എല്‍സിവി ട്രക്ക് ശ്രേണിയിലെ പുതിയ ഫ്യൂരിയോ 7 അവതരിപ്പിച്ച് മഹീന്ദ്ര

Updated on 16-Sep-2021
HIGHLIGHTS

എല്‍സിവി ട്രക്ക് ശ്രേണിയിലെ പുതിയ ഫ്യൂരിയോ 7 അവതരിപ്പിച്ച് മഹീന്ദ്ര

വാഹനത്തിന് കൂടുതല്‍ മൈലേജ് അല്ലെങ്കില്‍ ട്രക്ക് ബാക്ക്, അഞ്ചു വര്‍ഷത്തിനു ശേഷം റീസെയില്‍ മുല്യവും ഉറപ്പു നല്‍കുന്നു

കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ മഹീന്ദ്ര ട്രക്ക്, ബസ് ഡിവിഷന്‍ (എംടിബി) ആധുനിക ലൈറ്റ് വാണിജ്യ വാഹന (എല്‍സിവി) ശ്രേണിയിലെ ഏറ്റവും പുതിയ മഹീന്ദ്ര ഫ്യൂരിയോ 7 അവതരിപ്പിച്ചു. പുതിയ വാഹനത്തിന് കൂടുതല്‍ മൈലേജ് അല്ലെങ്കില്‍ ട്രക്ക് ബാക്ക്, അഞ്ചു വര്‍ഷത്തിനു ശേഷം റീസെയില്‍ മുല്യവും ഉറപ്പു നല്‍കുന്നു.മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് (എംടിബി) 2019ല്‍ അവതരിപ്പിച്ച ഇടത്തരം വാണിജ്യ വാഹന ബ്രാന്‍ഡായ ഫ്യൂരിയോ വിപുലീകരിച്ച് പുതിയ ലൈറ്റ് വാണിജ്യ വാഹന ശ്രേണിയായ മഹീന്ദ്ര ഫ്യൂരി 7 ആയി അവതരിപ്പിച്ചു. 4-ടയര്‍ കാര്‍ഗോ, 6-ടയര്‍ കാര്‍ഗോ എച്ച്ഡി, 6-ടയര്‍ ടിപ്പര്‍ എന്നിങ്ങനെ മൂന്ന് പ്ലാറ്റ്ഫോമുകളില്‍ ഈ ശ്രേണി ലഭ്യമാകും. 

ലൈറ്റ് വാണിജ്യ വാഹന വിഭാഗത്തില്‍ ആവശ്യമായ എല്ലാ ബിസിനസ് ആവശ്യങ്ങള്‍ക്കും ഈ ശ്രേണി ഉപയോഗിക്കാം. ഫ്യൂരിയോ ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്ന ഉയര്‍ന്ന ലാഭം, ഏറ്റവും മികച്ച മൈലേജ്, ഉയര്‍ന്ന പേലോഡ്, സുഖകരവും സൗകര്യപ്രദവും സുരക്ഷിതവുമായ കാബിന്‍ തുടങ്ങിയവയെല്ലാം നല്‍കുന്നു. ആധുനിക ടെലിമാറ്റിക്സ് സാങ്കേതിക വിദ്യയായ മഹീന്ദ്ര ഐമാക്സും ഇതിലുണ്ട്. ഫ്യൂരിയോ ഐഎല്‍സിവി ഉല്‍പ്പന്ന ശ്രേണിയുടെ വിപൂലീകരണത്തിന്‍റെ ഭാഗമാണ് മഹീന്ദ്ര ഫ്യൂരിയോ 7 ലൈറ്റ് വാണിജ്യ വാഹന ശ്രേണി. 

500 മഹീന്ദ്ര എന്‍ജിനീയര്‍മാരുടെയും 180 വിതരണക്കാരുടെയും 650 കോടി രൂപയുടെ നിക്ഷേപത്തിന്‍റെയും ആറു വര്‍ഷത്തെ പ്രയത്നവും ഇതിനു പിന്നിലുണ്ട്. വിജയകരമായതും ഏറെ പ്രചാരം നേടിയതുമായ മൈലേജ് ഉറപ്പു നല്‍കുന്ന ഹെവി കമേഴ്സ്യല്‍ വാഹന ശ്രേണിയായ ബ്ലാസോ എക്സ് അവതരിപ്പിച്ചതിനു പിന്നാലെയാണ് ഫ്യൂരിയോ ശ്രേണി അവതരിപ്പിക്കുന്നത്. എച്ച്സിവി വിഭാഗത്തില്‍ ഏറ്റവും മൈലേജ് ഉള്ള വാഹനമായി ബ്ലാസോ എക്സ് നിലയുറപ്പിക്കുകയും ചെയ്തു.കൂടുതല്‍ മൈലേജ് അല്ലെങ്കില്‍ ട്രക്ക് മടക്കിനല്‍കുക, അഞ്ച് വര്‍ഷത്തിന് ശേഷം റീസെയില്‍ മൂല്യം ഉറപ്പുവരുത്തുക എന്ന ഉപഭോക്തൃ മൂല്യത്തോടെയുള്ള പുതിയ ഫ്യൂരിയോ 7 ശ്രേണിയിലുള്ള എല്‍സിവി ട്രക്കുകളുടെ അവതരണം വ്യവസായത്തിലെ ഒരു നാഴികക്കല്ലാണെന്നും ഈ വിഭാഗത്തോടുള്ള തങ്ങളുടെ ആഴത്തിലുള്ള പ്രതിബദ്ധതയും ഉല്‍പ്പന്നങ്ങളിലുള്ള വിശ്വാസവും പ്രതിഫലിപ്പിക്കുമ്പോള്‍ തന്നെ മികവിന്‍റെയും ഉപഭോക്തൃ കേന്ദ്രീകൃതവുമായ പുതിയ മാനദണ്ഡങ്ങള്‍ ഇത് ഒരുക്കുന്നുവെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് വിഭാഗം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വീജെ നക്ര പറഞ്ഞു.

എല്‍സിവി ഉപഭോക്താക്കളുടെ നിരവധിയായ ആവശ്യങ്ങളിലൂന്നിയാണ് മഹീന്ദ്ര ഫ്യൂരിയോ 7 രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ഉയര്‍ന്ന വരുമാനം, കുറഞ്ഞ ഉടമസ്ഥാവകാശ ചെലവ്, മികച്ച വാറന്‍റി ഓഫര്‍, ഏറ്റവും കുറഞ്ഞ പരിപാലനം, സുരക്ഷ, സൗകര്യം തുടങ്ങിയവയെല്ലാം ചേര്‍ന്ന ഒരു ട്രക്കിനായാണ് തിരയുന്നതെന്ന് ഈ വിഭാഗത്തിലുള്ള ഉപഭോക്തൃ ആവശ്യങ്ങളില്‍ നിന്നും മനസ്സിലായതെന്നും മഹീന്ദ്ര ഫ്യൂരിയോ 7 സമാനതകളില്ലാത്ത ഉപഭോക്തൃ മൂല്യ പാക്കേജുകളും ഏറ്റവും ഉചിതമായ വിലയുമായി ഇതെല്ലാം ഉറപ്പു നല്‍കുന്നുവെന്നും ഉയര്‍ന്ന മൈലേജ് അല്ലെങ്കില്‍ ട്രക്ക് മടക്കി നല്‍കലും അതോടൊപ്പം അഞ്ചു വര്‍ഷത്തിനു ശേഷമുള്ള റീസെയില്‍ മുല്യവും ഉറപ്പു നല്‍കാനുള്ള ആത്മവിശ്വാസം തങ്ങള്‍ക്കുണ്ടെന്നും അത് വ്യവസായത്തിന് നിര്‍ണായകമായി  മാറുമെന്നും ഉപഭോക്താക്കളെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ ഇത് സഹായിക്കുമെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ്  വാണീജ്യ വാഹന വിഭാഗം ബിസിനസ് മേധാവി ജലജ് ഗുപ്ത പറഞ്ഞു.

ഫ്യൂരിയോ 7, 10.58 അടി എച്ച്എസ്ഡിക്ക് വില 14.79 ലക്ഷത്തില്‍ ആരംഭിക്കുന്നു, ഫ്യൂരിയോ 7 എച്ച്ഡിക്ക് 15.18 ലക്ഷവും ഫ്യുരിയോ 7 ടിപ്പര്‍ വേരിയന്‍റിന്         16.82 ലക്ഷം രൂപയുമാണ് വില (എല്ലാം പൂനെയിലെ എക്സ്ഷോറൂം വില)

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :