മസ്കിന്റെ ട്വിറ്ററിനെ വീഴ്ത്താൻ സുക്കർബർഗിന്റെ പുതിയ പോരാളി

മസ്കിന്റെ ട്വിറ്ററിനെ വീഴ്ത്താൻ സുക്കർബർഗിന്റെ പുതിയ പോരാളി
HIGHLIGHTS

ട്വിറ്ററിനെതിരെ പുതിയ ആപ്പ് അവതരിപ്പിക്കാനൊരുങ്ങി മെറ്റ

പ്രൊജക്റ്റ് 92 എന്നാണ് പുതിയ ആപ്പിന് മെറ്റ നൽകുന്ന പേര്

ഇതിൽ ഫേസ്ബുക്ക് അല്ലെങ്കിൽ ഇൻസ്റ്റാഗ്രാം ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യാം

മെറ്റ (Meta) പ്രധാന എതിരാളിയായ ട്വിറ്ററിനെതിരെ (Twitter) പുതിയ ആപ്പ് അവതരിപ്പിക്കാനൊരുങ്ങുകയാണ്. ട്വിറ്ററിന് സമാനമായ ഒരു ആപ്പ് വികസിപ്പിക്കുകയാണ് ഫേസ്ബുക്ക്. വൈകാതെ തന്നെ ഇത്തരമൊരു ആപ്പ് പുറത്തിറക്കും. കഴിഞ്ഞയാഴ്ച മെറ്റയിൽ നടന്ന മീറ്റിങ്ങിൽ വച്ച് ഉയർന്ന മെറ്റ (Meta) എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥർക്ക് വരാനിരിക്കുന്ന ട്വിറ്റർ (Twitter) എതിരാളിയായ ആപ്പിന്റെ പ്രിവ്യൂ കാണിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

പ്രൊജക്റ്റ് 92 എന്ന പേരിലാണ് മെറ്റ ആപ്പ് അവതരിപ്പിക്കുന്നത് 

പ്രൊജക്റ്റ് 92 എന്ന പേരിലാണ് ട്വിറ്ററി (Twitter) ന്റെ എതിരാളിയായ ആപ്പിനെ മെറ്റ വികസിപ്പിക്കുന്നത്. പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഉപയോക്താക്കൾക്ക് അവരുടെ ഫേസ്ബുക്ക് അല്ലെങ്കിൽ ഇൻസ്റ്റാഗ്രാം ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ് പുതിയ പ്ലാറ്റ്ഫോം വരുന്നത്. അതുകൊണ്ട് തന്നെ പുതിയ ഐഡി ക്രിയേറ്റ് ചെയ്യാൻ എളുപ്പമായിരിക്കും. ഉപയോക്താക്കൾക്ക് ട്വിറ്റർ (Twitter) പോലുള്ള പ്രോംപ്റ്റിൽ ചെറിയ കുറിപ്പുകൾ എഴുതിയിടാനും ഇതിന് ലൈക്കും കമന്റും ചെയ്യാനും സൌകര്യം ഉണ്ടായിരിക്കും.

പുതിയ ആപ്പിലൂടെ ഒരു ത്രെഡ് ക്രിയേറ്റ് ചെയ്യാനും സാധിക്കും 

ഉപയോക്താക്കൾക്ക് പുതിയ ആപ്പിലൂടെ ഒരു ത്രെഡ് ക്രിയേറ്റ് ചെയ്യാനും സാധിക്കുമെന്നാണ് സൂചനകൾ. ഒന്നിനുപുറകെ ഒന്നായി പോസ്റ്റുകളുടെ ഒരു പരമ്പര തന്നെ പോസ്റ്റ് ചെയ്യുന്നതാണ് ത്രെഡ്. ട്വിറ്ററിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിക്കുന്ന മെറ്റാ ആപ്പ് ഉപയോക്താവിന്റെ വിവരങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഇൻസ്റ്റാഗ്രാമിന്റെ അക്കൗണ്ട് സിസ്റ്റം ഉപയോഗിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ട്വിറ്ററിനെതിരെ ബദൽ സംവിധാനം കൊണ്ടുവരാനാണ് മെറ്റ ശ്രമിക്കുന്നത്

പ്രൊജക്റ്റ് 92 ആപ്പ് പരീക്ഷിക്കുന്നതിനും കൂടുതൽ ആളുകളുടെ ശ്രദ്ധ വേഗത്തിൽ നേടുന്നതിനുമായി ഓപ്ര, ദലൈലാമ തുടങ്ങിയ പ്രമുഖ വ്യക്തികളുമായി കമ്പനി ഇതിനകം തന്നെ സംസാരിക്കുന്നുണ്ട് എന്നാണ് സൂചനകൾ. ക്രിയേറ്റർമാരുടെയും പൊതുരംഗത്തെ പ്രമുഖ വ്യക്തികളുടെയും അഭിപ്രായങ്ങൾ കൂടി പരിഗണിക്കുന്ന വിധത്തിൽ ആപ്പ് പരീക്ഷിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇലോൺ മസ്ക് ട്വിറ്ററിന്റെ തലപ്പത്ത് എത്തിയതിന് ശേഷം ട്വിറ്ററി (Twitter) ൽ ഉണ്ടായിട്ടുള്ള സംഭവ വികാസങ്ങൾ മുതലെടുത്ത് കൂടുതൽ വേഗം ബദൽ സംവിധാനമായി മാറാനാണ് മെറ്റ ശ്രമിക്കുന്നത്. 

പുതിയ പ്ലാറ്റ്ഫോം പുറത്തിറക്കാൻ മെറ്റ ശ്രമിക്കുന്നതിനൊപ്പം തന്നെ മെറ്റയുടെ പ്ലാറ്റ്ഫോമിലെ സ്വകാര്യതയും സുരക്ഷയും വലിയൊരു പ്രശ്നമായി മാറുന്നുണ്ട്. ഇൻസ്റ്റാഗ്രാമിന്റെ അൽഗോരിതങ്ങൾ പ്ലാറ്റ്‌ഫോമിൽ നിയമവിരുദ്ധമായി കുട്ടികളുടെ ലൈംഗിക വസ്തുക്കൾ വിൽക്കുന്നതായി പരസ്യം ചെയ്തുവെന്ന് വാൾസ്ട്രീറ്റ് ജേണൽ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന മെറ്റീരിയൽ സംബന്ധിച്ച് കമ്പനിക്ക് കർശനമായ നിയമങ്ങളുണ്ടെന്നാണ് മെറ്റയുടെ പ്രതികരണം.

Nisana Nazeer
Digit.in
Logo
Digit.in
Logo