ജെയിലറിന്റെയും മധുര മനോഹര മോഹത്തിന്റെയും OTT release ആവേശം തീരുന്നതിന് മുന്നേ ഈ വാരാന്ത്യത്തിലേക്ക് പുതിയ 3 മലയാള ചിത്രങ്ങൾ കൂടി എത്തുകയാണ്. തിയേറ്ററിൽ ശ്രദ്ധിക്കാതെ പോയ ചിത്രങ്ങൾക്ക് OTTയിൽ നിറകൈയടി നേടുമെന്നതിന് അടുത്തിടെ മധുര മനോഹര മോഹം സാക്ഷ്യം വഹിച്ചിരുന്നു. കാര്യമായ ഓളമുണ്ടാക്കുന്നതിൽ പരാജയപ്പെട്ട സിനിമകളാണെങ്കിലും, ഒടിടി പ്രേക്ഷകർ ഏറ്റെടുക്കുമെന്ന വിശ്വാസത്തിലാണ് 3 കുടുംബചിത്രങ്ങൾ OTT റിലീസിന് വരുന്നത്.
സെപ്തംബറിലെ മൂന്നാം വാരത്തിൽ എത്തുന്ന 3 മലയാളചിത്രങ്ങളും ആസ്വദിച്ചിരുന്ന് ചിരിക്കാനുള്ള റിലീസുകളാണ്. യുവാക്കൾക്കിഷ്ടപ്പെടുന്ന ജേർണി ഓഫ് ലവ് 18+, കോമഡി ചിത്രം പാപ്പച്ചൻ ഒളിവിലാണ്, വേറിട്ട കലാസൃഷ്ടിയിൽ ഒരുക്കിയ ഡിജിറ്റൽ വില്ലേജ് എന്നീ ചിത്രങ്ങളാണ് വരും ദിവസങ്ങളിൽ OTT സ്ട്രീമിങ് ആരംഭിക്കുന്നത്.
സൈജു കുറുപ്പ്, വിജയരാഘവന്‍, അജു വര്‍ഗീസ്, ജഗദീഷ്, ശ്രിദ്ധ, ദർശന, ജോണി ആന്റണി, കോട്ടയം നസീര്‍ തുടങ്ങിയവർ മുഖ്യകഥാപാത്രങ്ങളായ ചിത്രമാണ് ‘പാപ്പച്ചൻ ഒളിവിലാണ്’. നവാഗതനായ സിന്റോ സണ്ണി രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഇന്ന് OTTയിൽ എത്തുകയാണ്. Saina Playയിലാണ് സിനിമ സ്ട്രീം ചെയ്യുന്നത്.
അരുൺ ഡി. ജോസ് രചനയും സംവിധാനവും നിർവഹിച്ച റൊമാൻസ്- കോമഡി ചിത്രവും OTTയിലേക്ക് വരവറിയിച്ച് കഴിഞ്ഞു. മലയാളികളുടെ ഇഷ്ടപ്പെട്ട യുവതാരങ്ങളായ നസ്‌ലെൻ കെ. ഗഫൂർ, മാത്യു തോമസ്, മീനാക്ഷി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ബിനു പപ്പുവും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. വെള്ളിയാഴ്ചയാണ് ജേർണി ഓഫ് ലവ് 18+ ഒടിടിയിൽ എത്തുന്നത്. SonyLIVലൂടെ ചിത്രം കാണാം.
ഒരു കൂട്ടം യുവതാരങ്ങളെ അണിനിരത്തി, വളരെ പുതുമയുള്ള അവതരണത്തിൽ ഒരുക്കിയ ചിത്രമാണ് ഡിജിറ്റൽ വില്ലേജ്. ഉത്സവ് രാജീവും ഫഹദ് നന്ദുവും ചേർന്ന് രചനയും സംവിധാനവും നിർവഹിച്ച ചിത്രം കേരള-കർണാടക ബോർഡറിലെ ഒരു കൊച്ചു ഗ്രാമത്തിന്റെ കഥയാണ് വിവരിക്കുന്നത്.
മലയാളികൾ ആഘോഷിച്ച എന്താണ് ബ്രോ മൊഡയാണോ, ഏട്ടായി കോഫി തുടങ്ങിയ ട്രോൾ- ഡയലോഗുകളിലൂടെ സുപരിചിതരായ താരങ്ങൾ സിനിമയുടെ ഭാഗമാകുന്നുണ്ട്. Amazon Prime Videoയിലാണ് ചിത്രത്തിന്റെ റിലീസ്. സെപ്തംബർ 15ന് സിനിമ സംപ്രേഷണം ആരംഭിക്കും.