കുട്ടികളുടെയും കുടുംബപ്രേക്ഷകരുടെയും മനം കവർന്ന മലയാള ചിത്രം പ്യാലി OTTയിൽ എത്തി. ദുൽഖർ സൽമാന്റെ- Dulquer Salmaan വേഫേറെർ ഫിലിംസും എൻ.എഫ്. വർഗീസ് പിക്ചേഴ്സും ചേർന്ന് നിർമിച്ച ചിത്രമാണ് പ്യാലി. അകാലത്തിൽ വിടവാങ്ങിയ അതുല്യനടൻ എൻ.എഫ്. വർഗീസിന്റെ സ്മരണാർഥമുള്ള നിർമാണ കമ്പനിയാണ് എൻ.എഫ്. വർഗീസ് പിക്ചേഴ്സ്.
കഴിഞ്ഞ വർഷം ജൂലൈ 8ന് പുറത്തിറങ്ങിയ ചിത്രം തിയേറ്ററിൽ ഭേദപ്പെട്ട പ്രതികരണം നേടിയിരുന്നു. കലാസംവിധാനത്തിനും ബാലതാരത്തിനുമുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ പ്യാലി- Pyali എന്ന ചിത്രം ഇപ്പോഴിതാ ഒടിടിയിൽ സ്ട്രീമിങ്- OTT streaming ആരംഭിച്ചിരിക്കുകയാണ്. ആമസോൺ പ്രൈമിലാണ്– Amazon Prime മലയാള ചിത്രം പ്രദർശനത്തിന് എത്തിയത്.
ബാർബി ശർമ്മ, ജോർജ് ജേക്കബ് എന്നിവർക്ക് ഒപ്പം, ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ, ആടുകളം മുരുഗദോസ് തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരന്ന ചിത്രമാണ് പ്യാലി. ഒരു ചെറിയ പെൺകുട്ടിയെയും അവളുടെ സഹോദരനെയും ചുറ്റിപ്പറ്റിയാണ് കഥ ഒരുക്കിയിരിക്കുന്നത്. സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും മനോഹരമായി അവതരിപ്പിച്ച ചിത്രം കുട്ടികളിൽ ജനപ്രീയത കൊണ്ടുവന്നു.
പ്യാലിയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബബിതയും റിനും ചേർന്നാണ്. ദീപു ജോസഫ് എഡിറ്റിങ്ങും, ജിജു സണ്ണി ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. പ്രീതി പിള്ള, ശ്രീകുമാർ വക്കിയിൽ, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് പ്രശാന്ത് പിള്ള സംഗീതം പകർന്നിരിക്കുന്നു. സോഫിയ വര്‍ഗ്ഗീസ് ആണ് ചിത്രത്തിന്റെ നിർമാതാവ്.