CEO ആയി മസ്കിന് ആളെ കിട്ടി!
ട്വിറ്ററിന്റെ പുതിയ സിഇഒ സ്ഥാനത്തേക്ക് യാക്കറിനോ എത്തുമെന്ന് റിപ്പോർട്ട്
നിലവിൽ ലിൻഡ യാക്കറിനോ എൻബിസി യൂണിവേഴ്സലിന്റെ ചെയർപേഴ്സണാണ്
മാധ്യമ രംഗത്ത് അറിയപ്പെടുന്ന വ്യക്തിത്വങ്ങളിൽ ഒരാളാണ് ലിൻഡ യാക്കറിനോ
ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കിയതിന് ശേഷം ഉയർരുന്ന ചോദ്യമാണ് എന്താണ് ട്വിറ്ററിന്റെ ഭാവി. സ്ഥാപനം സ്വന്തമാക്കിയതിന് പിന്നാലെ ട്വിറ്റർ സിഇഒയെയും മറ്റ് ഉന്നതരെയും മസ്ക് പുറത്താക്കുകയും ചെയ്തിരുന്നു. സിഇഒ സ്ഥാനത്തേക്ക് യോഗ്യതയുള്ള ആരെയും കണ്ടെത്താത്തത് കൊണ്ടാണ്
മസ്ക് ചുമതലയേറ്റെടുത്തത്. സ്ഥാപനം നയിക്കാൻ ശേഷിയുള്ള ഒരാളെ കണ്ടെത്തിയാൽ ചുമതലകൾ കൈമാറുമെന്നും അന്ന് തന്നെ ഇലോൺ മസ്ക് വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ മാസങ്ങൾക്ക് ശേഷം താൻ അങ്ങനെയൊരാളെ കണ്ടെത്തിയെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇലോൺ മസ്ക്. ട്വിറ്ററിലൂടെ തന്നെയാണ് സ്ഥാപനത്തെ നയിക്കാൻ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ ( സിഇഒ ) കണ്ടെത്തിയതായി ഇലോൺ മസ്‌ക് (Elon Musk) അറിയിച്ചിരിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ മസ്കിന്റെ ട്വീറ്റ് വൈറലാവുകയും ചെയ്തിരുന്നു.
മസ്ക് പുതിയ Twitter CEOയെ നിയമിച്ചതായി പ്രഖ്യാപിച്ചു
മെയ് 11 വ്യാഴാഴ്ചയാണ് മസ്ക് പുതിയ Twitter CEO -യെ നിയമിച്ചതായി പ്രഖ്യാപിച്ചത്. പുതിയ സിഇഒ ആറ് ആഴ്ചയ്ക്കുള്ളിൽ ചുമതലയേറ്റെടുക്കുമെന്നും അതൊരു സ്ത്രീ ആയിരിക്കുമെന്നും മസ്ക് സൂചന നൽകിയിരുന്നു. പിന്നാലെ നവമാധ്യമങ്ങളിൽ എല്ലാം ആരായിരിക്കും കമ്പനിയുടെ പുതിയ മേധാവിയെന്ന തരത്തിലുള്ള ചർച്ചകളും സജീവമായിട്ടുണ്ട്. എൻബിസി യൂണിവേഴ്സലിന്റെ പരസ്യ വിഭാഗം മേധാവി ലിൻഡ യാക്കറിനോ (Linda Yaccarino) ട്വിറ്ററിന്റെ പുതിയ സിഇഒ ആകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ട്വിറ്ററിന്റെ പുതിയ സിഇഒ സ്ഥാനത്തേക്ക് യാക്കറിനോ എത്തുമെന്ന് റിപ്പോർട്ട്
മാധ്യമ രംഗത്ത് അറിയപ്പെടുന്ന വ്യക്തിത്വങ്ങളിൽ ഒരാളാണ് ലിൻഡ യാക്കറിനോ (Linda Yaccarino). 20 വർഷത്തിലേറെയായി എൻബിസിയൂണിവേഴ്സലിന് ഒപ്പമുണ്ട്. മറ്റ് വിവിധ സ്ഥാപനങ്ങളിലും നേതൃപരമായ സ്ഥാനങ്ങൾ യാക്കറിനോ വഹിച്ചിട്ടുണ്ട്. ട്വിറ്ററിന്റെ പുതിയ സിഇഒ സ്ഥാനത്തേക്ക് യാക്കറിനോ (Linda Yaccarino) എത്തുമെന്ന് റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങളിൽ വാൾസ്ട്രീറ്റ് ജേർണൽ പോലുമുണ്ടെന്ന് ഓർക്കണം. ഇലോൺ മസ്കിന് ശേഷം ഒരു വനിത Twitter തലപ്പത്തേക്കെത്തുന്നുവെന്നൊരു പ്രത്യേകതയും ഇവിടെയുണ്ട്.
എൻബിസി യൂണിവേഴ്സലിലാണ് നിലവിൽ ലിൻഡ യാക്കറിനോ
യാക്കറിനോ 2011 മുതൽ എൻബിസി യൂണിവേഴ്സലിലുണ്ട്. കമ്പനിയുടെ ഗ്ലോബൽ അഡ്വർട്ടൈസിങ് & പാർട്ണർഷിപ്പ്സ് വിഭാഗത്തിന്റെ ചെയർപേഴ്സണാണ് നിലവിൽ ലിൻഡ യാക്കറിനോ (Linda Yaccarino). നേരത്തെ കമ്പനിയുടെ കേബിൾ എന്റർടൈൻമെന്റ്, ഡിജിറ്റൽ അഡ്വർടൈസിങ് സെയിൽസ് ഡിവിഷനിലും ലിൻഡ യാക്കറിനോ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ടർണറിൽ 19 വർഷത്തെ പരിചയ സമ്പത്തും യാക്കറിനോയ്ക്കുണ്ട്. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിട്ടാണ് യാക്കറിനോ ടർണറിൽ നിന്നും വിരമിക്കുന്നത്. പെൻ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പൂർവ വിദ്യാർഥി കൂടിയാണ് ലിൻഡ യാക്കറിനോ
(Linda Yaccarino). ട്വിറ്റർ എറ്റെടുത്തതിന് ശേഷം തനിക്ക് ഒരുപാട് ജോലി ചെയ്യേണ്ടി വരുന്നുണ്ടെന്നും ടെസ്‌ല സിഇഒ അവകാശപ്പെട്ടിരുന്നു. ഡിസംബറിൽ സിഇഒ സ്ഥാനം ഒഴിയണമോ എന്നതിനെക്കുറിച്ച് ട്വിറ്റർ ഉപയോക്താക്കളുടെ അഭിപ്രായ വോട്ടെടുപ്പ് പോലും അദ്ദേഹം സംഘടിപ്പിച്ചിരുന്നു. വോട്ടെടുപ്പിൽ ഭൂരിഭാഗം പേരും മസ്ക് സ്ഥാനമൊഴിയുന്നതാണ് നല്ലതെന്നാണ് അഭിപ്രായപ്പെട്ടത്. 2023 അവസാനത്തോടെയെങ്കിലും പുതിയ സിഇഒയെ നിയമിക്കാൻ കഴിയുമെന്നാണ് അന്ന് മസ്ക് പ്രത്യാശ പ്രകടിപ്പിച്ചത്.