മാരുതി സുസുക്കി ജിംനി ഇന്ത്യയിൽ ലോഞ്ച് ചെയ്തു
12.74 ലക്ഷം രൂപ മുതൽ 15.05 ലക്ഷം രൂപ വരെയാണ് ജിംനിയുടെ വില
ജിംനി ലോഞ്ച് ചെയ്യുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യ
ആറ് വേരിയന്റുകളിലാണ് ജിംനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്
മാരുതി സുസുക്കി ജിംനി 5 ഡോർ (Maruti Suzuki Jimny) നെക്സ ഷോറൂമുകളിൽ പ്രദർശനത്തിനെത്തിയിരുന്നു. 12.74 ലക്ഷം രൂപ മുതൽ 15.05 ലക്ഷം രൂപ വരെയായിരിക്കും ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില. ആറ് വേരിയന്റുകളിലാണ് മാരുതി സുസുക്കി ജിനിം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ വാഹനത്തിന്റെ ബുക്കിങ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു.
മാരുതി സുസുക്കി ജിംനി
അഞ്ച് ഡോറുകളുള്ള ജിംനി ലോഞ്ച് ചെയ്യുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യ. എസ്‌യുവികൾ വാങ്ങുന്നവരെ ആകർഷിക്കുന്ന ഫീച്ചറുകളുമായിട്ടാണ് ജിംനി വരുന്നത്. മഹീന്ദ്ര ഥാർ, ഫോഴ്സ് ഗൂർഖ എന്നിവയ്ക്കെതിരായാണ് മാരുതി സുസുക്കി ജിംനി മത്സരിക്കുന്നത്. ഈ വാഹനത്തിന്റെ വിലയും സവിശേഷതകളും വിശദമായി നോക്കാം.
മാരുതി സുസുക്കി ജിംനിയുടെ വില
മാരുതി സുസുക്കി ജിംനി (Maruti Suzuki Jimny) യുടെ സെറ്റ മാനുവൽ ട്രാൻസ്മിഷൻ വേരിന്റിന് 12.74 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ഈ വാഹനത്തിന്റെ ആൽഫ മാനുവൽ ട്രാൻസ്മിഷന് 13.69 ലക്ഷം രൂപയും ആൽഫ മാനുവൽ ട്രാൻസ്മിഷൻ ഡ്യൂവൽ ടോൺ വേരിയന്റിന് 13.85 ലക്ഷം രൂപയും എക്സ് ഷോറൂം വിലയുണ്ട്. വാഹനത്തന്റെ സെറ്റ ഓട്ടോമാറ്റിക്ക് വേരിയന്റിന് 13.94 ലക്ഷം രൂപയും ആൽഫ ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ വേരിയന്റിന് 14.89 ലക്ഷം രൂപയുമാണ് വില. ഹൈ എൻഡ് മോഡലായ ആൽഫ ഓട്ടോമാറ്റിക്ക് ഡ്യൂവൽ ടോൺ വേരിയന്റിന് 15.05 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.
മാരുതി സുസുക്കി ജിംനിയുടെ എഞ്ചിൻ
4 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് എന്നീ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭ്യമാകുന്ന മാരുതി സുസുക്കി ജിംനി (Maruti Suzuki Jimny) ക്ക് കരുത്ത് നൽകുന്നത് 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിനാണ്. ഈ എഞ്ചിൻ ഏകദേശം 105 ബിഎച്ച്പി പവറും 134 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. സുസുക്കിയുടെ ഓൾഗ്രിപ്പ് പ്രോ 4 വീൽ ഡ്രൈവ് സംവിധാനവും ജിംനിയിലുണ്ട്. '2WD-ഹൈ', '4WD-ഹൈ', '4WD-ലോ' എന്നിവയുള്ള ലോ-റേഞ്ച് ഗിയർബോക്‌സാണ് വാഹനത്തിലുള്ളത്.
മാരുതി സുസുക്കി ജിംനിയുടെ ഇന്റീരിയർ
പൂർണ്ണമായും കറുപ്പ് നിറത്തിലുള്ള തീം, HVAC കൺട്രോളുകൾക്കായി വൃത്താകൃതിയിലുള്ള ഡയലുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ സപ്പോർട്ട് ചെയ്യുന്ന ഒമ്പത് ഇഞ്ച് പ്രൈമറി ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, സെമി-ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ എന്നിവയും മാരുതി സുസുക്കി ജിംനി
(Maruti Suzuki Jimny) യുടെ അകത്തുണ്ട്. ഈ വാഹനത്തിന്റെ ഡാഷ്ബോർഡിൽ ഒരു ഗ്രാബ് ഹാൻഡിലും നൽകിയിട്ടുണ്ട്.
മാരുതി സുസുക്കി ജിംനിയുടെ സുരക്ഷ ഫീച്ചർ
ജിംനിയിൽ സുരക്ഷയ്ക്ക് വലിയ പ്രധാന്യമാണ് കമ്പനി നൽകിയിട്ടുള്ളത്. ആറ് എയർബാഗുകൾ, എബിഎസ് ഉള്ള ഇബിഡി, റിയർ വ്യൂ ക്യാമറ, ഹിൽ ഹോൾഡ് അസിസ്റ്റ് ഉള്ള ഇഎസ്പി തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകളും മാരുതി സുസുക്കി ജിംനി (Maruti Suzuki Jimny) യിലുണ്ട്.
മാരുതി സുസുക്കി ജിംനിയുടെ കളർ വേരിയന്റുകൾ
ബ്ലൂഷ് ബ്ലാക്ക്, കൈനറ്റിക് യെല്ലോ വിത്ത് ബ്ലൂഷ് ബ്ലാക്ക് റൂഫ്, സിസ്ലിംഗ് റെഡ് വിത്ത് ബ്ലൂഷ് ബ്ലാക്ക് റൂഫ്, നെക്സ ബ്ലൂ, സിസ്ലിംഗ് റെഡ്, ഗ്രാനൈറ്റ് ഗ്രേ, പേൾ ആർട്ടിക് വൈറ്റ് എന്നീ കളർ ഓപ്ഷുകളിൽ ജിംനി ലഭ്യമാകും.