Aadhaarഉം വോട്ടർ ഐഡിയും ലിങ്ക് ചെയ്യുന്നത് നിർബന്ധമോ? അറിയൂ വിശദമായി

Updated on 05-Dec-2022
HIGHLIGHTS

വോട്ടർ ഐഡിയും ആധാർ കാർഡും ഓൺലൈനിൽ എങ്ങനെ ലിങ്ക് ചെയ്യാം എന്ന് ഇവിടെ വിശദീകരിക്കുന്നു

എന്നാൽ ഈ രണ്ട് തിരിച്ചറിയൽ രേഖകളും ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണോ എന്നറിയുക

ഈ വിഷയത്തിൽ അധികൃതർ എടുത്ത തീരുമാനം എന്തെന്ന് അറിയാം

ഏത് ആവശ്യത്തിനും സേവനങ്ങൾക്കും ഇപ്പോൾ ആധാർ നിർബന്ധമാക്കിയിരിക്കുകയാണ്. അതിനാൽ തന്നെ ഒരു തിരിച്ചറിയൽ രേഖ എന്നതിനുപരി ആധാർ അത്രയധികം പ്രാധാന്യമർഹിക്കുന്നു. എന്നാൽ നമ്മൾ ഒരു സമ്മതിദായകൻ എന്ന നിലയിൽ വോട്ടർ ഐഡിയും നിർണായകമാണ്. എന്നാൽ ഈ രണ്ട് തിരിച്ചറിയൽ രേഖകളും ലിങ്ക് ചെയ്യണമെന്ന് അടുത്തിടെ നിർദേശമുണ്ടായിരുന്നു. ആധാർ കാർഡും നിങ്ങളുടെ വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നത് നിർബന്ധമാണോ, ആണെങ്കിൽ അതിനുള്ള നടപടികൾ എങ്ങനെയാണെന്നും ചുവടെ വിശദീകരിക്കുന്നു.

വോട്ടർ ഐഡിയും ആധാറും ലിങ്ക് ചെയ്യാൻ…

ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ വോട്ടർ ഐഡിയും ആധാറും തമ്മിൽ ബന്ധിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. വോട്ടർമാരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുക, അവരുടെ ഇലക്ടറൽ എൻട്രികൾ സാധൂകരിക്കുക, ഒരേ വ്യക്തി ഒന്നിലധികം നിയോജക മണ്ഡലങ്ങളിൽ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക എന്നിവയാണ് ഇതിലൂടെ ഇലക്ഷൻ കമ്മിഷനും കേന്ദ്ര സർക്കാരും ലക്ഷ്യമിടുന്നത്.
എന്നിരുന്നാലും, ആധാറും വോട്ടർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് എതിരെ ചില വിയോജിപ്പുകൾ ഉയർന്നുവന്നിരുന്നു. അതായത്, പാർലമെന്റിൽ ഈ  ബില്ലിനെതിരെ ശക്തമായ എതിർപ്പ് ഉയർന്നു. ഇത് 'സമ്മതിദായകരുടെ സ്വകാര്യത' ലംഘിക്കുന്നുവെന്നാണ് എതിരഭിപ്രായം വന്നത്.
ഇതേ തുടർന്ന്, ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കേണ്ടത് നിർബന്ധമല്ല എന്ന് അധികൃതർ വ്യക്തമാക്കി. ആധാർ നമ്പർ നിങ്ങളുടെ വോട്ടർ ഐഡിയുമായി ലിങ്ക് ചെയ്‌തില്ലെങ്കിലും, നിങ്ങളുടെ പേര് ഇലക്ടറൽ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യപ്പെടില്ല.

എങ്കിലും, ഈ രണ്ട് തിരിച്ചറിയൽ രേഖകളും തമ്മിൽ ബന്ധിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനുള്ള പ്രക്രിയകൾ എന്തെല്ലാമെന്ന് നോക്കാം. 

വോട്ടർ ഐഡിയും ആധാർ കാർഡും എങ്ങനെ ലിങ്ക് ചെയ്യാം…

  • ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
  • ആപ്പ് തുറന്നതിന് ശേഷം terms and conditions ടിക്ക് ചെയ്ത് Next ക്ലിക്ക് ചെയ്യുക.
  • വോട്ടർ രജിസ്ട്രേഷനിൽ ക്ലിക്ക് ചെയ്യുക.
  • ഇലക്ടറൽ ഓതന്റിക്കേഷൻ ഫോം (ഫോം 6B) തെരഞ്ഞെടുക്കുക.
  • ഇതേ തുടർന്ന് ‘Let’s Start’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • ആധാർ കാർഡുമായി ലിങ്ക് ചെയ്‌ത മൊബൈൽ നമ്പർ ഉപയോഗിച്ച് ആപ്പിൽ രജിസ്റ്റർ ചെയ്ത ശേഷം നിങ്ങളുടെ ഫോണിൽ ലഭിച്ച OTP ഉപയോഗിച്ച് പരിശോധിച്ചുറപ്പിക്കുക.
  • ‘Yes, I have Voter ID number’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. തുടർന്ന് 'Next' അമർത്തുക.
  • നിങ്ങളുടെ 10 അക്ക വോട്ടർ ഐഡി നമ്പർ നൽകുക. ഡ്രോപ്പ്-ഡൗൺ ലിസ്റ്റിൽ നിന്ന് നിങ്ങളുടെ സംസ്ഥാനം തെരഞ്ഞെടുക്കുക. ഇതിന് ശേഷം Fetch details എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന്'പ്രോസീഡ്' അമർത്തുക.
  • ആധാർ നമ്പർ, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, നിങ്ങളുടെ സ്ഥലം എന്നിവ നൽകുക. ശേഷം Done ഓപ്ഷൻ അമർത്തുക.
  • ഫോം 6B പ്രിവ്യൂ പേജിലെ എല്ലാ എൻട്രികളും ശരിയാണോ എന്ന് പരിശോധിക്കുക. ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം, Confirm for the final submission of your Form 6B എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഇതിന് ശേഷം ഒരു റഫറൻസ് ഐഡി സഹിതം നിങ്ങളുടെ അപേക്ഷ വിജയകരമായി സമർപ്പിച്ചു എന്ന സന്ദേശം ലഭിക്കുന്നതാണ്.
Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :