10 വയസ് വരെ കുട്ടികൾക്ക് മൊബൈൽ നൽകരുത്; നിർദേശം പ്രമുഖ സ്മാർട്ഫോൺ നിർമാതാവിൽ നിന്ന്
വളർന്നുവരുന്ന കുട്ടികളുടെ മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു
കുട്ടികൾക്ക് സ്മാർട്ട്ഫോൺ നൽകുന്നതിലെ അപകടം ആണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്
മനുകുമാർ ജെയിൻ ലിങ്ക്ഡ് ഇൻ പോസ്റ്റിലൂടെയാണ് കാരണം വ്യക്തമാക്കിയത്
മക്കളുടെ സാങ്കേതികജ്ഞാനം മാതാപിതാക്കളെ ആഹ്ലാദവാന്മാരാക്കുകയും അവരതിൽ അഭിമാനം കൊള്ളുകയും ചെയ്യുന്നു. എന്നാൽ ഇപ്പോൾ നിസാരമെന്നും നല്ലതെന്നുമൊക്കെ തോന്നുമെങ്കിലും മൊബൈൽ ഉപയോഗം യഥാർഥത്തിൽ കുട്ടികളുടെ ഭാവിജീവിതം പാഴാക്കുകയാണ് ചെയ്യുന്നത്. ''നിങ്ങളുടെ കുട്ടികൾക്ക് സ്മാർട്ട്ഫോൺ നൽകുന്നത് നിർത്തുക'' എന്ന തലക്കെട്ടിൽ വന്ന ഒരു ലേഖനം ഇപ്പോൾ ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്.
കുട്ടികൾക്ക് ഭാവിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഈ ലേഖനത്തിൽ പറയുന്നത്
10 വയസുവരയുള്ള കുട്ടികൾക്ക് സ്മാർട്ട്ഫോൺ നൽകുന്നതിലെ അപകടത്തിലേക്കും ഇക്കാര്യത്തിൽ മാതാപിതാക്കൾ വരുത്തുന്ന അലംഭാവം മൂലം കുട്ടികൾക്ക് ഭാവിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളിലേക്കുമാണ് ഈ ലേഖനം വിരൽ ചൂണ്ടുന്നത്. മൊബൈൽ വിരോധത്താൽ ആരെങ്കിലും എഴുതിയതാകും ഇത് എന്ന് കരുതി തള്ളിക്കളയാനാകില്ല. കാരണം ടെക്നോളജിയുമായി അത്രയേറെ അടുത്തുനിൽക്കുന്ന മനു കുമാർ ജെയിൻ ആണ് ഈ ലേഖനത്തിന് പിന്നിലുള്ളത്.
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഷവോമിയുടെ ഇന്ത്യയിലെ മുൻ മേധാവിയാണ് മനുകുമാർ ജെയിൻ. സ്ഥിതിവിവരക്കണക്കുകൾ അടക്കം പങ്കുവച്ചുകൊണ്ടാണ് കൊച്ചുകുട്ടികൾക്ക് സ്മാർട്ട്ഫോൺ നൽകുന്നതിലെ അപകടം അദ്ദേഹം ലിങ്ക്ഡ് ഇൻ പോസ്റ്റിലൂടെ വ്യക്തമാക്കിയത്. പറയുന്നത് ഒരു മൊബൈൽ ബ്രാൻഡിന്റെ മുൻ മേധാവിയാണ് എന്നതിനാൽത്തന്നെ വിഷയം ഏറെ ശ്രദ്ധനേടുകയും പലർക്കും പുതിയ തിരിച്ചറിവ് ഉണ്ടാകുകയും ചെയ്തിരിക്കുകയാണ്.
Sapien Lab-ൽ നിന്നുള്ള ഒരു റിപ്പോർട്ടിലെ സ്ഥിതി വിവരക്കണക്കുകൾ അടക്കം നിരത്തിയാണ് ചെറുപ്പത്തിൽ കുട്ടികൾ സ്മാർട്ട്ഫോണിൽ സമയം ചെലവഴിക്കുന്നതിലെ അപകടത്തിലേക്ക് ജെയിൻ വിരൽ ചൂണ്ടിയിരിക്കുന്നത്. പഠനത്തിൽ നിന്നുള്ള കണക്കുകൾ ശരിക്കും ഞെട്ടിക്കുന്നതാണ്. ഏകദേശം 10 വയസിന് മുമ്പ് സ്‌മാർട്ട്‌ഫോണുമായി സമ്പർക്കം പുലർത്തുന്ന 60-70 ശതമാനം പെൺകുട്ടികളും വലുതാകുമ്പോൾ കടുത്ത മാനസികാരോഗ്യ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരാണ്.
ആൺകുട്ടികളും ഈ ഭീഷണിയിൽ നിന്ന് മുക്തരല്ല. 10 വയസ്സിന് മുമ്പ് സ്‌മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നവരിൽ 45-50 ശതമാനം ആൺകുട്ടികളും പിന്നീടുള്ള ജീവിതത്തിൽ സമാനമായ വെല്ലുവിളികൾ നേരിടുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അമിത സ്‌ക്രീൻ സമയത്തിന്റെ ദോഷഫലങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിയ ജെയിൻ, കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിൽ മാതാപിതാക്കൾക്കുള്ള ഉത്തരവാദിത്തം എടുത്തുകാണിക്കുന്നു.
10 വയസുവരെ കുട്ടികൾ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കരുത്
കൊച്ചുകുട്ടികളെ ഭക്ഷണം കഴിപ്പിക്കാനോ, ശാന്തരാക്കി എവിടെയെങ്കിലും ഇരുത്താനോ കരച്ചിൽ മാറ്റാനോ ഒക്കെയുള്ള മരുന്നായി മാതാപിതാക്കൾ സ്മാർട്ട്ഫോണിനെ ഉപയോഗിക്കുന്നു. എന്നാലിതിൽ ഒളിഞ്ഞിരിക്കുന്ന അപകടം അവർ മനസിലാക്കുന്നില്ല. കുറഞ്ഞത് 10 വയസുവരെ എങ്കിലും കുട്ടികൾ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാതിരിക്കാൻ രക്ഷിതാക്കൾ മുൻകൈയെടുക്കുകയും ശ്രദ്ധിക്കുകയും ചെയ്യേണ്ടതുണ്ട്. സാങ്കേതികവിദ്യയെയോ ടെക്നോളജിയെയോ ഒഴിവാക്കണം എന്ന് ഇതിന് അർഥമില്ല.
ചെറുപ്പത്തിൽ മാതാപിതാക്കൾ തന്നെ കൈയിൽവച്ച് നൽകുന്ന മൊബൈൽ, കളിച്ചുവളരേണ്ട പ്രായത്തിലും അവർ കൈവിടാൻ തയാറാകുന്നില്ല. അങ്ങനെ കളി സമയം ഉപേക്ഷിക്കുന്ന കുട്ടികൾ, പകരം മൊബൈൽ ഗെയിമുകളിൽ മുഴുകുകയോ പ്രായത്തിന് അനുയോജ്യമല്ലാത്ത ഷോകൾ കാണുകയോ ചെയ്യുന്നു. ഇതെല്ലാം വളർന്നുവരുന്ന അവരുടെ മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. കൊച്ചുകുട്ടികളുടെ ബാല്യകാലത്തിന്റെ പ്രാധാന്യം ജെയിൻ എടുത്തുപറയുന്നുണ്ട്. ഒപ്പം തങ്ങളുടെ കുട്ടികൾക്ക് ശോഭനവും ആരോഗ്യകരവുമായ ഭാവിക്ക് സാധ്യമായ ഏറ്റവും മികച്ച അടിത്തറ നൽകേണ്ടത് മാതാപിതാക്കളുടെ കടമയാണെന്നും ജെയിൻ ചൂണ്ടിക്കാട്ടുന്നു.
സ്‌മാർട്ട്‌ഫോണുകളോ ടാബ്‌ലെറ്റുകളോ ഉപയോഗിക്കുന്നതിനോട് താൻ എതിരല്ലെന്നും എന്നാൽ അത് സന്തുലിതമായി ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി. "ഈ ഉപകരണങ്ങൾ നമ്മുടെ ജീവിതത്തിൽ വിപ്ലവം സൃഷ്ടിക്കുകയും വലിയ സൗകര്യവും കണക്റ്റിവിറ്റിയും നൽകുകയും ചെയ്തു. ഞാൻ തന്നെ അവ ധാരാളം ഉപയോഗിക്കുന്നു. എന്നിരുന്നാലും, കൊച്ചുകുട്ടികൾക്ക് അവ നൽകുമ്പോൾ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്, " എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.