ChatGPTയോടൊരു പ്രണയലേഖനം; എങ്ങനെയുണ്ടാകുമെന്നല്ലേ?

Updated on 13-Feb-2023
HIGHLIGHTS

ChatGPTയോടൊരു പ്രണയലേഖനം എഴുതാൻ പറഞ്ഞാലോ!

അതെ, 30 ശതമാനം പുരുഷന്മാരും ഇതുതന്നെയാണ് ആലോചിക്കുന്നത്.

ഈ വാലന്റൈൻസ് ഡേയിലെ ലവ് ഗുരു ChatGPT തന്നെ.

വിലപിടിപ്പുള്ള സമ്മാനങ്ങളേക്കാളും സർപ്രൈസുകളേക്കാളുമെല്ലാം വളരെ ആത്മാർഥമായ ചില വാക്കുകൾ മതിയായിരിക്കും നിങ്ങളുടെ Valentineനെ സന്തോഷിപ്പിക്കാൻ. നിങ്ങളുടെ പ്രണയം മുഴുവൻ കാവ്യാത്മാകമായോ വൈകാരികമായോ ഒരു ഗ്രീറ്റിങ്സ് കാർഡിൽ എഴുതി നൽകുമ്പോൾ നിങ്ങളുടെ പ്രിയപ്പെട്ടവർ പ്രതികരിക്കുന്നത് ചിലപ്പോൾ നിങ്ങൾ ചിന്തിക്കുന്നതിനുമപ്പുറമായിരിക്കും.

എന്നാൽ, എല്ലാവരും അത്ര സാഹിത്യകാരാകണമെന്നില്ല. അനുയോജ്യമായ പദങ്ങളും വാക്കുകളും കിട്ടാതെ ഗ്രീറ്റിങ്സ് കാർഡ് എഴുതാമെന്ന ആശയം പോലും നിങ്ങൾ ഉപേക്ഷിക്കേണ്ടി വന്നേക്കാം. Googleൽ പരതി Cliche Quotesകൾ പകർത്തുന്നതിനേക്കാൾ ഏറ്റവും മികച്ച ഒരു പോംവഴി നിങ്ങൾക്ക് പറഞ്ഞുതരാം. ഒരുപാട് ചിന്തിക്കാതെ, നിങ്ങൾ വിചാരിക്കുന്ന പോലെ അത്യാകർഷകമായ രീതിയിൽ ChatGPT നിങ്ങൾക്ക് Love Letter എഴുതിത്തരും.

പ്രണയലേഖനം എഴുതാൻ ചാറ്റ്ജിപിറ്റി

ഇന്ന് ട്രെൻഡിങ്ങിലായിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടാണ് ChatGPT. ഈ പ്രണയദിനം (Valentine's Day) മനോഹരമാക്കുന്നതിനും അതിവിശേഷമാക്കുന്നതിനും ചാറ്റ്ജിപിറ്റി നിങ്ങൾക്കൊരു മുതൽക്കൂട്ടാണ്. ഇത് വെറുതെ പറയുന്നതല്ല, റിപ്പോർട്ടുകളിലെ കണക്കുകൾ അടിവരയിടുന്നതും അതുതന്നെ.

അതായത് ഒരു സർവേ റിപ്പോർട്ട് പറയുന്നത്, 30 ശതമാനം പുരുഷന്മാരും (26 ശതമാനം മുതിർന്നവർ) ഈ Valentine's Dayയിൽ പ്രണയലേഖനം എഴുതാൻ ChatGPT ഉപയോഗിക്കാൻ താൽപ്പര്യപ്പെടുന്നുവെന്നതാണ്. ഒമ്പത് രാജ്യങ്ങളിലായി 5,000 പേരിൽ പരീക്ഷിച്ച മോഡേൺ ലവ് എന്ന ഗവേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വിശദമാക്കുന്നത്.

സർവ്വേ ഫലം അനുസരിച്ച്, 40 ശതമാനം പേർക്കും പ്രണയലേഖനം മനുഷ്യൻ എഴുതിയതാണോ അതോ ചാറ്റ്ബോട്ട് സൃഷ്ടിച്ചതാണോ എന്ന വ്യത്യാസം കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിൽ തന്നെ 10 ശതമാനം പേരും AI ഉപയോഗിച്ച് പ്രണയാതുരമായി Love Letter എഴുതാൻ ആഗ്രഹിക്കുന്നവരാണ്.

വേഗത്തിലും വലിയ പ്രയാസങ്ങളൊന്നുമില്ലാതെയും പ്രണയിനിക്ക് പ്രണയലേഖനം നൽകാമെന്നത് അത്ര ചെറിയ കാര്യമല്ല. മാത്രവുമല്ല, ശശി തരൂരിന്റെ ഭാഷാശൈലിയിൽ Leave Letter എഴുതി നൽകിയ ChatGPTക്ക് ഇതെല്ലാം നിസ്സാരമാണെന്നതും നിങ്ങളോർക്കണം. അതുകൊണ്ട് തന്നെ ഇപ്രാവശ്യത്തെ Love Guru ചാറ്റ്ജിപിറ്റി തന്നെ. എന്നിരുന്നാലും, വാലന്റൈൻസ് ഡേ കാർഡ് എഴുതാൻ ഈ AI ചാറ്റ്ബോട്ടിനെ ഉപയോഗിക്കുന്നതിൽ സ്ത്രീകൾ അത്ര താൽപര്യമുള്ളവരല്ല. കാരണം, വെറും അഞ്ചിലൊന്ന് സ്ത്രീകൾ മാത്രമാണ് ChatGPTയുടെ ലവ് ലെറ്ററിനോട് പ്രിയമുള്ളത്.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :