മാരുതിയുടെ പുതുപുത്തൻ കാർ 10 നിറങ്ങളിൽ, വിപണിയിലെത്തി

Updated on 26-Apr-2023
HIGHLIGHTS

മാരുതി സുസുക്കി Fronx 7.46 ലക്ഷം രൂപയ്ക്കാണ് വിപണിയിലെത്തിയിരിക്കുന്നത്

ആൽഫ ഡ്യുവൽ ടോൺ എടി മോഡലിന് 13.13 ലക്ഷം രൂപയുമാണ് വില

22.89 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു

മാരുതി സുസുക്കി ഏറ്റവും പുതിയ മോഡലായ Fronx ഇന്ത്യൻ വിപണികളിൽ അവതരിപ്പിച്ചു. മാരുതി സുസുക്കി Fronx  (Maruti Suzuki Fronx) 7.46 ലക്ഷം രൂപ (എക്‌സ് ഷോറൂം) പ്രാരംഭ വിലയിലാണ് എത്തുന്നത്. 5 വേരിയന്റുകളിലും 12 ട്രിമ്മുകളിലും വാഹനം ലഭ്യമാകും. Maruti Suzuki Fronx എസ്യുവിയുടെ സിഗ്മ വേരിയന്റിനാണ് 7.46 ലക്ഷം രൂപ. ആൽഫ ഡ്യുവൽ ടോൺ എടി മോഡലിന് 13.13 ലക്ഷം രൂപയുമാണ് (എക്‌സ് ഷോറൂം) വില.

മാരുതി സുസുക്കി സബ്സ്‌ക്രൈബ് ഓപ്ഷനും വാഹനത്തിനു വാഗ്ദാനം ചെയ്തിട്ടുണ്ട്. മാസം 17,378 രൂപ മുതൽ ആരംഭിക്കുന്ന എല്ലാ പ്രതിമാസ സബ്സ്‌ക്രിപ്ഷൻ പ്ലാനാണു വാഹനത്തിനുള്ളത്. മോണോടോൺ, ഡ്യുവൽ ടോൺ പെയിന്റ് ഷേഡ് ഓപ്ഷനുകൾ ഉൾപ്പെടെ 10 നിറങ്ങളിൽ വാഹനം സ്വന്തമാക്കാം.

3 ഡ്യുവൽ ടോൺ കളർ കോമ്പിനേഷനുകൾ

ആർട്ടിക് വൈറ്റ്, സ്പ്ലെൻഡിഡ് സിൽവർ, ഗ്രാൻഡ്യുർ ഗ്രേ, ബ്ലൂഷ് ബ്ലാക്ക്, സെലസ്റ്റിയൽ ബ്ലൂ, ഒപുലന്റ് റെഡ്, എർത്ത് ബ്രൗൺ എന്നിങ്ങനെ 7 മോണോടോൺ കളറുകളും, ബ്ലൂയിഷ് ബ്ലാക്ക് റൂഫുള്ള സ്പ്ലെൻഡിഡ് സിൽവർ, ബ്ലൂഷ് ബ്ലാക്ക് റൂഫുള്ള ഒപ്യുലന്റ് റെഡ്, ബ്ലൂഷ് ബ്ലാക്ക് റൂഫുള്ള എർത്ത് ബ്രൗൺ എന്നിങ്ങനെ  3 ഡ്യുവൽ ടോൺ കളർ കോമ്പിനേഷനുകളുമാണ് മാരുതി അവതരിപ്പിക്കുന്നത്.

എഞ്ചിന്റെ സവിശേഷതകൾ

5 സ്പീഡ് മാനുവൽ യൂണിറ്റും എഎംടി യൂണിറ്റുമായി വരുന്ന 89 ബിഎച്ച്പി പവറും 113 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.2 ലിറ്റർ, 4 സിലിണ്ടർ, എൻഎ പെട്രോൾ എഞ്ചിനാണ് മാരുതി സുസുക്കി ഫ്രോങ്ക്സിലെ ആദ്യത്തെ എഞ്ചിൻ ഓപ്ഷൻ. 99 ബിഎച്ച്‌പിയും 147 എൻഎം ടോർക്കും നൽകുന്ന 1.0 ലിറ്റർ, 3 സിലിണ്ടർ, ടർബോ-പെട്രോൾ എഞ്ചിനാണ് രണ്ടാമത്തേത്. ഇതിൽ 5 സ്പീഡ് മാനുവൽ യൂണിറ്റും 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുമാണുള്ളത്. 22.89 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ബ്രെസ്സ ഗ്രാൻഡ് വിറ്റാര, ബലേനോ തുടങ്ങിയ മോഡലുകളെ അനുസ്മരിപ്പിക്കുന്നതാണ് ക്യാബിൻ. ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ചാർജർ, ഫ്‌ലാറ്റ്- ബോട്ടം സ്റ്റിയറിംഗ് വീൽ, ഹെഡ്സ്- അപ്പ് ഡിസ്പ്ലേ, 360- ഡിഗ്രി ക്യാമറ, ക്രൂയിസ് കൺട്രോൾ, ആറ് എയർബാഗുകൾ എന്നിവ വാഹനത്തിലുണ്ട്. 

നെക്സ ഡീലർഷിപ്പ് വഴിയാണ് വിൽപ്പന

മാരുതിയുടെ നെക്സ ഡീലർഷിപ്പ് വഴിയാകും വിൽപ്പന. ടാറ്റ നെക്സൺ, ഹ്യുണ്ടായി വെന്യൂ, കിയ സോനറ്റ് തുടങ്ങിയ മോഡലുകൾക്കു വിപണിയിൽ കടുത്ത എതിരാളിയാകും മാരുതിയുടെ ഈ പുതിയ ഉൽപ്പന്നമെന്ന കാര്യത്തിൽ തർക്കമില്ല.

Connect On :