കേരളത്തിലെ നിരത്തുകളിൽ മോട്ടോർ വാഹന വകുപ്പ് AI Camera സ്ഥാപിച്ചത് അടുത്തിടെ വലിയ ചർച്ചയായിരുന്നു. റോഡപകടങ്ങളും, നിയമലംഘങ്ങളും നിയന്ത്രിക്കാനും ഈ നൂതന ടെക്നോളജി ഉപയോഗിച്ചുള്ള നിരീക്ഷണ ക്യാമറകൾക്ക് സാധിച്ചെന്നാണ് വിലയിരുത്തൽ.
രാജ്യത്ത് തന്നെ ട്രാഫിക് നിയമങ്ങൾ ഉറപ്പുവരുത്തുന്നതിനും, റോഡ് സേഫ്റ്റിയ്ക്കുമായി പൊതു നിരത്തുകളിൽ എഐ ക്യാമറ സ്ഥാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം. ഇപ്പോഴിതാ, കേരളത്തിന്റെ മാതൃക ദേശീയ പാതകളിലേക്ക് സ്ഥാപിക്കാനൊരുങ്ങുകയാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അഥവാ NHAI.
ഇന്ത്യയിലെ ദേശീയ പാതകളിൽ ഓരോ 10 കിലോമീറ്ററിലും പുതിയ എഐ ക്യാമറകൾ സ്ഥാപിക്കാനാണ് എൻഎച്ച്എഐയുടെ പദ്ധതി. ഇതിന് പുറമെ, ഓരോ 100 കിലോമീറ്ററിലും ഈ ക്യാമറ ഫീഡുകൾ സംയോജിപ്പിച്ചുകൊണ്ട് കമാൻഡ് & കൺട്രോൾ സെന്ററുകൾ സജ്ജീകരിക്കുമെന്നും ഏറ്റവും പുതിയ റിപ്പോർട്ടുകളിൽ പറയുന്നു.
ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് എഐ ടെക്നോളജിയ്ക്കൊപ്പം ഒപ്റ്റിക് ഫൈബർ കേബിളുകളും 5G കമ്മ്യൂണിക്കേഷനും ഉൾപ്പെടുത്തിയാണ് നിരീക്ഷണം സജ്ജമാക്കുക. ഇവയിൽ കണ്ടെത്തുന്ന പിഴവുകൾക്കാകട്ടെ, ഇതുവരെ ഉണ്ടായിരുന്നതിനേക്കാൾ പിഴയും കൂടുതലായിരിക്കും.
വാഹനത്തിന്റെ വേഗത മാത്രം പരിശോധിക്കാനല്ല, എഐ ക്യാമറകൾ കൊണ്ടുവരുന്നതെന്ന് എന്തായാലും മലയാളികൾക്ക് പ്രത്യേകം പറഞ്ഞുകൊടുക്കേണ്ടതില്ല. യാത്രയ്ക്ക് സുരക്ഷിതത്വമൊരുക്കുന്ന ഹെൽമറ്റ്, സീറ്റ് ബെൽറ്റ് തുടങ്ങിയവ ഉപയോഗിക്കാത്തതും, പരിധി വിട്ട് യാത്രക്കാരെ ഉൾപ്പെടുത്തുന്നതുമെല്ലാം എഐയുടെ കണ്ണിൽപെട്ടാൽ നിയമലംഘനമാണ്. ഇതിന് പുറമെ, ഹൈവേയിൽ മൃഗങ്ങളുടെ സാന്നിധ്യം, കാൽനട ക്രോസിങ്ങുകൾ എന്നിവയെല്ലാം എഐ നിരീക്ഷണത്തിലുണ്ടാകും.
ഓരോ തരത്തിലുള്ള നിയമ ലംഘനത്തിനും പ്രത്യേക ചാർജായിരിക്കും പിഴയായി ഈടാക്കുക. എഐയിൽ ലഭിക്കുന്ന ഫീഡുകൾ അനുസരിച്ച് ഇ-ചെല്ലാൻ അയച്ച് നിയമലംഘരിൽ നിന്ന് പിഴ ഈടാക്കും. റിലേ അലേർട്ടുകളിൽ നിന്നോ അതുമല്ലെങ്കിൽ സമീപത്തുള്ള യാത്രക്കാർക്ക് ‘രാജ്മാർഗ് യാത്ര’ എന്ന മൊബൈൽ ആപ്പ് വഴി അറിയിപ്പുകൾ ലഭിക്കുന്നതാണ്.
പ്രാദേശിക ട്രാഫിക് ഏജൻസികളുമായി സഹകരിച്ചാണ് എൻഎച്ച്എഐ ഇത് നടപ്പിലാക്കുന്നത്. ട്രാഫിക് പൊലീസ് പ്രതിനിധികൾക്കായി കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ NHAI പ്രത്യേക വർക്ക് സ്റ്റേഷനുകൾ അനുവദിക്കുമെന്നാണ് ലൈവ്മിന്റിന്റെ റിപ്പോർട്ടിൽ പറയുന്നത്. ലൈവായി ഏകോപനവും പ്രതികരണവും രേഖപ്പെടുത്താൻ നെറ്റ്‌വർക്കിലൂടെ ക്യാമറ ഫീഡുകൾ പങ്കിടുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്.
പുതിയ ടെക്നോളജി ട്രാഫിക് നിരീക്ഷണത്തിനായി കൊണ്ടുവരുമ്പോൾ നിലവിലുള്ള VIDS ക്യാമറകൾക്ക് ദേശീയ പാതയിൽ സ്ഥാനമില്ല. എഐ സാങ്കേതിക വിദ്യയുടെ വീഡിയോ ഇൻസിഡന്റ് ഡിറ്റക്ഷൻ ആൻഡ് എൻഫോഴ്‌സ്‌മെന്റ് സിസ്റ്റം എന്ന ഫീച്ചറാണ് NHAI ഇനി നിരത്തുകളുടെ നിരീക്ഷണത്തിനായി ഉപയോഗിക്കുക. അതിനാൽ ട്രിപ്പിൾ ഡ്രൈവിങ്ങും, ഓവർ സ്പീഡും, ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാതെയുള്ള യാത്രയും, സീബ്ര ക്രോസിലെ വേഗതയുമെല്ലാം ഇനി എഐയിൽ നിന്ന് എന്തായാലും മിസ്സാകില്ലെന്ന് ഉറപ്പ്.