മെയ്‌സു എം 5 സി എന്ന വിലകുറഞ്ഞ ഹാൻഡ്‌സെറ്റിൽ വിരലടയാള സ്കാനറും
മിഡ്റേഞ്ച് സ്മാർട്ട് ഫോൺ വിപണിയിലേക്ക് മെയ്‌സു എം 5 (Meizu M5) എന്ന ഹാൻഡ്‌സെറ്റ് അവതരിപ്പിച്ച ശേഷം മെയ്‌സു ഇപ്പോൾ താങ്ങാവുന്ന വിലയ്ക്കുള്ള ഒരു സ്മാർട്ട്ഫോൺ വേരിയന്റിന്റെ പണിപ്പുരയിലാണ്. മെയ്‌സു എം 5 സി (Meizu M5c) എന്ന താരതമ്യേന വിലകുറഞ്ഞ ഹാൻഡ്‌സെറ്റാണ് കമ്പനി വിപണിയിലെത്തിക്കാൻ തയാറെടുക്കുന്നത്. വരാനിരിക്കുന്ന മെയ്‌സു സ്മാർട്ട്ഫോണിനെക്കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും ഇതിനകം ഓൺലൈനിൽ ചോർന്നുകഴിഞ്ഞു. മെയ്‌സു എം 5 ൽ നാം കണ്ട ഡിസൈൻ ഭാഷ പുതിയ ഹാൻഡ്സെറ്റിലും നിലനിർത്തിയിരിക്കുമ്പോൾ 'മെയ്‌സു എം 5 സി'യിൽ മെറ്റൽ ബോഡിക്ക് പകരമായി ഒരു പ്ലാസ്റ്റിക് ബോഡി ആണ് ഉപയോഗിച്ചിരിക്കുന്നത് ഹോം ബട്ടണിൽ വിരലടയാള സ്കാനർ ഉൾപ്പെടുത്തിയായിരിക്കും മെയ്‌സു എം 5 സി ഹാൻഡ്സെറ്റ് വിപണിയിലെത്തുക. 5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ ഉൾപ്പെടുത്തിയാകും ഈ ഫോൺ എത്തുന്നത് എന്ന് സൂചനകളുണ്ട്. 2 ജിബി റാം, 16 ജിബി സ്റ്റോറേജ് എന്നിവയോടെയെത്തുന്ന ഫോണിന് മീഡിയടെക് പ്രോസസറാണ് കരുത്ത് പകരുക. 8 മെഗാപിക്സൽ പിൻ ക്യാമറ, 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ എന്നിവയും ഇതിലുണ്ട്. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഹാൻഡ്സെറ്റ് അവതരിപ്പിക്കപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം..