എക്സ് സീരിസിൽ പുതിയ സ്മാർട്ട് ഫോണുമായി എൽജി എത്തി. എൽജി എക്സ് വെഞ്ച്വർ ( LG X Venture ) എന്ന പുതിയ മോഡലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഷോക്ക്-റെസിസ്റ്റന്റ്, ഡസ്ട്-വാട്ടർ റെസിസ്റ്റന്റ് ഡിസൈനിലെത്തുന്ന ഫോൺ താരതമ്യേന കുറഞ്ഞ വിലയ്ക്കായിരിക്കും വിപണിയിലെത്തുക. ഏതു കാലാവസ്ഥയിലും എങ്ങനെയും ഉപയോഗിക്കാവുന്ന ഒരു ഫോൺ എന്നത് സൂക്ഷ്മതക്കുറവ് കൊണ്ട് ഇടയ്ക്കിടെ സ്മാർട്ട്ഫോൺ മാറേണ്ടി വരുന്നവർക്ക് ഒരു ആശ്വാസമാകും.
അലൂമിനിയം കൊണ്ടാണ് മുന്നിലെ ഫോൺ ബോഡി നിർമ്മിച്ചിരിക്കുന്നത്, പുറകിലായി കട്ടിയേറിയ ഒരു പ്ലാസ്റ്റിക് മെറ്റീരിയൽ ആണ് ഉപയോഗിച്ചിരിക്കുന്നത്. എൽജി എക്സ് വെഞ്ച്വർ ഒരു മിലിറ്ററി ഗ്രേഡ് ഉപകരണമായാണ് അവതരിപ്പിക്കപ്പെടുന്നത്.ഇത് 14 മിൽ -എസ്ടിഡി 810 ജി (14 MIL-STD 810G) ടെസ്റ്റുകൾ പാസ്സായിട്ടുണ്ട്. ശക്തമായ രൂപകൽപ്പനയോടെയെത്തുന്ന ഈ ഫോൺ തീവ്രമായ താപനില, വൈബ്രെഷൻ എന്നിവയെ പ്രതിരോധിക്കാൻ സജ്ജമാണ്.
1.5 മീറ്റർ ആഴം വരെ 30 മിനിറ്റ് സമയത്തേക്ക് വാട്ടർ റെസിസ്റ്റന്റ് സവിശേഷതയുള്ള ഈ ഫോൺ ഏതാനും മീറ്റർ ഉയരത്തിൽ നിന്നും താഴെ വീണാലും സുരക്ഷിതമായിരിക്കും. IP68 സർട്ടിഫിക്കേഷനിൽ എത്തുന്ന ഫോണിന് 5.2 ഇഞ്ച് ഫുൾ HD ഡിസ്പ്ലെയാണ് പ്രതീക്ഷിക്കുന്നത്. ക്വാൾകോം സ്നാപ്ഡ്രാഗൺ 435 സിപിയു, 2 ജിബി റാം, 32 ജിബി ഇന്റേണൽ മെമ്മറി, മൈക്രോ എസ്ഡി വഴി 2 ടിബി വരെ ഉയർത്താവുന്ന ആന്തരിക മെമ്മറി എന്നിവയാണ് ഫോണിന്റെ സവിശേഷതകൾ.. 16 എംപി റിയർ ക്യാമറയും 120 ഡിഗ്രി വൈഡ് ആങ്കിൾ ലെൻസോടുകൂടിയ ഒരു 5 എംപി ഫ്രണ്ട് ക്യാമറയുമാണ് ഫോണിലുള്ളത്. ആഗോള വിപണിയിൽ ഏകദേശം $330 അഥവാ ഏകദേശം 21,000 രൂപയാണ് പ്രതീക്ഷിക്കുന്ന വില.