) വെബ്‌സൈറ്റ് ഹാക്ക് ചെയ്യുകയും 94,195 ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യുകയും ചെയ്ത കേസിൽ പത്തൊൻപതുകാരൻ അറസ്റ്റിൽ. ഗ്രൂപ്പ് ബി, സി നോൺ ഗസറ്റഡ് പേഴ്‌സണൽ പരീക്ഷയുടെ ഹാൾ ടിക്കറ്റുകളാണ് വിദ്യാർഥി ചോർത്തിയത്.ഏപ്രിൽ 23 ന് നവി മുംബൈയിലെ എംപിഎസ്‌സി ഓഫീസ് ജോയിന്റ് സെക്രട്ടറി സുനിൽ അവ്താഡെ സിബിഡി-ബേലാപൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, നവി മുംബൈ സൈബർ പോലീസ് ആണ് പൂനെയിൽ നിന്നുള്ള 19 വയസുകാരനായ കോളേജ് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തത്.
www.eformsmpsc.org.in എന്ന ലിങ്കാണ് ഹാക്ക് ചെയ്‌തത്
സൈബർ ക്രൈം ഉദ്യോഗസ്ഥർ എംപിഎസ്‌സി വെബ്‌സൈറ്റ് ഹാക്ക് ചെയ്യാൻ ഉപയോഗിച്ച കമ്പ്യൂട്ടറിന്റെ ഐപി വിലാസം കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൂനെ ജില്ലയിലെ ചിഖാലിയിൽ താമസിച്ചിരുന്ന രോഹിത് കാംബ്ലെ എന്ന പത്തൊൻപതുകാരനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഡെസ്‌ക്‌ടോപ്പും ലാപ്‌ടോപ്പും മൂന്ന് മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. എംപിഎസ്‌സി വെബ്‌സൈറ്റിന്റെ എകസ്റ്റേണൽ ലിങ്കായ www.eformsmpsc.org.in ഹാക്ക് ചെയ്ത കാംബ്ലെ 94,195 ഉദ്യോഗാർത്ഥികളുടെ വിശദാംശങ്ങൾ ഡൗൺലോഡ് ചെയ്യുകയും 'MPSC 2023 A' എന്ന പേരിൽ ഒരു ടെലിഗ്രാം ചാനലിൽ നിയമവിരുദ്ധമായി പോസ്റ്റ് ചെയ്യുകയും ചെയ്തതായി നവി മുംബൈ പോലീസ് കമ്മീഷണർ മിലിന്ദ് ഭരംബെ പറഞ്ഞു.
ഹാൾടിക്കറ്റുകൾ ടെലിഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു
ഹാൾടിക്കറ്റുകൾ ടെലിഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുക മാത്രമല്ല, തന്റെ പക്കൽ ചോദ്യപേപ്പറുകൾ ഉണ്ടെന്നും താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാമെന്നും ടെലിഗ്രാം ഗ്രൂപ്പിൽ പ്രതി പറഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. "സൈബർ ആൻഡ് ഡിജിറ്റൽ സയൻസ് ബിഎസ്‌സി വിദ്യാർഥിയാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കി. എത്തിക്കൽ ഹാക്കിംഗ്, പെനട്രേഷൻ ടെസ്റ്റിംഗ് എന്നിവയിലും കാംബ്ലെ കോഴ്‌സുകൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് കമ്മീഷണർ മിലിന്ദ് ഭരംബെ പറഞ്ഞു. ഡാർക്ക്‌നെറ്റിൽ നിരവധി ഹാക്കർ ഗ്രൂപ്പുകളുമായി കാംബ്ലെ ബന്ധപ്പെടുന്നുണ്ട്. 400 ഡോളറിന് പകരം എംപിഎസ്‌സി വെബ്‌സൈറ്റ് ഹാക്ക് ചെയ്യാനും പരീക്ഷാർത്ഥികളുടെ ഹാൾ ടിക്കറ്റുകളും പരീക്ഷയുടെ ചോദ്യപേപ്പറുകളും ചോർത്താനും അത്തരത്തിലുള്ള ഒരു ഗ്രൂപ്പ് അദ്ദേഹത്തിന് കരാർ നൽകിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായാണ് പോലീസ് പറയുന്നത്.
തന്റെ പക്കൽ ചോദ്യപേപ്പറുകൾ ഉണ്ടെന്ന് ഇയാൾ ടെലിഗ്രാം ചാനലിൽ അവകാശപ്പെട്ടിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ചോദ്യപ്പേപ്പർ ചോർത്താൻ ഇയാൾക്ക് സാധിച്ചില്ല എന്നാണ് പോലീസിന്റെ നിഗമനം. ഹാൾടിക്കറ്റ് ചോർത്തിയ സംഭവത്തിൽ ഇയാളുടെ സഹായിയായി പ്രവർത്തിച്ചയാളെ കണ്ടെത്താൻ അന്വേഷണം നടക്കുകയാണ് എന്ന് നവി മുംബൈ പോലീസ് അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്ര പിഎസ്‌സി അധികൃതരുടെ പരാതിയിൽ സിബിഡ് ബേലാപൂർ പോലീസ് സ്റ്റേഷനിൽ ഇന്ത്യൻ പീനൽ കോഡ്, ഇൻഫർമേഷൻ ടെക്നോളജി ആക്ടുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സീനിയർ ഇൻസ്പെക്ടർ വിജയ് വാഗ്മറെയുടെ നേതൃത്വത്തിലുള്ള സൈബർ സംഘമാണ് കേസ് ഇപ്പോൾ അന്വേഷിക്കുന്നതെന്നും മിലിന്ദ് ഭരംബെ പറഞ്ഞു.