സുരക്ഷാ വീഴ്ചകളും ക്രമക്കേടുകളും കണ്ടെത്തുന്ന നവമാധ്യമങ്ങൾക്ക് എതിരെ സർക്കാർ കർശന നടപടി സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ, ഇങ്ങനെ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും എതിരെ പ്രവർത്തിച്ച ഏതാനും യൂട്യൂബ് ചാനലുകൾക്ക് എതിരെയും കേന്ദ്രം നടപടി എടുത്തിരിക്കുകയാണ്.
ഇന്ത്യയ്ക്ക് വിരുദ്ധമായി ഉള്ളടക്കം പോസ്റ്റ് ചെയ്ത 150ലധികം വാർത്താ വെബ്സൈറ്റുകളെയും YouTube ന്യൂസ് ചാനലുകളെയും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നീക്കം ചെയ്തു. 2021 മെയ് മുതൽ കേന്ദ്ര സർക്കാർ നിരോധിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇൻഫർമേഷൻ ടെക്‌നോളജി (IT) നിയമത്തിലെ സെക്ഷൻ 69A അനുസരിച്ച് നിയമ ലംഘനം നടത്തിയ നൂറ്റിയമ്പതോളം യൂട്യൂബ് അധിഷ്‌ഠിത വാർത്താ ചാനലുകളും വെബ്സൈറ്റുകളുമാണ് ഇത്തരത്തിൽ നടപടിയ്ക്ക് വിധേയമായിട്ടുണ്ടെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഏതൊക്കെ ചാനലുകളാണ് കേന്ദ്ര മന്ത്രാലയത്തിന്റെ നടപടിയ്ക്ക് വിധേയമായതെന്ന് നോക്കാം.
ഫ്ലാഷ് നൗ, ഖബർ തൈസ്, മേരാ പാകിസ്ഥാൻ, അപ്നി ദുന്യ ടിവി, ഇൻഫർമേഷൻ ഹബ്, ഹക്കികത് കി ദുനിയ, ഖബർ വിത്ത് ഫാക്‌ട്‌സ് തുടങ്ങിയ YouTubeലെ വാർത്താ ചാനലുകൾ ബ്ലോക്ക് ചെയ്യപ്പെട്ട 150 ചാനലുകളുടെ ലിസ്റ്റിൽ ഉൾപ്പെടുന്നു. നടപടിയ്ക്ക് വിധേയമായ ഈ ചാനലുകളിലെല്ലാം കൂടി കണക്കിലെടുത്താൽ ഇവർക്ക് 2 ദശലക്ഷത്തിലധികം വരിക്കാരുണ്ടെന്നും, 1.3 ബില്യണിലധികം വ്യൂസുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയുയർത്തുകയും ചെയ്യുന്ന YouTube ചാനലുകൾക്ക് എതിരെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നടപടി എടുത്തുവരുന്നു. 2021 ഫെബ്രുവരി 25ന് നടപ്പാക്കിയ പുതിയ ഐടി നിയമങ്ങൾ അനുസരിച്ചാണ് ഇത്തരത്തിൽ ഇന്ത്യൻ- വിരുദ്ധ പ്രമേയങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് നവമാധ്യമങ്ങളെ വിലക്കുന്നതായി പ്രതിപാദിച്ചിട്ടുള്ളത്.
രാജ്യത്തിന് വിരുദ്ധമായ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് കഴിഞ്ഞ വർഷം ജനുവരിയിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള 35 യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും കേന്ദ്രം ബ്ലോക്ക് ചെയ്തിരുന്നു. 2021-22 കാലയളവിൽ നിയമലംഘനങ്ങൾ നടത്തിയ 78 യൂട്യൂബ് അധിഷ്‌ഠിത വാർത്താ ചാനലുകളും 560 യൂട്യൂബ് ലിങ്കുകളും കേന്ദ്ര നടപടിയ്ക്ക് വിധേയമായി. യൂട്യൂബ് ചാനലുകൾ മാത്രമല്ല നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആപ്ലിക്കേഷനുകൾക്ക് എതിരെയും ശക്തമായ നിയമ നിടപടിയുണ്ടാവാറുണ്ട്. ഇക്കഴിഞ്ഞ മാസം ജമ്മു- കശ്മീരിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്ന് കണ്ടെത്തിയ 14 മൊബൈൽ ആപ്ലിക്കേഷനുകൾ ഇന്ത്യൻ ഗവൺമെന്റ് നിരോധിച്ചിരുന്നു.