Microsoft പ്രശ്നം മൂലം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് Windows സിസ്റ്റങ്ങൾ പണിമുടക്കി. CrowdStrike എന്ന പ്രമുഖ സൈബർ സുരക്ഷാ പ്ലാറ്റ്‌ഫോമിലുണ്ടായ പ്രശ്നമാണ് കാരണം. പ്രവർത്തിച്ചുകൊണ്ടിരുന്ന സിസ്റ്റം പെട്ടെന്ന് ഷട്ട് ഡൗൺ ചെയ്യപ്പെട്ടു. സ്‌റ്റോപ്പ് എറർ എന്നറിയപ്പെടുന്ന ബ്ലൂ സ്‌ക്രീൻ ഓഫ് ഡെത്ത് (BSOD) സംഭവിച്ചു.
ക്രൗഡ്‌സ്ട്രൈക്ക് അപ്‌ഡേറ്റ് കാരണമാണ് സാങ്കേതിക തകരാറുണ്ടായിട്ടുള്ളത്. മൈക്രോസോഫ്റ്റ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. Blue Screen of Death പല ഓഫീസ് പ്രവർത്തനങ്ങളെയും ബാധിച്ചു. നിരവധി കമ്പനികളെയും ബാങ്കുകളെയും സർക്കാർ ഓഫീസുകളെയും ബഗ് ബാധിച്ചെന്നാണ് റിപ്പോർട്ട്.
സിസ്റ്റം പെട്ടെന്ന് ഷട്ട് ഡൗൺ ചെയ്യാനോ റീ സ്റ്റാർട്ട് ചെയ്യാനോ BSOD കാരണമായി. യുഎസിലും ഓസ്‌ട്രേലിയയിലും ഇത് പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ജപ്പാൻ, കാനഡ തുടങ്ങി നിരവധി രാജ്യങ്ങളിലെ ഉപയോക്താക്കൾ പ്രശ്നം നേരിട്ടു.
വിൻഡോസ് ശരിയായി ലോഡ് ചെയ്യുന്നില്ലെന്ന് സോഷ്യൽ മീഡിയയിൽ പരാതി ഉയർന്നു. അവധി ദിവസം മൈക്രോസോഫ്റ്റ് വെള്ളിയാഴ്ച മുതൽ ആക്കിയോ എന്നും രസകരമായി ട്വീറ്റുകൾ വന്നു. ഇതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റ് ക്രൗഡ് സ്ട്രൈക്ക് ബഗ്ഗാണ് കാരണമെന്ന് വ്യക്തമാക്കിയത്.
Read More: Jio Free Recharge: മകന്റെ കല്യാണത്തിന് അംബാനി സൗജന്യ പ്ലാൻ നൽകുന്നോ!
സ്‌റ്റോപ്പ് സ്‌ക്രീൻ അല്ലെങ്കിൽ സ്‌റ്റോപ്പ് എറർ എന്നാണ് BSOD അറിയപ്പെടുന്നത്. ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് സിസ്റ്റം ഷട്ട് ഡൌൺ ആയേക്കും. അതിനാൽ സേവ് ചെയ്യപ്പെടാത്ത ജോലികൾ നഷ്ടമാകും. ഡ്രൈവർ സോഫ്റ്റ്‌വെയർ പിശകും ഹാർഡ്‌വെയറിലെ പ്രശ്‌നങ്ങളും ഇതിന് കാരണമാകും.
പ്രശ്നം പരിഹരിക്കാൻ തങ്ങളുടെ എഞ്ചിനീയറിംഗ് ടീമുകൾ പ്രവർത്തിക്കുകയാണെന്ന് കമ്പനി അറിയിച്ചു. ഈ സമയത്ത് മെക്രോസോഫ്റ്റ് പ്രശ്നം അമേരിക്കൻ എയർലൈനുകളെയും ബാധിച്ചു. ഫ്രോണ്ടിയർ എയർലൈൻസ്, അല്ലെജിന്റ്, സൺകൺട്രി എന്നിവയുടെ പ്രവർത്തനത്തെ ബാധിച്ചു.
മൈക്രോസോഫ്റ്റ് ക്ലൗഡ് സേവനങ്ങൾ തകരാറിലായതായതാണ് ഇതിന് കാരണം. സാങ്കേതിക തകരാർ മൂലം വിമാന സർവ്വീസ് താൽക്കാലികമായി നിർത്തിവച്ചെങ്കിലും ഇപ്പോൾ പുനരാരംഭിച്ചു. റിപ്പോർട്ട് പറയുന്നതനുസരിച്ച് ഫ്രോണ്ടിയർ 147 വിമാനങ്ങൾ റദ്ദാക്കി. 212 വിമാനങ്ങളുടെ സർവ്വീസിന് കാലതാമസമുണ്ടായെന്നും റിപ്പോർട്ടുണ്ട്.