നീണ്ട ദശകങ്ങളായി മലയാള സിനിമയുടെ ഹാസ്യമുഖമായിരുന്ന ഇന്ദ്രൻസിന്റെ മികച്ച അഭിനയ മുഹൂർത്തങ്ങൾ അടയാളപ്പെടുത്തിയ ചിത്രമാണ് 'ഉടൽ'. ബിഗ് സ്ക്രീനിൽ വലിയ പ്രതികരണം നേടിയ ചിത്രം കഴിഞ്ഞ വർഷമാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. എന്നാൽ, സിനിമ ഒടിടിയിൽ വരാത്തത് എന്തുകൊണ്ടെന്ന് പ്രേക്ഷകർ നിരന്തരമായി ആവശ്യം ഉന്നയിച്ചിരുന്നു.
ഇപ്പോഴിതാ, കാത്തിരുന്ന ചിത്രത്തിന്റെ OTT അപ്ഡേറ്റ് വന്നിരിക്കുകയാണ്. ഈ മാസം തന്നെ ഉടൽ ഒടിടിയിൽ പ്രദർശനത്തിന് എത്തും. റിവഞ്ച് ത്രില്ലർ ഗണത്തിൽ പെട്ട ചിത്രത്തിൽ ഇന്ദ്രൻസിന് പുറമെ, ദുർഗ്ഗ കൃഷ്ണ, ധ്യാൻ ശ്രീനിവാസൻ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
നവാഗതനായ രതീഷ് രഘുനന്ദനാണ് ചിത്രത്തിന്റെ സംവിധായകൻ. മനോജ് പിള്ളയാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ത്രില്ലർ സിനിമയ്ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയത് വില്യം ഫ്രാൻസിസ് ആണ്. സഹസ് ബാല, നിഷാദ് യൂസഫ് എന്നിവരാണ് ഉടലിന്റെ എഡിറ്റിങ് നിർവഹിച്ചത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് സിനിമ നിർമിച്ചത്.
ഒരു വീടും 3 കഥാപാത്രവും കേന്ദ്രമാക്കി ഒരുക്കിയ ഉടലിന്റെ കഥ വളരെ മികച്ചതാണെന്ന് നിരൂപകപ്രശംസയും നേടിയിരുന്നു. കൂടാതെ, ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ രതീഷ് പുസ്തക രൂപത്തിലേക്ക് ആക്കിയിരുന്നു.
കഥയിലും അവതരണത്തിലുമെല്ലാം പ്രതീക്ഷ നൽകിയ Udal ജൂൺ അവസാനത്തോടെ ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് സൂചന. ആമസോൺ പ്രൈം വീഡിയോയിലായിരിക്കും ഉടൽ റിലീസ് ചെയ്യുക എന്നും റിപ്പോർട്ടുകൾ ലഭിക്കുന്നു. എന്നാൽ, ഇതിൽ ഔദ്യോഗിക പ്രതികരണം ഒന്നും അണിയറപ്രവർത്തകളിൽ നിന്നും ലഭിച്ചിട്ടില്ല.