ഈ വർഷത്തെ ബോക്സ് ഓഫീസ് ഹിറ്റ് 2018 ഒടിടിയിൽ എത്തുന്നു. 2018ലെ കേരളത്തിലെ മഹാപ്രളയത്തെ ആസ്പദമാക്കി ഒരുക്കിയ ദൃശ്യവിസ്മയം തിയേറ്ററുകളിൽ നിറഞ്ഞ സദസ്സുകളിൽ പ്രദർശിപ്പിച്ചതിന് പിന്നാലെ OTTയിലും വരികയാണ്. ജൂഡ് ആന്റണിയാണ് 2018 സംവിധാനം ചെയ്തിരിക്കുന്നത്.
ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരേൻ, വിനീത് ശ്രീനിവാസന്‍, അജു വർഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍ തുടങ്ങിയ പ്രമുഖ യുവതാരനിര അണിനിരന്ന മലയാളചിത്രമാണിത്. ഇന്ദ്രൻസ്, സുധീഷ്, സിദ്ദിഖ്, ലാല്‍ എന്നീ പ്രതിഭാധനരായ അഭിനേതാക്കളും സിനിമയിൽ അണിനിരന്നു. മെയ് 5നാണ് ചിത്രം തിയേറ്ററുകളിൽ പുറത്തിറങ്ങിയത്. 150 കോടി ക്ലബ്ബിലും ചിത്രം ഇടം പിടിച്ചു.
ഇപ്പോഴിതാ സിനിമ ജൂൺ 7 മുതൽ ഡിജിറ്റൽ സ്ട്രീമിങ് ആരംഭിക്കുകയാണ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ SonyLIVലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. എങ്കിലും സിനിമ ഇത്ര വേഗത്തിൽ OTTയിൽ എത്തുന്നതും പ്രശ്നങ്ങൾക്ക് വഴി വയ്ക്കുന്നു.
ജൂഡ് ആന്റണിയും അഖിൽ പി. ധർമജനും ചേർന്നാണ് 2018ന്റെ രചന നിർവഹിച്ചിരിക്കുന്നത്. 3 വർഷം മുമ്പാണ് ചിത്രം പ്രഖ്യാപിച്ചത്. എന്നാൽ റിലീസിനെത്താൻ കാലതാമസമുണ്ടായി. '2018: എവരിവൺ ഈസ് എ ഹീറോ' എന്ന ടാഗ് ലൈനിലാണ് ചിത്രം റിലീസ് ചെയ്തത്. മഹാപ്രളയത്തിലെ കേരളത്തിന്റെ അതിജീവനവും ഒത്തൊരുമയുമാണ് ചിത്രത്തിന്റെ പ്രമേയം. മേക്കിങ്ങിലും കഥയിലുമെല്ലാം സിനിമ മികച്ച നിലവാരം പുലർത്തിയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
അതേ സമയം, കേരളത്തിൽ രണ്ട് ദിവസങ്ങളിലേക്ക് തിയേറ്ററുകൾ അടച്ചിടാനാണ് തിയേറ്റർ ഉടമകൾ തീരുമാനിച്ചിരിക്കുന്നത്. തിയേറ്ററുകളിലെത്തി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ചിത്രം ഒടിടിയിൽ വരുന്നതിന് എതിരെയാണ് ഫിയോക്കിന്റെ പ്രതിഷേധം. 2018 കരാർ ലംഘിച്ചതായും, സിനിമയുടെ തിയേറ്റർ റിലീസിന് മുന്നേ OTTയ്ക്ക് നൽകിയതുമെല്ലാം തിയേറ്റർ ഉടമകളുടെ പ്രതിഷേധത്തിന് കാരണമായി. ഒരു സിനിമ റിലീസ് ചെയ്ത് 42 ദിവസങ്ങൾക്ക് ശേഷമാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യാവൂ എന്നാണ് നിബന്ധന. എന്നാൽ 2018 ഈ കരാർ ലംഘിച്ചതായാണ് വിമർശനം.