അടുത്തിടെ റിലീസിന് എത്തുന്ന മിക്ക മലയാളചിത്രങ്ങളും തിയേറ്ററുകളിൽ നിന്ന് പണം വാരുന്നതിൽ പിന്നോട്ടാണ്. എന്നാൽ, നവാഗതനായ വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ ഉണ്ണിമുകുന്ദൻ (Unni Mukundan) നായകനായി എത്തിയ മാളികപ്പുറം എന്ന ചിത്രം സിനിമാകൊട്ടകയിൽ ബ്ലോക്ബസ്റ്റർ ഹിറ്റാവുകയായിരുന്നു. റിലീസ് ചെയ്ത 40 ദിവസം കൊണ്ടാണ് ചിത്രം 100 കോടി ക്ലബിൽ ഇടംപിടിച്ചത്.
തിയേറ്ററുകളിലെ ആവേശകരമായ പ്രദർശനത്തിന് ശേഷം Malikappuram ഇപ്പോഴിതാ OTTയിലേക്ക് എത്തിയിരിക്കുന്നു. മലയാളത്തിലും ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലുമായാണ് ചിത്രം ഡിജിറ്റല്‍ റിലീസിന് എത്തിയിരിക്കുന്നത്. ഫെബ്രുവരി 15 മുതൽ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറി(Disney+ Hotstar)ലൂടെ മാളികപ്പുറത്തിന്റെ സ്ട്രീമിങ് തുടങ്ങി.
ഉണ്ണി മുകുന്ദനൊപ്പം മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത് ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ്. കൂടാതെ, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, സമ്പത്ത് റാം, രമേഷ് പിഷാരടി, മനോജ് കെ ജയന്‍, ആല്‍ഫി പഞ്ഞിക്കാരന്‍, ടി.ജി രവി, ശ്രീജിത്ത് രവി എന്നിവരും ചിത്രത്തിലെ നിർണായക സാന്നിധ്യങ്ങളാണ്.
വിഷ്ണു നാരായണൻ നമ്പൂതിരിയാണ് ചിത്രത്തിന്റെ ഫ്രെയിമുകൾ ഒരുക്കിയിരിക്കുന്നത്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. ജോസഫ് സിനിമയിലൂടെ ശ്രദ്ധേയനായ രഞ്ജിൻ രാജാണ് Malikappuram ചിത്രത്തിന് സംഗീതം നല്‍കിയത്. വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുകയാണ്.