Passport അപേക്ഷകരുടെ പോലീസ് വെരിഫിക്കേഷൻ അതിവേഗം പൂർത്തിയാക്കാനായി എം പാസ്പോർട്ട് (m Passport) എന്ന പേരിൽ പുതിയ ആപ്പ് പുറത്തിറക്കി കേന്ദ്ര സർക്കാർ. ഡൽഹി പോലീസിന്റെ 76-ാമത് റൈസിംഗ് ഡേ ചടങ്ങിൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് 350 മൊബൈൽ ടാബ്‌ലെറ്റുകൾ നൽകിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് ആപ്പ് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പുതിയ ആപ്പ് ഉപയോഗിക്കുന്നതോടുകൂടി Passport അപേക്ഷയിന്മേലുള്ള പോലീസ് വെരിഫിക്കേഷൻ സമയം മൂന്നിലൊന്നായി കുറയും. നേരത്തെ 15 ദിവസമാണ് പോലീസ് വെരിഫിക്കേഷന് എടുത്തിരുന്നത്.
'm Passport App' ഉപയോഗിക്കാൻ ആരംഭിക്കുന്നതിലൂടെ ഈ സമയദൈർഘ്യം 5 ദിവസമായി കുറയും. ഇതോടെ Passport നൽകാനുള്ള സമയപരിധി 10 ദിവസമായി കുറയുമെന്ന് ഡൽഹി റീജിയണൽ പാസ്‌പോർട്ട് ഓഫീസർ അഭിഷേക് ദുബെ പറഞ്ഞു. ഡൽഹിയിലാണ് ഇപ്പോൾ ഈ ആപ്പിന്റെ സേവനം ലഭ്യമായിത്തുടങ്ങിയിട്ടിരിക്കുന്നത്. ഡൽഹിയിൽ താമസിക്കുന്ന ആളുകൾക്ക് Passport ലഭിക്കാൻ എടുക്കുന്ന സമയത്തെക്കുറിച്ച് ഇനി വിഷമിക്കേണ്ടതില്ലെന്നും ഇപ്പോൾ അവർക്ക് മുമ്പ് 15 ദിവസത്തിനുള്ളിൽ പോലീസ് ക്ലിയറൻസ് അഞ്ച് ദിവസത്തിനുള്ളിൽ ലഭിക്കും എന്നും അമിത് ഷാ തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.
വിദേശകാര്യ മന്ത്രാലയമാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. പോലീസ് വെരിഫിക്കേഷന്റെയും റിപ്പോർട്ടിന്റെയും മുഴുവൻ പ്രക്രിയയും കടലാസ് രഹിതമാക്കാൻ ഈ ആപ്പ് സംവിധാനം സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഡൽഹി റീജിയണൽ Passport office കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സേവനങ്ങൾ കാര്യക്ഷമമായി ജനങ്ങളിലേക്ക് എത്തിക്കാനും ഡിജിറ്റൽ ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് മുന്നേറാനും വിദേശകാര്യ മന്ത്രാലയവും പ്രതിജ്ഞാബദ്ധരാണെന്നും ഡൽഹി റീജിയണൽ പാസ്‌പോർട്ട് ഓഫീസ് തങ്ങളുടെ ട്വീറ്റിലൂടെയും വ്യക്തമാക്കി.
സ്‌മാർട്ട് പോലീസിംഗ് ശക്തിപ്പെടുത്തുന്നതിനായി എം പാസ്പോർട്ട് ആപ്പ് ടാബ്‌ലെറ്റുകളിൽ ആപ്ലിക്കേഷൻ എങ്ങനെ ഉപയോഗിക്കാമെന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും. പ്രതിദിനം 2,000 പാസ്‌പോർട്ട് അപേക്ഷകൾ ആണ് പാസ്‌പോർട്ട് ഓഫീസുകളിൽ ലഭിക്കുന്നതെന്നും അവയുടെ ഓൺലൈൻ പ്രോസസ്സിങ്ങിൽ ആളുകൾ നേരിടുന്ന പ്രശ്‌നങ്ങൾ കുറയ്ക്കാൻ പുതിയ ആപ്പ് സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി.